ഉത്സവ സീസണിലെ ഓൺലൈൻ ഷോപ്പിംഗ് ശീലങ്ങളിൽ ഇന്ത്യക്കാർ വലിയ മാറ്റം വരുത്തുന്നതായി റെഡ്‌സീർ റിപ്പോർട്ട്. മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും പകരം പലചരക്ക്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയ്ക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യക്കാരുള്ളത്. ഈ വർഷം ഇ-കൊമേഴ്‌സ് വിപണിയിൽ 25 ശതമാനം വളർച്ചയുണ്ടാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് ഉത്സവ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഓണ്‍ലൈന്‍ ഷോപ്പിംഗ് ശീലങ്ങളില്‍ വലിയ മാറ്റം വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. നവരാത്രി- ദീപാവലി വിപണി ലക്ഷ്യമിട്ട് ആപ്പിള്‍ അവരുടെ പുതിയ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവ ഇന്ത്യയില്‍ പുറത്തിറക്കിയെങ്കിലും, ഇത്തവണ മൊബൈല്‍ ഫോണുകളേക്കാളും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളേക്കാളും ആളുകള്‍ക്ക് കൂടുതല്‍ താല്പര്യം നിത്യോപയോഗ സാധനങ്ങളോടാണെന്ന് റെഡ്‌സീര്‍ സ്ട്രാറ്റജി കണ്‍സള്‍ട്ടന്റ്‌സ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൊബൈലിനും ഇലക്ട്രോണിക്‌സിനും തിരിച്ചടി
റെഡ്‌സീറിന്റെ കണക്കുകള്‍ പ്രകാരം, 2025-ലെ ഉത്സവ സീസണില്‍ ആകെ നടന്ന ഓണ്‍ലൈന്‍ വില്‍പ്പനയുടെ 33 ശതമാനവും മൊബൈല്‍ ഫോണുകളായിരുന്നു. എന്നാല്‍ 2026-ല്‍ ഇത് 29 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വിഹിതം 18 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും കുറയും. ഇതോടെ, ഈ വര്‍ഷത്തെ മൊത്തം ഓണ്‍ലൈന്‍ വില്‍പ്പനയില്‍ മൊബൈല്‍-ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ പങ്ക് പകുതിയില്‍ താഴെയായി ചുരുങ്ങും. മൊബൈല്‍ ഫോണുകള്‍ക്കും മറ്റും വിലയിലുണ്ടായ വന്‍ വര്‍ദ്ധനവാണ് വില്‍പ്പനയെ ബാധിക്കാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, സ്മാര്‍ട്ട്ഫോണുകളോടുള്ള താല്പര്യം കുറഞ്ഞുവെന്നല്ല ഇതിനര്‍ത്ഥം; മറിച്ച് ആളുകള്‍ നിത്യജീവിതത്തിന് ആവശ്യമായ മറ്റ് സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുന്നത് ശീലമാക്കിത്തുടങ്ങി എന്നതാണ് യാഥാര്‍ഥ്യം.
മുന്നേറ്റം നടത്തി പലചരക്കും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും
ഓണ്‍ലൈന്‍ വിപണിയിലെ ഈ മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഓണ്‍ലൈന്‍ ഗ്രോസറി മേഖലയാണ്. 2026-ലെ ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48-50% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. സൗന്ദര്യവര്‍ദ്ധക- വ്യക്തിഗത പരിചരണ (ബ്യൂട്ടി & പേഴ്‌സണല്‍ കെയര്‍) ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 35-40 ശതമാനവും, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 32-35 ശതമാനവും വളര്‍ച്ചയുണ്ടാകും.
ഇന്ത്യയുടെ മൊത്തത്തിലുള്ള ഉത്സവ സീസണ്‍ ഇ- കൊമേഴ്‌സ് വിപണി ഈ വര്‍ഷം ഏകദേശം 25 ശതമാനം വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വളര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷം 12.5 ബില്യണ്‍ ഡോളറായിരുന്ന ആകെ വില്‍പ്പന മൂല്യം , ഈ വര്‍ഷം 15-16 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം 16 കോടിയില്‍ നിന്ന് 18 മുതല്‍ 18.5 കോടി വരെയായി വര്‍ദ്ധിക്കും.


