
തിരുവനന്തപുരം: കേരളത്തിന്‍റെ സ്വന്തം പച്ചക്കറിത്തോട്ടമാണ് മറയൂര്‍. പ്രളയം മറയൂരിലെ പച്ചക്കറി കര്‍ഷകരെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍, പെയ്തിറങ്ങിയ പ്രകൃതിക്ഷോഭത്തിന്റെ കെടുതിയനുഭവിക്കുന്ന മറയൂരിലെ പച്ചക്കറി കർഷകർ ഉൽപന്നങ്ങളുടെ വിലയിടിവ് കൂടി വന്നതോടെ ശരിക്കും വിഷമവൃത്തത്തിലായി.
പ്രതികൂല സാഹചര്യം മുതലാക്കി തമിഴ്നാട് വ്യാപാരികൾ ചൂഷണം ചെയ്യുന്നതായാണ് കർഷകർ പരാതിപ്പെടുന്നത്. ഓണ വിപണി പ്രതീക്ഷിച്ച് കാന്തല്ലൂർ വട്ടവട മേഖലയിൽ കര്‍ഷകര്‍ ഉദ്പാദിപ്പിച്ച വിളകളാണ് രൂക്ഷമായ വിലയിടിവ് നേരിടുന്നത്. ഏറ്റവും കൂടുതൽ കൃഷി ചെയ്ത വെളുത്തുള്ളിക്കാണ് വന്‍ ഇടിവ്.
മുന്‍വര്‍ഷങ്ങളില്‍ കിലോക്ക് 250 മുതല്‍ 300 രൂപ വരെ വിലകിട്ടിയിരുന്ന വെളുത്തുള്ളിക്ക് നിലവില്‍ 15 മുതല്‍ 20 രൂപ വരെയാണ് കര്‍ഷകന് കിട്ടുന്നത്. കൂടുതൽ കൃഷി നശിച്ച ബീന്‍സ്, ക്യാരറ്റ്, ക്യാബേജ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയും തമിഴ്നാട്ടിലെത്തിച്ച് വിൽക്കുമ്പോള്‍ വില ഇല്ലാത്തതാണ് അവസ്ഥ.
മറയൂര്‍ മൂന്നാര്‍ റോഡ് തകർന്ന് ഗതാഗതം മുടങ്ങിയതാണ് വിലയിടിവിനുളള പ്രധാന കാരണം. സംസ്ഥാന വിപണിയിലേക്ക് ഉല്‍പന്നങ്ങള്‍ സംഭരിക്കുന്ന വി.എഫ്.പിസി.കെയും ഹോര്‍ട്ടികോര്‍പ്പുമൊന്നും ഇവിടേക്കെത്തുന്നില്ല. ഇത് മുതലാക്കിയാണ് തമിഴ്‌നാട്ടിലേക്കെത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അവിടുത്തെ വ്യാപാരികൾ വിലയിടിക്കുന്നത്. കൃഷിയുടെ മുതൽമുടക്കും കിട്ടാത്ത സാഹചര്യത്തിൽ വിളകളെ പാടത്തു തന്നെ ഉപേക്ഷിക്കുകയാണിപ്പോൾ അഞ്ചുനാട്ടിലെ കര്‍ഷര്‍.