ഇന്ത്യയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 1.67 ലക്ഷം കോടി രൂപ, തുടര്‍ച്ചയായ തിരിച്ചടിയിൽ രാജ്യം

Published : Apr 15, 2026, 12:35 PM IST
BSE, Sensex, Nifty

Synopsis

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് കോടിക്കണക്കിന് രൂപ പിൻവലിക്കുകയാണ്. എണ്ണവില വർധനയും ഡോളർ ശക്തിപ്പെടുന്നതും രൂപയുടെ മൂല്യത്തകർച്ചയും വിപണിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. ഇത് നിഫ്റ്റിയിൽ വലിയ ഇടിവിന് കാരണമായിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്നു. ഫെബ്രുവരി 28 ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇതുവരെ 1,800 കോടി ഡോളര്‍ (ഏകദേശം 1.67 ലക്ഷം കോടി രൂപ) ആണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിഞ്ഞത്. ഇതോടെ നിഫ്റ്റി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്ന് 9 ശതമാനത്തിലധികം താഴേക്ക് പതിച്ചു.

തുടര്‍ച്ചയായ തിരിച്ചടി

സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ എലാര സെക്യൂരിറ്റീസിന്റെ കണക്കുകള്‍ പ്രകാരം, വികസ്വര വിപണികളില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് ഇന്ത്യയ്ക്കാണ്. തുടര്‍ച്ചയായ അഞ്ചാം വാരമാണ് ഇന്ത്യയില്‍ നിന്ന് നിക്ഷേപം പുറത്തേക്ക് ഒഴുകുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതും, ഇതിന് മറുപടിയായി അമേരിക്ക രണ്ടാംഘട്ട നടപടികള്‍ പ്രഖ്യാപിച്ചതുമാണ് ആഗോള നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ സ്ഥിരമായ ഒരു കരാര്‍ ഉണ്ടാകുന്നത് വരെ വിദേശ നിക്ഷേപകര്‍ നിക്ഷേപത്തിന് മടിച്ചുനില്‍ക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എണ്ണവിലയും ഡോളറും വില്ലനാകുന്നു

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് അടുത്തേക്ക് എത്തിയത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നു. എണ്ണവില ഉയരുന്നത് രാജ്യത്തെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. ഇതിനു പുറമെ, അമേരിക്കന്‍ ട്രഷറി ബോണ്ടുകളിലെ വരുമാനം 4.5 ശതമാനത്തിലേക്ക് ഉയര്‍ന്നത് ഡോളറിന്റെ മൂല്യം വര്‍ധിപ്പിച്ചു. രൂപയുടെ മൂല്യം ഇടിയുന്നത് ഡോളറില്‍ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകര്‍ക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്നതിനാല്‍ അവര്‍ ഇന്ത്യയെ കൈവിടുകയാണ്.

മറ്റു രാജ്യങ്ങള്‍ മെച്ചപ്പെട്ട നിലയില്‍

ഇന്ത്യന്‍ വിപണി വന്‍ ഇടിവ് നേരിടുമ്പോള്‍ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിപണികള്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നുന്നു. യുദ്ധം തുടങ്ങിയ ശേഷം നിഫ്റ്റി 6 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ സിംഗപ്പൂരിലെ വിപണി വലിയ മാറ്റമില്ലാതെ തുടരുകയാണ്. ഇതേ കാലയളവില്‍ അമേരിക്കന്‍ വിപണിയായ എസ് ആന്‍ഡ് പി 500 കേവലം 1 ശതമാനം മാത്രമാണ് ഇടിഞ്ഞത്. 2021 അവസാനം മുതലുള്ള കണക്കെടുത്താല്‍, ഡോളര്‍ മൂല്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ലാഭം പൂജ്യത്തിന് അടുത്താണെന്നതും നിക്ഷേപകരെ നിരാശരാക്കുന്നു.

കമ്പനികളുടെ ലാഭം കുറയുമോ?

യുദ്ധം മൂലം ചരക്ക് നീക്കം തടസ്സപ്പെടുന്നതും അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നതും ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. കമ്പനികളുടെ വരുമാനത്തില്‍ ഇടിവുണ്ടാകുമെന്ന സൂചനകള്‍ ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.

വിപണി എപ്പോള്‍ ശാന്തമാകും?

അമേരിക്ക- ഇറാന്‍ തര്‍ക്കത്തില്‍ അയവ് വരികയും ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറയുകയും ചെയ്താല്‍ മാത്രമേ വിപണിയില്‍ സ്ഥിരത കൈവരൂ. നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടാല്‍ വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

PREV
Read more Articles on
click me!

Recommended Stories

സ്വർണ്ണവിലയിൽ ആശ്വാസം, നേരിയ കുറവ്, ഒരു പവൻ സ്വർണ്ണത്തിന് വില 1,15,160
ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജപ്പാന്‍; തിരിച്ചടിയായത് പരിശോധനാ പ്ലാന്റിലെ ശുചിത്വമില്ലായ്മയും അണുനശീകരണത്തിലെ വീഴ്ചകളും