മത്തി കിട്ടാക്കനിയാകുന്നു: വിലയില്‍ അയലയോട് മത്സരിച്ച് മുന്നേറുന്നു

By Web TeamFirst Published Dec 12, 2018, 2:59 PM IST
Highlights

മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ (ചാള) ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടില്‍ കിട്ടാക്കനിയാകുന്നത്. ഇത്തരത്തില്‍ ഇടിവ് നേരിട്ടതോടെ കേരളത്തില്‍ മത്തി വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്. 

കൊച്ചി: മത്തിയാണോ അയലയാണോ കേമന്‍?. മീന്‍ ചന്തയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ വില്‍ക്കാനിരിക്കുന്നവര്‍ പറയും മത്തിയാണ് അയലയെക്കാള്‍ കേമനെന്ന്. കാരണം, കോട്ടയം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ മത്തിയും അയലയും തമ്മിലുളള വില വ്യത്യാസം ഇന്ന് വെറും 10 രൂപ മാത്രമാണ്.

മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ (ചാള) ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടില്‍ കിട്ടാക്കനിയാകുന്നത്. ഇത്തരത്തില്‍ ഇടിവ് നേരിട്ടതോടെ കേരളത്തില്‍ മത്തി വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്. ജൂണില്‍ ആരംഭിച്ച ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും അയലയെ മറികടന്ന് 200 മുതല്‍ 220 രൂപ വരെ ഉയരുകയുണ്ടായി.

തൃശ്ശൂര്‍ മുതല്‍ വടക്കോട്ട് മത്തിയുടെ ലഭ്യത വലിയ തോതില്‍ ഇടിഞ്ഞപ്പോള്‍ തെക്കന്‍ മേഖലയില്‍ മത്തി ലഭ്യത കുറഞ്ഞു. മത്തി ചതിച്ചെങ്കിലും ഇത്തവണ അയല അല്‍പ്പം കൂടുതല്‍ ലഭിച്ചതായാണ് ഈ രംഗത്തുളളവര്‍ പറയുന്നത്. ഇന്നലെ കോട്ടയം മത്സ്യഫെഡ് ഫിഷ് മാര്‍ട്ടില്‍ മത്തി വില 160 രൂപയും അയലയുടെ വില 170 രൂപയുമായിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് മത്സ്യഫെഡ്.  

click me!