വിപണി വളരുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ രീതികളും മാറുകയാണ്. അവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങളും ബ്രാൻഡുകളിൽ നിന്ന് വ്യക്തമായ വ്യത്യാസങ്ങളും വേണം
ദില്ലി: അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ റീട്ടെയിൽ വിപണി ഇരട്ടിയിലധികം വളർച്ച നേടുമെന്ന് പുതിയ റിപ്പോർട്ട്. 2025-ൽ 90-95 ലക്ഷം കോടി രൂപയുടെ വിപണി, 2035 ആകുമ്പോഴേക്കും 210-215 ലക്ഷം കോടി രൂപയായി വളരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിൻ്റെ ശക്തമായ സാമ്പത്തിക വളർച്ചയും ഡിജിറ്റൽ രംഗത്തെ കുതിച്ചുചാട്ടവുമാണ് ഈ മുന്നേറ്റത്തിന് പിന്നിൽ. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മുംബൈയിൽ നടന്ന റീട്ടെയിൽ ലീഡർഷിപ്പ് സമ്മിറ്റിലാണ് 2026-ൽ 'വിന്നിംഗ് കോഡ്‌സ് ഫോർ റീട്ടെയിൽ 2035: ക്യാപ്‌ചറിംഗ് ദ 200 ട്രില്യൺ പ്രൈസ്' എന്ന പേരിലുള്ള ഈ റിപ്പോർട്ട് പുറത്തിറക്കിയത്. 2025-ൽ 8 ശതമാനം ജിഡിപി വളർച്ച കൈവരിച്ച ഇന്ത്യ, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ്. ഈ സാമ്പത്തിക ശക്തി രാജ്യത്തെ ഉപഭോഗം വലിയ തോതിൽ വർദ്ധിപ്പിക്കുന്നു. ഇതോടെ 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും റിപ്പോർട്ട് പറയുന്നു.
വിപണി വളരുന്നതിനനുസരിച്ച് ഉപഭോക്താക്കളുടെ രീതികളും മാറുകയാണ്. അവർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങളും ബ്രാൻഡുകളിൽ നിന്ന് വ്യക്തമായ വ്യത്യാസങ്ങളും വേണം. "ഇന്ത്യയുടെ റീട്ടെയിൽ മേഖലയുടെ വളർച്ച പ്രചോദനകരമായ ഒന്നാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഏകദേശം 200 ലക്ഷം കോടി രൂപയുടെ അവസരമാണ് ഈ രംഗത്ത് ഉണ്ടാകാൻ പോകുന്നത്," എന്ന് ബിസിജിയിലെ മാനേജിംഗ് ഡയറക്ടറും സീനിയർ പാർട്ണറുമായ അഭീക് സിംഗി പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വരവ് ഇന്ത്യക്കാരുടെ ഷോപ്പിംഗ് രീതികളെ അടിമുടി മാറ്റുകയാണ്. സാധാരണ ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് മാറി, എഐയുടെ സഹായത്തോടെ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുന്നു. 2016 മുതൽ ഇന്ത്യയിലെ ഇൻ്റർനെറ്റ് ഉപയോഗം മൂന്നിരട്ടിയിലധികം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. ഇത് 'ഏജൻ്റിക് കൊമേഴ്‌സ്' എന്ന പുതിയൊരു രീതിക്ക് തുടക്കമിട്ടിട്ടുണ്ട്. അതായത്, നമ്മൾ ഒരു സാധനം വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് പഠിക്കാനും തീരുമാനമെടുക്കാനും എഐ സഹായിക്കുന്ന രീതി.
മാറുന്ന വിപണിയിൽ വിജയിക്കണമെങ്കിൽ റീട്ടെയിലർമാർ പരമ്പരാഗത ബിസിനസ് രീതികൾ മാറ്റണമെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ശ്രമിക്കാതെ, പ്രത്യേക ഉപഭോക്തൃ വിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കണം. സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾക്കായി കഴിവുള്ളവരെ കണ്ടെത്തുകയും പുതിയ പ്രവർത്തന മാതൃകകൾ രൂപപ്പെടുത്തുകയും വേണം.
