മദ്യക്കുപ്പികളിലെ ലേബലുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതിനും കൃത്രിമ രുചികൾ ചേർത്തതിനും മദ്യ നിർമ്മാതാക്കൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് അയച്ചു. വിസ്‌കി പോലുള്ള മദ്യങ്ങളിലെ 'പഴക്കം' സംബന്ധിച്ച അവകാശവാദങ്ങളിലും കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ഭക്ഷ്യസുരക്ഷാ അതോറിറ്റി യോഗം വിളിച്ചിട്ടുണ്ട്.

കുടിക്കുന്ന വിസ്‌കി യഥാര്‍ത്ഥത്തില്‍ 'പഴകിയതാണോ'? അതോ ആ രുചിയും മണവുമൊക്കെ കൃത്രിമമായി ഉണ്ടാക്കിയതാണോ? മദ്യക്കുപ്പികളിലെ ഇത്തരം അവകാശവാദങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). കൃത്രിമ രുചികള്‍ ചേര്‍ത്തതിനും കുപ്പികളിലെ ലേബലുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിനും മദ്യ നിര്‍മ്മാതാക്കള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ് അയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ആല്‍ക്കഹോളിക് ബിവറേജസ്) ചട്ടങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം വിശദീകരണം നല്‍കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര നിര്‍മ്മാതാക്കള്‍ക്കാണ് നോട്ടീസ് അയച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

രുചിക്ക് പിന്നിലെ 'രഹസ്യം'

ബ്രാന്‍ഡി, ജിന്‍, റം, വോഡ്ക, വിസ്‌കി തുടങ്ങിയ മദ്യങ്ങളില്‍ കൃത്രിമ രുചികള്‍ ചേര്‍ക്കാന്‍ പാടില്ലെന്നാണ് ചട്ടം. ഇവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ നിന്നും നിര്‍മ്മാണ പ്രക്രിയയില്‍ നിന്നും മാത്രമേ ഇതിന് സ്വാഭാവിക രുചി ലഭിക്കാന്‍ പാടുള്ളൂ. എന്നാല്‍ ഈ ചട്ടം ലംഘിച്ച് പല മദ്യങ്ങളിലും അനുവദനീയമല്ലാത്ത കൃത്രിമ രുചികള്‍ ചേര്‍ത്തതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

'പഴക്കം' വെറും തട്ടിപ്പോ?

മദ്യക്കുപ്പികളില്‍ 'ഏജ്ഡ്' അഥവാ പഴക്കമുള്ളത് എന്ന് രേഖപ്പെടുത്തുന്നതിലും കമ്പനികള്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു. പലതരം മദ്യങ്ങള്‍ ഒന്നിച്ച് കലര്‍ത്തുമ്പോള്‍ , അതില്‍ ഉപയോഗിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കുറഞ്ഞ പഴക്കമുള്ള മദ്യത്തിന്റെ പ്രായം എത്രയാണെന്ന് ലേബലില്‍ കൃത്യമായി രേഖപ്പെടുത്തണം എന്നാണ് നിയമം. എന്നാല്‍ ഈ നിര്‍ബന്ധിത വെളിപ്പെടുത്തല്‍ നടത്താതെ, വെറുതെ 'ഏജ്ഡ്' എന്ന് മാത്രം രേഖപ്പെടുത്തി ഉപഭോക്താക്കളെ മദ്യത്തിന്റെ യഥാര്‍ത്ഥ പഴക്കത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതായും അധികൃതര്‍ കണ്ടെത്തി.

ജൂലൈ 14 ന് നിര്‍ണായക യോഗം

വിഷയത്തില്‍ ചര്‍ച്ചകള്‍ക്കായി അടുത്ത ആഴ്ച വ്യവസായ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുമായി എഫ്എസ്എസ്എഐ യോഗം വിളിച്ചിട്ടുണ്ട്. ജൂലൈ 14 നാണ് ഈ നിര്‍ണായക യോഗം നടക്കുക. അതേസമയം, തങ്ങളുടെ അംഗങ്ങളെല്ലാം എഫ്എസ്എസ്എഐയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കുന്നവരാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ് വ്യക്തമാക്കി.