ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞു; തിരിച്ചടിയായത് അമേരിക്കന്‍ തീരുവ

Published : Aug 26, 2025, 05:25 PM IST
crude oil

Synopsis

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് അമേരിക്ക അധിക തീരുവ ചുമത്തിയേക്കുമെന്ന ഭീഷണി ഇറക്കുമതിയിലെ ഈ കുറവിന് ഒരു കാരണമായി വിലയിരുത്തുന്നു.

ന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയില്‍ 8.7% കുറഞ്ഞ് 18.56 ദശലക്ഷം ടണ്ണിലെത്തി. 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

  • വാര്‍ഷിക കണക്ക്: കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 19.40 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ച് ഈ വര്‍ഷം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 4.3% കുറവുണ്ടായി.
  • ഉല്‍പ്പന്ന ഇറക്കുമതി: എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 12.8% കുറഞ്ഞ് 4.31 ദശലക്ഷം ടണ്ണായി. കയറ്റുമതിയാകട്ടെ 2.1% കുറഞ്ഞ് 5.02 ദശലക്ഷം ടണ്ണിലെത്തി.
  • ഇന്ധന ഉപഭോഗം: ഇന്ധന ഉപഭോഗത്തില്‍ 4.3% കുറവുണ്ടായി. ജൂലൈയില്‍ ഇത് 19.43 ദശലക്ഷം ടണ്ണായിരുന്നു.

റഷ്യന്‍ എണ്ണയും യുഎസ് തീരുവയും:

റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് അമേരിക്ക അധിക തീരുവ ചുമത്തിയേക്കുമെന്ന ഭീഷണി ഇറക്കുമതിയിലെ ഈ കുറവിന് ഒരു കാരണമായി വിലയിരുത്തുന്നു. നിലവില്‍ 25% തീരുവയാണ് അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നത്. ഓഗസ്റ്റ് 27 മുതല്‍ ഇത് 50% വരെയായി ഉയര്‍ത്തിയേക്കാം. ഇത് ക്രൂഡ് ഓയില്‍ ഇറക്കുമതി കുറഞ്ഞതിന് വഴി വച്ചേക്കാമെന്ന് യുബിഎസ് കമ്മോഡിറ്റി വിദഗ്ധര്‍ പറയുന്നു. അമേരിക്കയുമായുള്ള ഭാവി വ്യാപാര ബന്ധത്തെ 'വളരെ തുറന്ന മനസ്സോടെ' സമീപിക്കുമെന്ന് കേന്ദ്ര വ്യാപാര മന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റഷ്യന്‍ എണ്ണയുടെ ഇറക്കുമതി പുനരാരംഭിച്ചു:

സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും പുനരാരംഭിച്ചിട്ടുണ്ട്. റഷ്യന്‍ എണ്ണക്ക് കൂടുതല്‍ കിഴിവുകള്‍ ലഭിക്കാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. റഷ്യയുടെ പിന്തുണയുള്ള നയാര എനര്‍ജി യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നേരിടുന്നുണ്ടെങ്കിലും, എണ്ണ ഇറക്കുമതിക്കായി പ്രത്യേക കപ്പല്‍ കമ്പനിയെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ