ഐഡിബിഐ ബാങ്ക് കനേഡിയന്‍ കമ്പനി ഫെയര്‍ഫാക്‌സ് സ്വന്തമാക്കിയേക്കും, ഇടപാട് 54,000 കോടി രൂപയുടേത്

Published : Jul 15, 2026, 09:19 PM IST
idbi bank -fairfax leads race to acquire idbi bank in rs 54000 crore deal

Synopsis

ഏറെ നാളായി വൈകിയിരുന്ന ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവല്‍ക്കരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ നിക്ഷേപകരായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ബാങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം: ഏറെ നാളായി വൈകിയിരുന്ന ഐഡിബിഐ ബാങ്കിന്‍റെ സ്വകാര്യവല്‍ക്കരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യന്‍ വംശജനായ ശതകോടീശ്വരന്‍ പ്രേം വത്സയുടെ നേതൃത്വത്തിലുള്ള കനേഡിയന്‍ നിക്ഷേപകരായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് ബാങ്കിന്‍റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏകദേശം 52,800 കോടി മുതല്‍ 54,720 കോടി രൂപയുടെ വരെയായിരിക്കും ഇതിനായി കമ്പനി നിക്ഷേപിക്കുക. ഇന്ത്യയിലെ ഒരു ബാങ്കില്‍ നടക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായും, സമീപകാലത്തെ സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ പദ്ധതിയായും ഇത് മാറും. നിലവില്‍ ഇടപാടുകള്‍ വിലയിരുത്തി വരുന്നതേയുള്ളൂ, അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

എന്താണ് ഈ ഇടപാട്?

ഐഡിബിഐ ബാങ്കിലെ 60.7% ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ലക്ഷ്യമിടുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന് 45.5 ശതമാനവും എല്‍ഐസിക്ക് 49.2 ശതമാനവും ഓഹരികളാണ് ബാങ്കിലുള്ളത്. അതായത്, ബാങ്കിന്‍റെ 95 ശതമാനത്തോളം നിയന്ത്രിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്. ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എന്‍ബിഡി എന്നീ രണ്ട് കമ്പനികളാണ് മത്സരരംഗത്തുള്ളത്. കൂടുതല്‍ തുക മുന്നോട്ടുവെച്ചതോടെ ഫെയര്‍ഫാക്‌സ് ഒന്നാമതെത്തി. സര്‍ക്കാരിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ തുടര്‍ നടപടികള്‍ ആരംഭിക്കും. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് കേവലമൊരു ബാങ്ക് വില്‍പന മാത്രമല്ല. ഏറെ നാളായി രാജ്യം ഉറ്റുനോക്കുന്ന ഒരു പദ്ധതിയാണിത്. പല കാരണങ്ങള്‍ കൊണ്ടും, മൂല്യനിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ കൊണ്ടും വര്‍ഷങ്ങളായി ഈ വില്‍പന നീണ്ടുപോകുകയായിരുന്നു.

ഫെയര്‍ഫാക്‌സിന്‍റെ താല്‍പര്യം എന്ത്?

ഇന്ത്യന്‍ വിപണി ഫെയര്‍ഫാക്‌സിന് ഒട്ടും അപരിചിതമല്ല. 'കനേഡിയന്‍ വാറന്‍ ബഫറ്റ്' എന്ന് വിളിക്കപ്പെടുന്ന പ്രേം വത്സ, ഇതിനോടകം തന്നെ ഇന്ത്യയിലെ സാമ്പത്തിക, അടിസ്ഥാന സൗകര്യ, ആരോഗ്യ, സാങ്കേതിക മേഖലകളില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. തൃശൂര്‍ ആസ്ഥാനമായ സിഎസ്ബി ബാങ്കിലെ നിക്ഷേപത്തിലൂടെ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലും ഇവര്‍ക്ക് പരിചയസമ്പത്തുണ്ട്. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍, രാജ്യവ്യാപകമായി ശൃംഖലയുള്ള ഐഡിബിഐ പോലൊരു ബാങ്ക് വലിയൊരു മുതല്‍ക്കൂട്ടാകുമെന്നാണ് ഫെയര്‍ഫാക്‌സ് കണക്കുകൂട്ടുന്നത്.

ഐഡിബിഐയുടെ അവിശ്വസനീയമായ തിരിച്ചുവരവ്

ഈ ഇടപാടിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഐഡിബിഐ ബാങ്ക് നടത്തിയ ഗംഭീരമായ തിരിച്ചുവരവാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ കിട്ടാക്കടം കൂടിയും ലാഭം കുറഞ്ഞും പ്രതിസന്ധിയിലായ ഒരു ബാങ്കായിരുന്നു ഇത്. സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് 2018-ല്‍ റിസര്‍വ് ബാങ്ക് ഐഡിബിഐയെ 'പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍' പട്ടികയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് വലിയൊരു കുതിപ്പാണ് ബാങ്ക് നടത്തിയത്. കുടിശ്ശികകള്‍ തിരിച്ചുപിടിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും കിട്ടാക്കടങ്ങള്‍ വലിയ തോതില്‍ കുറച്ചു. ഇതോടെ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാനും ബാങ്കിന് കഴിഞ്ഞു. തകര്‍ച്ചയിലായിരുന്ന ഒരു പൊതുമേഖലാ ബാങ്കില്‍ നിന്നും, കോടിക്കണക്കിന് രൂപ മുടക്കി വിദേശ നിക്ഷേപകര്‍ വാങ്ങാന്‍ മത്സരിക്കുന്ന നിലയിലേക്ക് ഐഡിബിഐ മാറി.

ഫെയര്‍ഫാക്‌സ് വന്നാല്‍ എന്ത് സംഭവിക്കും?

ഫെയര്‍ഫാക്‌സ് ഐഡിബിഐ ബാങ്ക് സ്വന്തമാക്കിയാല്‍ ബാങ്കിന്റെ നിയന്ത്രണം പൂര്‍ണമായും സ്വകാര്യ വ്യക്തികളുടെ കൈകളിലാകും. പുതിയ മൂലധനം, രാജ്യാന്തര തലത്തിലുള്ള പ്രവര്‍ത്തന പരിചയം, മികച്ച സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബാങ്കിങ് എന്നിവയിലെല്ലാം വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. സ്വകാര്യ ബാങ്കുകള്‍ ആധിപത്യം സ്ഥാപിക്കുന്ന നിലവിലെ വിപണിയില്‍ ഐഡിബിഐയെ മുന്‍പന്തിയിലെത്തിക്കാന്‍ ഇത് സഹായിക്കും.നിലവിലെ ഉപഭോക്താക്കളെ ഈ മാറ്റം പെട്ടെന്ന് ബാധിക്കില്ല. ആര് ബാങ്ക് ഏറ്റെടുത്താലും ബ്രാഞ്ചുകള്‍, നിക്ഷേപങ്ങള്‍, വായ്പകള്‍, ദൈനംദിന ഇടപാടുകള്‍ എന്നിവയെല്ലാം സാധാരണപോലെ തന്നെ തുടരും.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ ചരിത്രപരമായ ദൗത്യത്തിന് തുടക്കം; ഇന്ത്യ-യുകെ വ്യാപാരകരാറിൻ്റെ ഭാഗമായ ആദ്യ കയറ്റുമതി നടക്കും
എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ