
ദില്ലി: ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിനും വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനും മൊബൈല്‍ ആധാര്‍ (എം ആധാര്‍) തിരിച്ചറിയല്‍ രേഖയായി കണക്കാക്കും. ഇനി മുതല്‍ മറ്റ് തിരിച്ചറിയല്‍ രേഖകളൊന്നുമില്ലെങ്കിലും മൊബൈല്‍ ഫോണും യാത്രാ ടിക്കറ്റും മാത്രമുണ്ടെങ്കില്‍ വിമാനയാത്ര സാധ്യമാകുമെന്നര്‍ത്ഥം. രക്ഷിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികളെ തിരിച്ചറിയല്‍ രേഖ ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ സുരക്ഷാ ഏജന്‍സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
10 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കിയാലേ ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യാനോ വിമാനത്താവളങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനോ സാധിക്കൂ. പാസ്പോര്‍ട്ട്, വോട്ടര്‍ ഐ.ഡി, ആധാര്‍ അല്ലെങ്കില്‍ മൊബൈല്‍ ആധാര്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ദേശസാത്കൃത ബാങ്കുകളുടെ പാസ് ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, വികലാംഗരുടെ തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര/സംസ്ഥാന ജീവനക്കാരുടെയും പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സ്വകാര്യ ലിമിറ്റഡ് സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് രേഖകള്‍. ഭിന്നശേഷിയുള്ളവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ തിരിച്ചറിയല്‍ രേഖയോ ഹാജരാക്കാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാം.
തിരിച്ചറിയല്‍ രേഖയൊന്നും കൈവശമില്ലാത്തവര്‍ക്ക് കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗ്രൂപ്പ് എ വിഭാഗത്തില്‍ വരുന്ന ഗസ്റ്റഡ് ജീവനക്കാരന്‍ നല്‍കുന്ന തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയും വിമാനത്തില്‍ യാത്ര ചെയ്യാം. രേഖകളുടെ ഒറിജിനല്‍ തന്നെ യാത്ര ചെയ്യുമ്പോള്‍ ഒപ്പമുണ്ടാകണം. തിരിച്ചറിയല്‍ രേഖയുള്ള അച്ഛനോ അമ്മയോ ഒപ്പമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ രേഖ വേണ്ട. അന്താരാഷ്ട്ര യാത്രയ്ക്കെത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ പാസ്പോര്‍ട്ട് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.