കടുത്ത ചൂടും വരൾച്ചയും കാരണം ഫ്രാൻസിലെ വൈൻ ഉൽപ്പാദനം 70 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഷാംപെയ്ൻ, ബർഗണ്ടി തുടങ്ങിയ പ്രധാന മേഖലകളിലെ ഉൽപ്പാദനത്തളർച്ച ആഗോള വിപണിയിൽ ഫ്രാൻസിന്റെ ആധിപത്യം നഷ്ടപ്പെടുത്തുന്നു. കർശനമായ പരമ്പരാഗത നിയമങ്ങളും കാലാവസ്ഥാ വ്യതിയാനവും ഫ്രഞ്ച് വൈൻ കർഷകർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

കടുത്ത ചൂടും വരള്‍ച്ചയും കാരണം ഫ്രാന്‍സിലെ വൈന്‍ ഉല്‍പ്പാദനം 70 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് രാജ്യത്തെ വൈന്‍ ഉല്‍പ്പാദനത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമാണ് ഈ വര്‍ഷം കടന്നുപോയത്. ഇത് മുന്തിരിത്തോട്ടങ്ങളെ ഒന്നാകെ ബാധിച്ചു.. ആഗോള വൈന്‍ വിപണിയില്‍ ഫ്രാന്‍സിന്റെ ആധിപത്യത്തിന് തന്നെ മങ്ങലേല്‍പ്പിക്കുന്നതാണ് പുതിയ പ്രതിസന്ധി.

ഉല്‍പ്പാദനം കൂപ്പുകുത്തുന്നു

സര്‍ക്കാര്‍ ഏജന്‍സിയായ അഗ്രെസ്റ്റെയുടെ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം 3.4 കോടി ഹെക്ടോലിറ്റര്‍ വൈന്‍ മാത്രമാകും ഫ്രാന്‍സില്‍ ഉല്‍പ്പാദിപ്പിക്കുക. 2025-നെ അപേക്ഷിച്ച് 6 ശതമാനവും, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ശരാശരിയെ അപേക്ഷിച്ച് 17 ശതമാനവും കുറവാണിത്. താപനില പലപ്പോഴും 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, വിളവെടുപ്പിന് മുന്‍പ് തന്നെ മുന്തിരികള്‍ ഉണങ്ങി നശിച്ചു. ലോകത്തെ പ്രധാന വൈന്‍ കയറ്റുമതിക്കാരായ ഫ്രാന്‍സിലുണ്ടായ ഈ തിരിച്ചടി ആഗോള വിപണിയില്‍ വൈനിന്റെ ലഭ്യത കുറയ്ക്കാനും പ്രീമിയം വൈനുകളുടെ വില കുതിച്ചുയരാനും കാരണമാകും.

ഷാംപെയ്ന്‍ മുതല്‍ ബര്‍ഗണ്ടി വരെ തകര്‍ച്ചയില്‍

തണുപ്പുള്ള പ്രദേശങ്ങളിലാണ് നാശനഷ്ടം കൂടുതല്‍ രൂക്ഷം. പ്രശസ്തമായ ഷാംപെയ്ന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം പകുതിയോളം കുറയുമെന്നാണ് വിലയിരുത്തല്‍. കിഴക്കന്‍ ജൂറയില്‍ 37 ശതമാനവും, ബര്‍ഗണ്ടി- ബ്യൂജോലെയ്സ്‌മേഖലയില്‍ മൂന്നിലൊന്നായും ഉല്‍പ്പാദനം ഇടിയും. ബോര്‍ഡോ പോലുള്ള പ്രദേശങ്ങളില്‍ കാട്ടുതീ പടര്‍ന്നത് മൂലമുണ്ടായ പുക മുന്തിരിയുടെ തൊലിയിലേക്ക് ഇറങ്ങിച്ചെന്ന് വൈനിന്റെ രുചിയെ ബാധിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കിടയിലുണ്ട്.

സ്‌പെയിനും ഇറ്റലിയും മുന്നോട്ട്; നിയമങ്ങള്‍ വഴിമാറുന്നു

ഒന്നര പതിറ്റാണ്ട് മുന്‍പ് വരെ വൈന്‍ ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്നു ഫ്രാന്‍സ്. എന്നാല്‍ ഇന്ന് ഇറ്റലി ഫ്രാന്‍സിനെ ബഹുദൂരം പിന്നിലാക്കി ഒന്നാമതെത്തി. അധികം വൈകാതെ സ്‌പെയിന്‍ ഫ്രാന്‍സിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടുത്ത ചൂടിനെ നേരിടാന്‍ സ്‌പെയിന്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചപ്പോള്‍, മാറ്റങ്ങള്‍ക്ക് തയ്യാറാകാത്ത പരമ്പരാഗത രീതികളും കര്‍ശന നിയമങ്ങളും ഫ്രാന്‍സിന് തിരിച്ചടിയായി.

ഫ്രാന്‍സിലെ നിയമങ്ങള്‍ അനുസരിച്ച് മുന്തിരിത്തോട്ടങ്ങളില്‍ കൃത്രിമമായി നനയ്ക്കുന്നതിന് അടക്കം കര്‍ശന നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ നിലവിലെ പ്രതിസന്ധിയില്‍ പിടിച്ചുനില്‍ക്കാന്‍ ബോര്‍ഡോയിലെ ഷാറ്റോ ലാഫ്‌ലര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇത്തരം നിയമങ്ങള്‍ ഉപേക്ഷിച്ച് തോട്ടങ്ങളില്‍ നനയ്ക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുത്തു. 1930-കള്‍ക്ക് ശേഷം ഓരോ ദശാബ്ദത്തിലും വിളവെടുപ്പ് സമയം മൂന്ന് ദിവസം വീതം നേരത്തെയാകുന്നതും കര്‍ഷകര്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.