കെ.എഫ്.സിക്കും മക്ഡൊണാള്‍ഡിനും വെല്ലുവിളി ഉയര്‍ത്താന്‍ രാംദേവിന്റെ പതഞ്ജലി റെസ്റ്റോറന്റുകള്‍ വരുന്നു

By Web DeskFirst Published May 5, 2017, 12:19 PM IST
Highlights

ദില്ലി: ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദിക്സ്, രാജ്യത്തുടനീളം വിപുലമായ റെസ്റ്റോറന്റ് ശൃംഖല ആരംഭിക്കുന്നു. ആയൂര്‍വ്വേദ മരുന്നുകളും ഭക്ഷ്യ-സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളും വഴി വിപണിയിലില്‍ സ്വാധീനമുറപ്പിച്ച ശേഷമാണ് കെ.എഫ്.സി, മക്ഡൊണാള്‍ഡ്, സബ്‍വേ പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ബദലായി പുതിയ റെസ്റ്റോറന്റ് ശൃംഖല ആരംഭിക്കുന്നത്.

ഉത്തരാഖണ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പതഞ്ജലി ആയൂര്‍വേദിക്സ് ലിമിറ്റഡിന്റെ പുതിയ പദ്ധതികളെക്കുറിച്ച് ബാബാ രാംദേവ് തന്നെയാണ് വാര്‍ത്താസമ്മേളനത്തില്‍ വെച്ച് വിവരം നല്‍കിയത്. ശരീരം, മനസ്, ആത്മാവ് എന്നിവയുടെ ആരോഗ്യമാണ് ആയൂര്‍വേദത്തിന്റെ ലക്ഷ്യമെന്നും ഇത് പൂര്‍ത്തീകരിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ അനിവാര്യമാണെന്നും രാംദേവ് പറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ തന്നെ കടുത്ത മത്സരം നിലനില്‍ക്കുന്ന റെസ്റ്റോറന്റ് വ്യവസായ രംഗത്ത് പതഞ്ജലിയുടെ നീക്കം കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഡൊമിനോസ് പോലുള്ള വന്‍ കമ്പനികള്‍ പോലും മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ കഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. എന്നാല്‍ ആനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് രാംദേവ് പറയുന്നത്.

500ലധികം ഉല്‍പ്പന്നങ്ങളാണ് നിലവില്‍ പതഞ്ജലി വിപണിയിലിറക്കുന്നത്. രാജ്യത്തെ സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ 1.2 ശതമാനമാണ് പതഞ്ജലിയുടെ ഇപ്പോഴത്തെ സ്വാധീനം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ തന്റെ കമ്പനി 10,500 കോടിയുടെ വിറ്റുവരവ് നേടിയെന്ന് രാംദേവ് അവകാശപ്പെട്ടു. പ്രതിവര്‍ഷം 30,000 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും അടുത്ത വര്‍ഷം അത് ഇരട്ടിയാക്കുമെന്നുമാണ് പതഞ്ജലിയുടെ അവകാശവാദം.

click me!