ക്ഷീണം മാറും; 2018-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7 ശതമാനമാക്കുമെന്ന് പ്രവചനം

By web deskFirst Published Dec 24, 2017, 9:25 PM IST
Highlights

ദില്ലി; 2018-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനമായി ഉയരുമെന്ന് പ്രവചനം. രാജ്യത്തെ വ്യവസായികളുടെ കൂട്ടായ്മയായ അസോംചം പുറത്തുവിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 

ജി.എസ്.ടിയും നോട്ട് നിരോധനവും മൂലം രാജ്യത്തെ വ്യവസായരംഗത്തുണ്ടായ മാന്ദ്യം അടുത്ത വര്‍ഷത്തോടെ മാറുമെന്നും നേരത്തെയുണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ച ഇന്ത്യ വീണ്ടെടുക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്  മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ സാമ്പത്തിക നയങ്ങള്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-18 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6.3 ശതമാനം വളര്‍ച്ചയാണ് രാജ്യം നേടിയത്. ജിഎസ്ടിയും നോട്ട് നിരോധനവും ഏല്‍പിച്ച ആഘാതത്തില്‍ നിന്നും സാമ്പത്തിക രംഗം പതുക്കെ മുന്‍പോട്ട് വരുന്നുണ്ട്. ഇതോടൊപ്പം വ്യാവസായിക വളര്‍ച്ചയ്ക്ക് അനുകൂലമായ രീതിയിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുക കൂടി ചെയ്യുകയും മണ്‍സൂണ്‍ അനുകൂലമായി വരികയും ചെയ്താല്‍ അടുത്ത വര്‍ഷം സെപ്തംബറോടെ ഏഴ് ശതമാനത്തിനും മുകളിലുള്ള വളര്‍ച്ച പ്രതീക്ഷിക്കാം - റിപ്പോര്‍ട്ട് പറയുന്നു. 2018-ലെ യൂണിയന്‍ ബജറ്റ് കാര്‍ഷികമേഖലയ്ക്ക് പിന്തുണ നല്‍കുന്നതും തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന രീതിയിലുമായിരിക്കും എന്നാണ് അസോംചം പ്രവചിക്കുന്നത്.
 

click me!