Latest Videos

81 ലക്ഷം ആധാര്‍ കാര്‍ഡുകളും 11 ലക്ഷം പാന്‍ കാര്‍ഡുകളും റദ്ദാക്കി; നിങ്ങളുടെ കാര്‍ഡ് റദ്ദായാല്‍ എന്ത് ചെയ്യണം

By Web DeskFirst Published Aug 16, 2017, 10:01 PM IST
Highlights

മുംബൈ: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആധാര്‍, പാന്‍ കാര്‍ഡുകള്‍ പരിശോധിച്ച് റദ്ദാക്കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുകയാണ്. ഇതിനോടകം 81 ലക്ഷം ആധാര്‍ കാര്‍ഡുകളും 11 ലക്ഷം പാന്‍ കാര്‍ഡുകളും റദ്ദാക്കിയിട്ടുണ്ട്. ഒന്നിലധികം കാര്‍ഡുകളോ തെറ്റായ വിവരങ്ങള്‍ നല്‍കി സംഘടിപ്പിച്ച കാര്‍ഡുകളോ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികള്‍.

ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് പാന്‍ കാര്‍ഡുകളുടെ സാധുത പരിശോധിക്കാവുന്നതാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍  കാര്‍ഡുകള്‍ ഇതിന്റെ സമയപരിധി കഴിയുന്നതോടെ റദ്ദാക്കുമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റിയുടെ വെബ്സൈറ്റിലെ ആധാര്‍ സര്‍വ്വീസസ് എന്ന ലിങ്കില്‍ നിന്ന് ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കാം.

ആധാര്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇവ ശരിയാക്കാനാവും. റദ്ദാക്കപ്പെട്ട ആധാര്‍ കാര്‍ഡും വിലാസം തെളിയിക്കുന്ന രേഖയുമായി വേണം ആധാര്‍ എന്‍റോള്‍മെന്റ് കേന്ദ്രത്തിലേക്ക് പോകാന്‍.  ഇവിടെ ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഫോറം ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം വിരലടയാളവും കണ്ണുകളുടെ ചിത്രവും അടങ്ങുന്ന ബയോ മെട്രിക് വിവരങ്ങള്‍ വീണ്ടും ശേഖരിക്കും. നേരത്തെ ശേഖരിച്ച ബയോമെട്രിക് വിവരങ്ങളുമായി ഇതിന് വ്യത്യാസമുണ്ടെങ്കില്‍ ആധാര്‍ അപ്ഡേഷന്‍ സാധ്യമാവില്ല. 25 രൂപയാണ് ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള ഫീസ്.

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ ഒരു വ്യക്തി ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്ന ഘട്ടത്തിലാണ് ഇതുവരെ പാന്‍കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുള്ളത്. വെബ്സൈറ്റില്‍ പരിശോധിക്കുമ്പോള്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് തെറ്റായി റദ്ദാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് ആദായ നികുതി വകുപ്പിന് നേരിട്ട് അപേക്ഷ നല്‍കേണ്ടി വരും. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ഒരെണ്ണം ഒഴിച്ച് മറ്റുളളവ തിരികെ നല്‍കേണ്ടതാണ്.
 

click me!