
തിരുവനന്തപുരം: ദിവസങ്ങൾക്കുള്ളിൽ എത്തുന്ന ഓണം വിപണിയിൽ സ്വർണ വിലവർധനവിനാണ് സാധ്യതയെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഭാഗിക ധാരണ രൂപപ്പെട്ടതോടെ ആഗോള സാമ്പത്തിക വിപണികളിൽ അനുകൂല മാറ്റങ്ങൾ പ്രകടമാകുകയാണ്. എണ്ണവിലയിലും യുഎസ് ട്രഷറി ബോണ്ട് ആദായത്തിലും ഉണ്ടായ ഇടിവ് സ്വർണ്ണ നിക്ഷേപത്തിന് കൂടുതൽ ആകർഷണം സൃഷ്ടിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ശക്തമായ മുന്നേറ്റമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക വിശകലന പ്രകാരം സ്വർണ്ണം ഔൺസിന് 4,400 ഡോളറിന് മുകളിൽ സ്ഥിരത നേടുകയാണെങ്കിൽ അടുത്ത ലക്ഷ്യങ്ങൾ 4,600, 4,700, 4,850 ഡോളർ വരെയാകാമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ആഗോള അനിശ്ചിതത്വങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ആവശ്യകത വീണ്ടും ഉയരുന്നതാണ് ഈ മുന്നേറ്റത്തിന് പ്രധാന കാരണം.
ഈ സാഹചര്യത്തിൽ കേരളത്തിലെ ആഭരണ വിപണിയും ഓണം സീസണിലേക്ക് കൂടുതൽ പ്രതീക്ഷയോടെയാണ് കടക്കുന്നത്. ഉയർന്ന സ്വർണ്ണവില നിലനിൽക്കുന്നുണ്ടെങ്കിലും ഓണത്തോടനുബന്ധിച്ചുള്ള വിവാഹങ്ങൾ, കുടുംബാഘോഷങ്ങൾ, സമ്മാനവാങ്ങലുകൾ എന്നിവ ആഭരണ വിൽപ്പനയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തലെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പഴയ സ്വർണ്ണം വിറ്റഴിക്കുന്നവരുടെ എണ്ണം വർധിച്ചിരുന്നെങ്കിലും, ഇപ്പോൾ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ പലരും സ്വർണ്ണം കൈവശം സൂക്ഷിക്കുന്ന പ്രവണതയാണ് കാണുന്നത്. അതേസമയം ആവശ്യക്കാർ ആഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിന്മാറുന്നില്ലെന്നും, കുറഞ്ഞ ഭാരത്തിലുള്ളതും ആധുനിക ഡിസൈനുകളുള്ളതുമായ ആഭരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായും വ്യാപാരികൾ പറയുന്നു. ഓണം സ്വർണ്ണോത്സവ ഓഫറുകൾ, സമ്മാന പദ്ധതികൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ സംസ്ഥാനത്തെ സ്വർണ്ണവ്യാപാരം കൂടുതൽ സജീവമാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ആഭരണ വ്യാപാര മേഖലയിൽ ഓണം സീസൺ ഈ വർഷവും ഏറ്റവും വലിയ വ്യാപാര കാലയളവായി മാറുമെന്നും, ആഗോള വിപണിയിലെ സ്വർണ്ണ മുന്നേറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമെന്നും വ്യാപാര രംഗം പ്രതീക്ഷ പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.