
മൂംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെൻസെക്സ് 727.81 പോയിന്റ് അഥവാ 0.86% ഉയർന്ന് 85,154.15 ൽ വ്യാപാരം ആരംഭിച്ചപ്പോൾ, നിഫ്റ്റി 50 188.60 പോയിന്റ് അഥവാ 0.73% ഉയർന്ന് 26,057.20 ൽ വ്യാപാരം ആരംഭിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ പ്രതീക്ഷ ഉയർന്നതാണ് ഓഹരി സൂചികകൾ ഉയരാനുള്ള കാരണം. അമേരിക്ക ഇറക്കുമതി തീരുവ 15 ശതമാനമായി കുറക്കുമെന്ന പ്രതീക്ഷയും മുന്നേറ്റത്തിന് കാരണം
നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 0.2% ഉയർന്നപ്പോൾ, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക 0.1% താഴ്ന്നിട്ടുണ്ട്. ബാങ്ക് നിഫ്റ്റി സൂചിക 58,200 ലെവലിനു മുകളിൽ 0.5% ഉയർന്ന് വ്യാപാരം നടത്തി. നിഫ്റ്റി ഐടി, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി മെറ്റൽസ് എന്നിവ നേട്ടങ്ങൾ കൈവരിച്ചപ്പോൾ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഓയിൽ & ഗ്യാസ് മേഖലകൾ നഷ്ടത്തിലാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 15 മുതൽ 16 ശതമാനം വരെ താരിഫ് എന്നത് യാഥാർത്ഥ്യമായാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടവും ഓഹരി വിപണികൾക്ക് വലിയ പ്രചോദനവുമാകും.
ചൊവ്വാഴ്ച 6.3 ശതമാനം വരെ ഇടിഞ്ഞതിന് ശേഷം സ്വർണ്ണം ഒരു ഘട്ടത്തിൽ 2.9 ശതമാനം ഇടിഞ്ഞ് ഔൺസിന് 4,004.26 ഡോളറിലെത്തി, 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് ഉണ്ടായതി. ചൊവ്വാഴ്ച 7.1 ശതമാനം ഇടിഞ്ഞതിന് ശേഷം വെള്ളിയും ഒരു ഘട്ടത്തിൽ 2 ശതമാനത്തിലധികം ഇടിഞ്ഞ് 47.6 ഡോളറിലെത്തി. സമീപ ദിവസങ്ങളിലെ കുത്തനെയുള്ള വർദ്ധനവിന് ശേഷം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലുണ്ടായ ഇടിവ് ലാഭമെടുക്കലിന്റെ പ്രവണതയിലേക്ക് നിക്ഷേപകർ നീങ്ങുന്നു എന്നതിനെ അടിവരയിടുന്നു