
ഒരു മദ്യ കുപ്പിക്ക് കോടികള്‍ വില വരുമോ? ലോകത്ത് അങ്ങനെയുമുണ്ട് ചില വിസ്‌കി ബ്രാന്‍ഡുകള്‍. ഒരു വീടോ അല്ലെങ്കില്‍ ഒരു ആഡംബര കാറോ വാങ്ങുന്ന പണം വേണം ഈ വിസ്‌കിയുടെ ഒരു കുപ്പി സ്വന്തമാക്കാന്‍. ഇന്ത്യയില്‍ ഒരു ശരാശരി വിസ്‌കി കുപ്പിയുടെ വില 1000 രൂപയില്‍ താഴെയാണെങ്കില്‍ ലോകത്തെ ഏറ്റവും വില കൂടിയ വിസ്‌കി ബ്രാന്‍ഡുകളുടെ വില 50 ലക്ഷം മുതല്‍ 17 കോടി രൂപ വരെയാണ്. എന്തുകൊണ്ടാണ് ഈ വിസ്‌കികള്‍ക്ക് ഇത്രയധികം വില വരുന്നത്? ചിന്തിക്കാന്‍ പോലും കഴിയാത്ത ഈ മദ്യക്കുപ്പികളെക്കുറിച്ച് കൂടുതലറിയാം.
17 കോടി രൂപ വില വരുന്ന 'എമറാള്‍ഡ് ഐല്‍ കളക്ഷന്‍'
ഒറ്റനോട്ടത്തില്‍ ഇത് വെറും വിസ്‌കിയാണെന്ന് തോന്നിയേക്കാം. പക്ഷെ, എമറാള്‍ഡ് ഐല്‍ എന്നത് ആഡംബരത്തിന്റെ ഒരു പ്രതീകമാണ്. ദി ക്രാഫ്റ്റ് ഐറിഷ് വിസ്‌കി കമ്പനി, പ്രശസ്തമായ ആഭരണനിര്‍മ്മാതാക്കളായ ഫാബെര്‍ഗെയുമായി സഹകരിച്ചാണ് ഈ ശേഖരം പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ലൈസന്‍സ്ഡ് ഡിസ്റ്റിലറിയായ ബുഷ്മില്‍സ് ഡിസ്റ്റിലറിയുടെ ഈ ശേഖരത്തില്‍ ഏറ്റവും പഴക്കമുള്ള, മൂന്ന് തവണ വാറ്റിയെടുത്ത ഐറിഷ് വിസ്‌കിയുടെ രണ്ട് കുപ്പികളാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ ഇതിലെ ആകര്‍ഷകമായ കാര്യം ഇത് മാത്രമല്ല. ഇതിനൊപ്പം മരതകവും 18 കാരറ്റ് സ്വര്‍ണ്ണവും ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഫാബെര്‍ഗെ കെല്‍റ്റിക് മുട്ടയാണ് ഒപ്പം ലഭിക്കുക. കരകൗശല വിദ്യയുടേയും ആഡംബരത്തിന്റെയും ഒരു മകുടോദാഹരണമാണ് ഫാബെര്‍ഗെ കെല്‍റ്റിക് എഗ്ഗ്. റഷ്യന്‍ ജ്വല്ലറി സ്ഥാപനമായ ഫാബെര്‍ഗെയും പ്രശസ്തമായ അയര്‍ലന്‍ഡിലെ ഒരു ജ്വല്ലറി കമ്പനിയും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തതാണ് ഈ മുട്ടയുടെ രൂപത്തിലുള്ള ആഡംബര വസ്തു. കൂടാതെ 2 കാരറ്റ് സ്വര്‍ണ്ണ വാച്ച്, സ്വര്‍ണ്ണം പൂശിയ കട്ടറോട് കൂടിയ കോഹിബ സിഗ്ലോ ഗ്രാന്‍ റിസര്‍വ സിഗാര്‍ എന്നിവയും വിസ്‌കിയോടൊപ്പം ലഭിക്കും. 20 ലക്ഷം യുഎസ് ഡോളര്‍ (ഏകദേശം 17 കോടി രൂപ) ആണ് ഇതിന്റെ വില
മക്കല്ലന്‍ 1926
മക്കല്ലന്‍ ഡിസ്റ്റിലറി നിര്‍മ്മിക്കുന്ന വിസ്‌കികള്‍ക്ക് എപ്പോഴും വലിയ വില ലഭിക്കാറുണ്ട്. എന്നാല്‍, 1926 ഫൈന്‍ ആന്‍ഡ് റെയര്‍ 60-ഇയര്‍-ഓള്‍ഡ് അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഷെറി ബാരലുകളില്‍ 60 വര്‍ഷം ഇരുന്ന് പഴകിയതാണ് ഈ വിസ്‌കി. ഇതിന്റെ 24 കുപ്പികള്‍ മാത്രമാണ് ലോകത്തുള്ളത്. പ്രശസ്ത കലാകാരന്മാരായ പീറ്റര്‍ ബ്ലെയ്ക്ക്, വലേരിയോ അഡാമി എന്നിവരാണ് ഓരോ കുപ്പിയുടെയും ലേബലുകള്‍ ഡിസൈന്‍ ചെയ്തത്. സോത്ത്ബിസ് എന്ന ലേലക്കമ്പനി ഇതിനെ വിസ്‌കിയുടെ 'ഹോളി ഗ്രെയ്ല്‍' എന്ന് വിളിച്ചു. ഏകദേശം 16 കോടി രൂപയ്ക്ക് (1.9 മില്യണ്‍ യു.എസ്. ഡോളര്‍) വിറ്റ ഈ വിസ്‌കിയുടെ ഒരു കുപ്പി ഒരു ഉപഭോക്താവ് മുഴുവനായി കുടിച്ചുവെന്നും രണ്ടാമത്തെ കുപ്പി ശേഖരത്തില്‍ സൂക്ഷിച്ചുവെന്നും പറയപ്പെടുന്നു.
ഗ്ലെന്‍ഫിഡിച്ച് 1937 റെയര്‍ കളക്ഷന്‍
രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് നിര്‍മ്മിച്ച ഒരു വിസ്‌കി ...പക്ഷെ ഇതിനെ ലോകം കണ്ടത് 2001-ല്‍ മാത്രമാണ്. അതാണ് ഗ്ലെന്‍ഫിഡിച്ച് 1937 റെയര്‍ കളക്ഷന്‍. 1937-ല്‍ വാറ്റിയെടുത്ത 64 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ വിസ്‌കി. ദശാബ്ദങ്ങളോളം അതിജീവിച്ച 61 കുപ്പികള്‍ മാത്രമാണ് ഇതിനുള്ളത്. ഓരോ തുള്ളിക്കും പഴയ ഓക്കിന്റെയും മൊളാസസിന്റെയും ഉണങ്ങിയ പഴങ്ങളുടെയും രുചിയുണ്ടെന്ന് പറയപ്പെടുന്നു. ഒരു ലക്ഷത്തി ഇരുപതിനായിരം യുഎസ് ഡോളര്‍ (ഏകദേശം 1 കോടി രൂപ) വില വരുന്ന ഇത് ചരിത്രത്തിലെ ഏറ്റവും വിലയേറിയ സിംഗിള്‍ മാള്‍ട്ടുകളില്‍ ഒന്നാണ്. കാലം കൂടുന്തോറും ഓരോ കുപ്പിയിലേയും രുചിയില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.
ജപ്പാന്റെ യമസകി 55
വിസ്‌കിയുടെ ചരിത്രത്തില്‍ സ്‌കോട്ട്‌ലന്‍ഡും അയര്‍ലന്‍ഡും ആധിപത്യം പുലര്‍ത്തുമ്പോള്‍, ജപ്പാന്‍ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നു വന്നിട്ടുണ്ട്. യമസകി 55 അതിനൊരു ഉദാഹരണമാണ്. 1960-ലും 1964-ലും വാറ്റിയെടുത്ത യമസകി 55 ജപ്പാനിലെ യമസകി ഡിസ്റ്റിലറി പുറത്തിറക്കിയ വളരെ അപൂര്‍വമായ വിസ്‌കിയാണ്. ജാപ്പനീസ് ഓക്ക് (മിസുനാര) കൂടാതെ വൈറ്റ് ഓക്ക് ബാരലുകളിലും സൂക്ഷിച്ചതാണ് ഇത്. ഷിന്‍ജിറോ ടോറിയെ പോലെ പല തലമുറകളിലുള്ള മാസ്റ്റര്‍ ബ്ലെന്‍ഡര്‍മാര്‍ ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. 51 ലക്ഷം രൂപ വില വരുന്നതാണ് യമസകി 55
ഡാല്‍മോറിന്റെ കോണ്‍സ്റ്റലേഷന്‍ കളക്ഷന്‍
ഡാല്‍മോര്‍ വളരെ സങ്കീര്‍ണ്ണമായ രുചികള്‍ക്ക് പേരുകേട്ടതാണ്. എന്നാല്‍ ഇതിന്റെ കോണ്‍സ്റ്റലേഷന്‍ കളക്ഷന്‍ തികച്ചും വ്യത്യസ്തമാണ്. 1964-നും 1992-നും ഇടയില്‍ വാറ്റിയെടുത്ത് 46 വര്‍ഷം പഴകിയെടുത്ത ഈ വിസ്‌കി ഹൈലാന്‍ഡ് ഡിസ്റ്റിലറി ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും അപൂര്‍വമായ ഒന്നാണ്. വര്‍ഷങ്ങളോളം സൂക്ഷിക്കപ്പെട്ട സിനമണ്‍ സ്‌പൈസിന്റെ രുചികള്‍ ഈ വിസ്‌കിയില്‍ ഉണ്ട്. മാസ്റ്റര്‍ ഡിസ്റ്റിലറായ റിച്ചാര്‍ഡ് പാറ്റേഴ്‌സണ്‍്‌റെ ശ്രദ്ധാപൂര്‍വമായ കരവിരുതാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 60,000 യുഎസ് ഡോളര്‍ (ഏകദേശം 51 ലക്ഷം രൂപ) വില വരുന്നതാണ് ഇത്.
ആരാണ് ഈ വിസ്‌കികള്‍ വാങ്ങുന്നത്?
ശേഖരിക്കുന്നവരും, നിക്ഷേപകരും, അതുപോലെ വ്യത്യസ്തമായ രുചി ഇഷ്ടപ്പെടുന്ന കോടീശ്വരന്മാരുമാണ് ഈ വിസ്‌കികള്‍ വാങ്ങുന്നത്. പലരെയും സംബന്ധിച്ച് ഈ വിസ്‌കികള്‍ കുടിക്കാനുള്ളതല്ല, മറിച്ച് പ്രദര്‍ശിപ്പിക്കാനും നിക്ഷേപിക്കാനും കുടുംബസ്വത്ത് പോലെ കൈമാറാനുമുള്ളതാണ്. ഇതിന്റെ വില നിശ്ചയിക്കുന്നത് പഴക്കവും അപൂര്‍വതയും മാത്രമല്ല, നിര്‍മ്മാണ വൈദഗ്ദ്ധ്യം, ബ്രാന്‍ഡ് പാരമ്പര്യം, എന്നിവ കൂടിയാണ്.
ഇതിന് അത്രയും വിലയുണ്ടോ?
നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു കുപ്പി വിസ്‌കിക്കായി 17 കോടി രൂപ ചെലവഴിക്കുക എന്നത് ഒരു സ്വപ്നം മാത്രമാണ്. എന്നാല്‍, കല, ആഭരണങ്ങള്‍, ക്ലാസിക് കാറുകള്‍ എന്നിവയ്ക്ക് പതിവായി വലിയ തുക ലഭിക്കുന്ന ഒരു ലോകത്ത്, വിസ്‌കിയും ആഡംബര നിക്ഷേപങ്ങളുടെ ക്ലബ്ബില്‍ ചേരുന്നത് അത്ഭുതകരമല്ല.