ഇന്ത്യ ഇനി ഏഴാമത്തെ വലിയ ഓഹരി വിപണി; പിന്നിലാക്കിയത് ജര്‍മനിയെ

By Web TeamFirst Published Dec 23, 2018, 8:37 PM IST
Highlights

 യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ ജര്‍മന്‍ ഓഹരി വിപണിയെ മറികടന്നാണ് ഇന്ത്യന്‍ ഓഹരി വിപണി ഈ അതുല്യ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യ പസഫിക് സൂചികയായ എംഎസ്സിഐയുടെ എമേര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്സ് ഈ വര്‍ഷം 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, ഇന്ത്യയുടെ എസ്‍ ആര്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് അഞ്ച് ശതമാനം ഉയരുകയാണ് ചെയ്തത്.

ദില്ലി: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തിന്‍റെ നെറുകയിലാണിപ്പോള്‍. ആഗോള ഓഹരി വിപണികളില്‍ ഏഴാം സ്ഥാനം എന്ന വലിയ നേട്ടമാണ് ഇന്ത്യന്‍ ഓഹരി വിപണി കരസ്ഥമാക്കിയിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ ജര്‍മന്‍ ഓഹരി വിപണിയെ മറികടന്നാണ് ഇന്ത്യന്‍ ഓഹരി വിപണി ഈ അതുല്യ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

ഏഷ്യ പസഫിക് സൂചികയായ എംഎസ്സിഐയുടെ എമേര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്സ് ഈ വര്‍ഷം 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, ഇന്ത്യയുടെ എസ്‍ ആര്‍ഡ് പി ബിഎസ്ഇ സെന്‍സെക്സ് അഞ്ച് ശതമാനം ഉയരുകയാണ് ചെയ്തത്. ആഭ്യന്തര ആവശ്യകതയിന്‍മേലുളള ഇന്ത്യന്‍ കമ്പനികളുടെ ആശ്രയത്വം വഴി പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായത്. 

2017 അവസാനം ഇന്ത്യന്‍ ഓഹരി വിപണിയുടെ റാങ്കിങ് ഒന്‍പതാം സ്ഥാനമായിരുന്നു. അന്ന് ഇന്ത്യന്‍ ഓഹരി വിപണിയുടെ മാര്‍ക്കറ്റ് ക്യാപ്പ് 2.4 ലക്ഷം കോടി ഡോളറായിരുന്നു. എന്നാല്‍, ഇപ്പോഴിത് 2.1 ലക്ഷം കോടി ഡോളറാണ്. ആദ്യ പത്തിലുളള രാജ്യങ്ങളുടെ ഓഹരി വിപണികളില്‍ എല്ലാം വിപണി മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് ഫ്രാന്‍സും ബ്രിട്ടനും മാത്രമാണ് ഇന്ത്യയ്ക്ക് മുകളില്‍ റാങ്കുളള രാജ്യങ്ങള്‍. യുഎസ്, ചൈന, ജപ്പാന്‍ എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍. 

എണ്ണവിലയില്‍ അസ്ഥിരത തുടരുന്നതും, യുഎസ് ഫെഡറല്‍ റിസര്‍വ് സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതും, അമേരിക്ക-ചൈന വ്യാപാര യുദ്ധവും ആഗോള വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ഓഹരി വിപണിയുടെ മുന്നേറ്റം.
 

click me!