
ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച മുതൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തും. ഇത് സംബന്ധിച്ച നോട്ടീസ് ട്രംപ് പുറത്തിറക്കിയതോടെ ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 50 167.90 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 24,799 ലും സെൻസെക്സ് 546 പോയിന്റ് അഥവാ 0.67 ശതമാനം ഇടിഞ്ഞ് 81,089 ലും എത്തി.
അമേരിക്കയുടെ നയങ്ങളെ പിന്തുടരാതെ, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ തുടർന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. നാളെയാണ് ട്രംപ് അധിക നികുതി ചുമത്തുന്ന ദിവസം. ഇതോടെ, മേഖലാ സൂചികകളിൽ നിഫ്റ്റി മെറ്റൽ സൂചിക 1.04 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാർമ സൂചിക 1.57 ശതമാനം ഇടിഞ്ഞു, നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 0.84 ശതമാനം ഇടിഞ്ഞു, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 0.96 ശതമാനം ഇടിഞ്ഞു.
നിഫ്റ്റിയിൽ ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, എച്ച്‌യുഎൽ, ഇൻഫോസിസ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റ സ്റ്റീൽ, ഡോ. റെഡ്ഡീസ് ലാബ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ഏഷ്യൻ വിപണികൾ കൂടുതലും തളർച്ചയിലായിരുന്നു. ചൈനയുടെ ഷാങ്ഹായ് സൂചിക 0.07 ശതമാനം ഉയർന്നപ്പോൾ, ജപ്പാന്റെ നിക്കി 1.06 ശതമാനം ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക 0.13 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി ഒരു ശതമാനവും ഇടിഞ്ഞു.