പേടിഎം ബാങ്കിന് തുടക്കമായി; നിക്ഷേപങ്ങള്‍ക്ക് ഇനി പലിശ ലഭിക്കും

By WeFirst Published Nov 29, 2017, 5:26 PM IST
Highlights

ന്യൂഡല്‍ഹി: പ്രമുഖ ഇ വാലറ്റ് കമ്പനിയായ പേടിഎമ്മിന്റെ പേയ്മെന്റ് ബാങ്ക് സേവനങ്ങള്‍ക്ക് ഔദ്ദ്യോഗിക തുടക്കമായി. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് പേടിഎം ആപ്പ് അപ്ഡേറ്റ് ചെയ്ത് പേയ്മെന്റ് ബാങ്ക് സേവനങ്ങള്‍ ഉപയോഗിക്കാനാവും.

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ ഈ വര്‍ഷം നവംബറില്‍ തന്നെ പേടിഎം പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇപ്പോഴുള്ള പേടിഎം വാലറ്റ് അങ്ങനെ തന്നെ നിലനില്‍ത്തിക്കൊണ്ട് ബാങ്ക് പ്രത്യേകമായിട്ടായിരിക്കും പ്രവര്‍ത്തിക്കുന്നത്. പേടിഎം ആപ്പ് ഉപയോഗിക്കുന്നവരില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാം. അക്കൗണ്ട് ഓപ്പണ്‍ ചെയ്താലും പേടിഎം വാലറ്റ് അങ്ങനെ തന്നെ നിലനില്‍ക്കും. പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ വഴിയുള്ള ഇ-കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡുകളും നല്‍കുന്നുണ്ട്. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കും. മറ്റ് ബാങ്കുകളെപ്പോലെ സേവിങ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നാല് ശതമാനം വരെയാണ് പലിശ നല്‍കുന്നത്. സ്ഥിര നിക്ഷേപം ആരംഭിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നും പേടിഎം അറിയിച്ചിട്ടുണ്ട്. ഇതിന് ഏഴ്  ശതമാനം വരെ പലിശ നല്‍കും. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

click me!