നമ്മുടെ രാജ്യ തലസ്ഥാനത്തേക്കാൾ ചെറിയൊരു രാജ്യം; ഇന്ത്യയെ അട്ടിമറിച്ചത് ഓഹരി വിപണിയില്‍, തായ്വാന്‍ അഞ്ചാം സ്ഥാനത്ത്!

Published : May 28, 2026, 11:45 AM IST
Taiwan

Synopsis

ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി മാറി തായ്വാന്‍. ബ്ലൂംബെര്‍ഗ് കണക്കുകള്‍ പ്രകാരം, ഇന്ത്യയെ മറികടന്നാണ് ഈ വലിയ നേട്ടം. ആഗോള എഐ തരംഗവും ടിഎസ്എംസി എന്ന ഭീമന്‍ കമ്പനിയുടെ കുതിപ്പുമാണ് തായ്വാന്റെ വിജയത്തിന് പിന്നില്‍. അതേസമയം ഇറക്കുമതിച്ചെലവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ദില്ലിയേക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള ഒരു കുഞ്ഞു രാജ്യം, വലിപ്പമേറിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ഓഹരി വിപണിയില്‍ അട്ടിമറിച്ചിരിക്കുന്നു. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന പദവി തായ്വാന്‍ സ്വന്തമാക്കി. തായ്വാന്റെ ആകെ ഓഹരി വിപണി മൂല്യം 4.95 ലക്ഷം കോടി ഡോളറായി ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടേത് 4.92 ലക്ഷം കോടി ഡോളറാണ്. നിലവില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ഹോങ്കോങ് എന്നിവര്‍ മാത്രമാണ് തായ്വാന് മുന്നിലുള്ളത്.

ഇന്ത്യയെ ഞെട്ടിച്ച മാറ്റം; എന്തുകൊണ്ട്?

140 കോടിയിലധികം ജനസംഖ്യയുള്ള, ലോകത്തില്‍ ഏറ്റവും വേഗത്തില്‍ ചെറുകിട നിക്ഷേപകര്‍ വളരുന്ന വലിയൊരു സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. തന്നെയുമല്ല ഇന്ത്യയിലാണ് കൂടുതല്‍ കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളതും. അതുകൊണ്ടുതന്നെ ഇന്ത്യയെ തായ്വാന്‍ മറികടന്നത് സാമ്പത്തിക ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തായ്വാന്റെ ഈ അവിശ്വസനീയമായ കുതിപ്പിന് പിന്നില്‍ ഒറ്റയൊരു കാരണമേയുള്ളൂ- ആഗോളതലത്തില്‍ വീശിയടിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തരംഗം!

തായ്വാന്റെ 'സൂപ്പര്‍ ഹീറോ' - ടിഎസ്എംസി

ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധചാലക നിര്‍മ്മാതാക്കളായ തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനി എന്ന ഒറ്റ സ്ഥാപനമാണ് തായ്വാന്റെ ഈ വിജയത്തിന് പിന്നില്‍. ആഗോള എഐ വിപ്ലവത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇവരാണ്. തായ്വാന്റെ പ്രധാന ഓഹരി സൂചികയുടെ 42 ശതമാനവും ഈ ഒരൊറ്റ കമ്പനിയുടെ സംഭാവനയാണ്. വിപണി എത്രത്തോളം ഒരു കമ്പനിയെ മാത്രം ആശ്രയിച്ചാണ് നില്‍ക്കുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തം. എഐ ചിപ്പുകള്‍ക്കായുള്ള ഡിമാന്‍ഡ് കൂടിയതോടെ ഈ വര്‍ഷം മാത്രം ടിഎസ്എംസിയുടെ ഓഹരി വില 49 ശതമാനമാണ് ഉയര്‍ന്നത്.

എന്‍വിഡിയ, ആപ്പിള്‍, എഎംഡി ക്വാല്‍കോം തുടങ്ങിയ ലോകോന്തര കമ്പനികള്‍ക്കായി അത്യാധുനിക ചിപ്പുകള്‍ നിര്‍മ്മിക്കുന്നത് ടിഎസ്എംസിയാണ്.ഈ എഐ തരംഗത്തിന്റെ ഫലമായി അന്താരാഷ്ട്ര നിക്ഷേപകര്‍ തായ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ നിര്‍മ്മാണ ഹബ്ബുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കുകയായിരുന്നു.

ഇന്ത്യ നേരിടുന്ന പ്രതിസന്ധികള്‍

തായ്വാന്‍ എഐ വിപ്ലവത്തിന്റെ വിളവെടുപ്പ് നടത്തുമ്പോള്‍ ഇന്ത്യ തികച്ചും വ്യത്യസ്തമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ തങ്ങളുടെ ആവശ്യത്തിനുള്ള അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇറാന്‍ സംഘര്‍ഷം കാരണം ആഗോളതലത്തില്‍ ഇന്ധനവില ഉയര്‍ന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവിനെയും പണപ്പെരുപ്പത്തെയും ബാധിച്ചു. ഇന്ത്യന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് വരുമാന വളര്‍ച്ചയില്‍ ഇടിവ് രേഖപ്പെടുത്തുന്നതും തിരിച്ചടിയാണ്.തായ്വാനെപ്പോലെ ആഗോള എഐ ഇന്‍ഫ്രാസ്ട്രക്ചറുമായി നേരിട്ട് ബന്ധമുള്ള വമ്പന്‍ സെമികണ്ടക്ടര്‍ കമ്പനികളൊന്നും നിലവില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം

ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായ മറ്റൊരു പ്രധാന ഘടകം വിദേശ സ്ഥാപന നിക്ഷേപകരുടെ വന്‍തോതിലുള്ള പിന്‍മാറ്റമാണ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം അടുത്തിടെ 97 വരെ താഴ്ന്നതും ഉയര്‍ന്ന വിപണി മൂല്യവുമെല്ലാം കാരണം വിദേശ നിക്ഷേപകര്‍ കോടിക്കണക്കിന് രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഈ വര്‍ഷത്തെ പണം പിന്‍വലിക്കല്‍ കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡും ഭേദിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ധനകാര്യ ലോകത്തെ അതികായന്മാർ ആരെല്ലാം? ബ്ലൂംബെർഗ് ഇന്ത്യ ഫിനാൻസ് റിച്ച് ലിസ്റ്റ് പുറത്ത്, ഒന്നാമത് ഉദയ് കൊട്ടക്
പണലഭ്യത ഉറപ്പാക്കാൻ യുഎസ് ട്രഷറി നടത്തിയ നീക്കം ഗുണം ചെയ്‌തത് ഇന്ത്യൻ ഓഹരി വിപണിയിൽ; സൂചികകളുടെ കുതിപ്പിൽ നിക്ഷേപകർക്ക് വൻ നേട്ടം