ഐഫോണ്‍ വാങ്ങുന്നത് ബാധ്യതയോ? ഇഎംഐ ട്രാപ്പ് മനസ്സിലാക്കാം, കണക്കുകള്‍ കഥ പറയുന്നു

Published : Sep 21, 2025, 05:37 PM IST
iphone

Synopsis

മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട പലരുടെയും ഒരു മാസത്തെ മുഴുവന്‍ ശമ്പളത്തെക്കാള്‍ കൂടുതലാണ് ഐഫോണിന്റെ വിലയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.5 ലക്ഷം വിലയുള്ള ഐഫോണ്‍ ഒരു നിക്ഷേപമല്ല.

പുതിയ ഐഫോണ്‍ 17-നെക്കുറിച്ചുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പ്രോ മാക്‌സ് മോഡലുകള്‍ കാണിച്ച് ഫീച്ചറുകളെക്കുറിച്ചും നിറങ്ങളെക്കുറിച്ചും സംസാരിക്കുന്ന ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ വീഡിയോകള്‍ ഫീഡില്‍ നിറയുന്നു. ഫോണ്‍ വരുന്നതിന് മുന്‍പേ അതിനുള്ള പണം എങ്ങനെ കണ്ടെത്താമെന്ന് ചിന്തിക്കുന്നവരെയും കാണാം. ഇന്ത്യയില്‍ ഐഫോണ്‍ 17-ന്റെ അടിസ്ഥാന മോഡലിന് 82,900 രൂപയിലാണ് വില തുടങ്ങുന്നത്. ഐഫോണ്‍ 17 പ്രോയ്ക്ക് 1,34,900-ഉം, പ്രോ മാക്‌സിന് 1,49,900-ഉം ആണ് വില. പുതിയ ഐഫോണ്‍ എയറിന് 1,19,900 രൂപ നല്‍കണം.

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും പ്രതിമാസ വരുമാനം ഈ ഫോണിന്റെ വിലയെക്കാള്‍ വളരെ കുറവാണ്. മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട പലരുടെയും ഒരു മാസത്തെ മുഴുവന്‍ ശമ്പളത്തെക്കാള്‍ കൂടുതലാണ് ഐഫോണിന്റെ വിലയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, യു.എസ്. പോലുള്ള രാജ്യങ്ങളില്‍ പ്രതിമാസ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇതേ മോഡലിന് വില വരുന്നത്. പ്രതിമാസ വരുമാനം 40,000-ഓ 50,000-ഓ ഉള്ള ഒരാള്‍ 82,900 രൂപയോ അതിലധികമോ വിലയുള്ള ഫോണ്‍ വാങ്ങുന്നത് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. ഇ.എം.ഐയാണ് ഇതിന് പരിഹാരമെന്ന് പലരും കരുതുന്നു. ഒരു ബുദ്ധിമുട്ടുമില്ലാതെ തിരിച്ചടയ്ക്കാമെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ വിശ്വാസം വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുന്നതിന് സാധ്യതയുണ്ട്.

ഐഫോണ്‍ മുതല്‍ക്കൂട്ടോ ബാധ്യതയോ?

ഇ.എം.ഐയില്‍ ഐഫോണ്‍ വാങ്ങുന്നത് ഒരു നിക്ഷേപമാണെന്ന് പലരും വാദിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ ഇത് ശരിയാണ്. ഒരു വെഡിങ് ഫോട്ടോഗ്രാഫര്‍, യൂട്യൂബര്‍, ഇന്‍സ്റ്റഗ്രാം വീഡിയോ ക്രിയേറ്റര്‍, അല്ലെങ്കില്‍ ഫോണിന്റെ ക്യാമറയും എഡിറ്റിങ് ഫീച്ചറുകളും നിത്യവും ഉപയോഗിക്കുന്നവരെല്ലാം ഈ ഫോണ്‍ ഉപയോഗിച്ച് വരുമാനം ഉണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ചെലവഴിക്കുന്ന പണം തിരികെ വരുമാനം നേടിത്തരുന്നു. അവര്‍ക്കത് വെറുമൊരു ഗാഡ്ജറ്റ് മാത്രമല്ല, വരുമാന സ്രോതസ് കൂടിയാണ്. അവര്‍ക്ക് ഐ ഫോൺ ഒരു ബാധ്യതയല്ല, മറിച്ച് ഒരു ആസ്തിയാണ്.

എന്നാല്‍ ഏറ്റവും പുതിയ ഐഫോണ്‍ വാങ്ങുന്ന ഭൂരിഭാഗം പേരും അതില്‍ നിന്ന് വരുമാനം നേടുന്നില്ല എന്നതാണ് സത്യം. അവര്‍ക്ക് ഫോണ്‍ വിളിക്കാനും, സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും, സ്ട്രീമിംഗിനും, ഫാമിലി ആല്‍ബത്തില്‍ ഒതുങ്ങുന്ന ചിത്രങ്ങള്‍ എടുക്കാനും മാത്രമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ 1.5 ലക്ഷം വിലയുള്ള ഐഫോണ്‍ ഒരു നിക്ഷേപമല്ല. അത് കടംവാങ്ങിയ പണം ഉപയോഗിച്ച് സ്വന്തമാക്കുന്ന ഒരു ആഡംബരം മാത്രമാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ റീസെയില്‍ വില കുത്തനെ ഇടിയും, എന്നാലും മാസാവസാനം ഇ.എം.ഐകള്‍ അടച്ചുകൊണ്ടിരിക്കണം. പലരും ചെയ്യുന്ന ഒരു തെറ്റാണ് ഈ കടത്തെ നിസ്സാരമായി കാണുന്നത്. 'മാസം 6,000 രൂപയല്ലേ?' എന്ന് അവര്‍ പറയും. 6,000 രൂപ മാസം കൊടുക്കുന്നത് വില വര്‍ധിക്കുന്ന ഒരു വസ്തുവിനല്ല അല്ലെങ്കില്‍ വരുമാനം തരുന്ന ഒരു സാധനത്തിനല്ല എന്ന് അവര്‍ മറക്കുന്നു. മറിച്ച്, ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ പകുതി വിലയും നഷ്ടമാകുന്ന ഒരു വസ്തുവിനാണ് ഈ പണം കൊടുക്കുന്നത്. ഈ ഇ.എം.ഐ സമ്പത്ത് ഉണ്ടാക്കുന്നില്ല, മറിച്ച് വാങ്ങുന്നവനില്‍ നിന്ന് വില്‍ക്കുന്നവനിലേക്കും വായ്പ നല്‍കുന്നവനിലേക്കും സമ്പത്ത് കൈമാറുകയാണ് ചെയ്യുന്നത്. ഫോണ്‍ നിങ്ങള്‍ക്ക് നേരിട്ട് വരുമാനം ഉണ്ടാക്കിത്തരുന്നില്ലെങ്കില്‍, അതിനായി ചെലവിടുന്ന ഇ.എം.ഐ ഒരു നിക്ഷേപമല്ല, അതൊരു പണ ചോര്‍ച്ചയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

പിടിവിടാത്ത ഇഎംഐ

ഫോണിന്റെ തിളക്കം മാറിയ ശേഷവും ഇ.എം.ഐ അടക്കേണ്ടി വരും എന്നതും ഓർക്കണം. 1.5 ലക്ഷം വിലയുള്ള ഒരു ടോപ്പ്-എന്‍ഡ് ഐഫോണ്‍ 17 പ്രോ മാക്‌സ് 24 മാസത്തെ ഇ.എം.ഐയില്‍ വാങ്ങിയാല്‍, രണ്ട് വര്‍ഷത്തേക്ക് എല്ലാ മാസവും 6,500-നും 7,000-നും ഇടയില്‍ അടയ്‌ക്കേണ്ടി വരും. ആദ്യം ഇത് കൈകാര്യം ചെയ്യാന്‍ കഴിയുന്നതായി തോന്നും. പക്ഷേ പ്രശ്‌നം എന്തെന്നാല്‍ ഫോണിന്റെ മൂല്യം അത്രയും കാലം നിലനില്‍ക്കില്ല എന്നതാണ്. ഐഫോണുകള്‍ക്ക് ആദ്യ വര്‍ഷത്തില്‍ പകുതിയോളം വിലയും, രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നില്‍ രണ്ട് ഭാഗവും മൂല്യം നഷ്ടമാകും എന്നാണ് റീസെയില്‍ മാര്‍ക്കറ്റുകളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതായത്, ഇന്ന് 1.5 ലക്ഷം രൂപ വിലയുള്ള ഫോണിന് രണ്ട് വര്‍ഷം കഴിഞ്ഞ് 50,000 രൂപയില്‍ താഴെ മാത്രമായിരിക്കും വില. അതിനിടെ ഈ ഫോണ്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍, കിട്ടുന്ന വില ഇ.എം.ഐക്ക് പോലും തികയില്ല. പഴയ ഫോണ്‍ വിറ്റ് അടുത്ത മോഡലിനുള്ള പണം കണ്ടെത്തുന്നവരെയും, എന്നിട്ടും അവര്‍ക്ക് സ്വന്തമല്ലാത്ത പഴയ ഫോണിന്റെ ഇ.എം.ഐ അടച്ചുകൊണ്ടിരിക്കുന്നവരുമുണ്ട്. ഇതിനെയാണ് സാമ്പത്തികശാസ്ത്രത്തില്‍ 'സങ്ക് കോസ്റ്റ്' എന്ന് പറയുന്നത്. ഐഫോണ്‍ ഇഷ്ടമാണെങ്കില്‍, നിങ്ങളുടെ സമ്പാദ്യങ്ങളെ ബാധിക്കാതെ നേരിട്ട് പണം കൊടുത്ത് വാങ്ങാന്‍ കഴിയുമെങ്കില്‍, അങ്ങനെ ചെയ്യുക.. പക്ഷേ 24 മാസത്തെ ഇ.എം.ഐക്കായി പണം നീക്കിവയ്ക്കുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതായിരിക്കും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

നിയമപരമായ മുന്നറിയിപ്പ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ സാമ്പത്തിക റിപ്പോർട്ടുകൾ, ഇൻഡെക്സ് , പൊതുവായ വിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതൊരു നിക്ഷേപ ഉപദേശമല്ല. നിക്ഷേപത്തെക്കുറിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുൻപ് യോഗ്യതയുള്ള ഒരു സാമ്പത്തിക വിദഗ്ദ്ധനുമായി സംസാരിക്കേണ്ടതാണ്. ഈ ലേഖനം വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കു മാത്രമുള്ളതാണ്. ഇതിൽ പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടുകൾ വ്യക്തിപരമാണ്

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ