വിപണിയില്‍ തിങ്കള്‍ തിളക്കം, മോദിയുടെ ഈ ഉറപ്പ് കരുത്തായി; സെന്‍സെക്‌സ് 1000 പോയിന്റ് ഉയര്‍ന്നു, വിപണിക്ക് കുത്തിപ്പേകിയ 5 കാര്യങ്ങള്‍

Published : Aug 18, 2025, 12:08 PM IST
Share Market

Synopsis

ആഴ്ചകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിപണികളില്‍ കുതിപ്പോടെ തുടക്കം .

മുംബൈ: ആഴ്ചകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിപണികളില്‍ കുതിപ്പോടെ തുടക്കം .സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഉയര്‍ന്നു.നിഫ്റ്റി 25,000 എന്ന നിര്‍ണ്ണായക നിലവാരത്തിനരികെയെത്തി. റഷ്യന്‍ എണ്ണ വിതരണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ കുറഞ്ഞതും, കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌കരണങ്ങളിലുള്ള ശുഭാപ്തിവിശ്വാസവുമാണ് വിപണിയിലെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം. ഇന്ന് വ്യാപാരം ആരംഭിച്ചയുടന്‍ തന്നെ ബിഎസ്ഇയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം 5.93 ലക്ഷം കോടി രൂപ ഉയര്‍ന്ന് 451.70 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 445 ലക്ഷം കോടിയില്‍ നിന്ന് അഞ്ചു ലക്ഷം കോടി രൂപയുടെ വര്‍ദ്ധനവാണ് ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ മാത്രം രേഖപ്പെടുത്തിയത്.

ഓഹരി വിപണിക്ക് കുതിപ്പേകിയ പ്രധാന കാരണങ്ങള്‍ ഇവയാണ്

1. പ്രധാനമന്ത്രിയുടെ ജിഎസ്ടി പ്രഖ്യാപനം:

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനമാണ് വിപണിയിലെ മുന്നേറ്റത്തിന് ഒരു പ്രധാന കാരണം. ദീപാവലിക്ക് ജിഎസ്ടി പരിഷ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് ഇരട്ട നേട്ടം നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ജിഎസ്ടി പരിഷ്‌കരണങ്ങള്‍ രാജ്യത്തെ വ്യവസായ മേഖലയില്‍ മത്സരക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 12 ശതമാനം, 28 ശതമാനം നികുതി ഈടാക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും യഥാക്രമം അഞ്ച്, 18 ശതമാനം നികുതി സ്ലാബുകളിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹന, സിമന്റ് മേഖലകള്‍ക്ക് ഇത് വലിയ ഗുണം ചെയ്യും.

2. ആഗോള-രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ അയയുന്നു:

അമേരിക്കന്‍ പ്രസിഡന്റും റഷ്യന്‍ പ്രസിഡന്റും തമ്മില്‍ നടന്ന കൂടിക്കാഴ്ചയാണ് വിപണിയിലെ മറ്റൊരു ശുഭ സൂചന. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഈ ചര്‍ച്ചകള്‍ സഹായിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. യുക്രെയ്‌നുമായി അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്താനിരിക്കുന്നതും വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. റഷ്യ ചെറിയ ചില പ്രദേശങ്ങള്‍ വിട്ടുകൊടുക്കാനും, യുക്രൈയിന് കിഴക്കന്‍ പ്രദേശങ്ങള്‍ കൈമാറാനും ധാരണയായേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

3. എസ്&പി ഗ്ലോബല്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി:

പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ എസ്&പി ഗ്ലോബല്‍ ഇന്ത്യയുടെ സോവറിന്‍ റേറ്റിംഗ് ബിബിബി-യില്‍ നിന്ന് ബിബിബി ആയി ഉയര്‍ത്തിയത് വിപണിക്ക് ആത്മവിശ്വാസം നല്‍കി. 2007-നുശേഷം എസ്&പി ഗ്ലോബല്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നത് ഇത് ആദ്യമായാണ്. ഇത് വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൂടുതല്‍ ഫണ്ടുകള്‍ എത്തിക്കാന്‍ പ്രേരിപ്പിക്കും.

4. ട്രംപിന്റെ അനുകൂല നീക്കം :

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ ഏര്‍പ്പെടുത്താനിരുന്ന അധിക താരിഫ് പുനഃപരിശോധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സൂചന നല്‍കിയത് മറ്റൊരു പ്രധാന ഘടകമാണ്. നേരത്തെ, ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം അധിക താരിഫ് ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.

5. കോര്‍പ്പറേറ്റ് വരുമാനം കൂടുമെന്ന് പ്രതീക്ഷ:

വിപണിയിലെ നിലവിലെ വളര്‍ച്ചയും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ കമ്പനികളുടെ വരുമാനം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇത് വിപണിയെ പുതിയ ഉയരങ്ങളിലെത്താന്‍ സഹായിക്കും

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ