
ദില്ലി: റിസർവ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ കുറയാത്തതിനാൽ പലിശ നിരക്കിൽ മാറ്റമുണ്ടാകാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നതിനാൽ പലിശനിരക്ക് കൂട്ടാനിടയില്ലെന്നാണ് പ്രതീക്ഷ.
നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത്തെ വായ്പ നയത്തിലും പണപ്പെരുപ്പമാണ് റിസർവ് ബാങ്കിനെ പ്രതിസന്ധിയിലാക്കുന്നത്. ഉപഭോക്തൃ പണപ്പെരുപ്പം ഏപ്രിലിൽ സുരക്ഷിത മേഖലയായ നാല് ശതമാനത്തിന് മുകളിലാണ്. തുടർച്ചയായ ഇന്ധനവിലക്കയറ്റം പണപ്പെരുപ്പം ഇനിയും ഉയർത്താൻ സാധ്യതയുള്ളതിനാൽ പലിശ നിരക്കിലെ ഇളവിന് ആർബിഐ തയ്യാറായേക്കില്ല. സാമ്പത്തിക വളർച്ച ദുർബലപ്പെടുത്തുമെന്നതിനാൽ പലിശ വർദ്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാരും എതിരാണ്.
റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവിൽ ആറ് ശതമാനവും റിവേഴ്സ് റിപ്പോ 5.75 ശതമാനവുമാണ്. ബാങ്കുകളിലേക്കെത്തുന്ന നിക്ഷേപത്തിൽ കഴിഞ്ഞ മാസങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് നിമിത്തം എസ്ബിഐ അടക്കമുള്ള ബാങ്കുകൾ നിക്ഷേപ പലിശ നിരക്ക് ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിൽ വിപണിയിലേക്ക് പണമെത്തിക്കാൻ ആർബിഐ പലിശ നിരക്ക് ഉയർത്തുമെന്ന് ഒരു വിഭാഗം വിദഗ്ധർ കരുതുന്നുണ്ട്. ധനനയസമിതി യോഗത്തിന് ശേഷം ഉച്ചയ്ക്ക് 2.30ക്ക് ആർബിഐ ഗവർണർ ഊർജിത് പട്ടേലായിരിക്കും പണനയം പ്രഖ്യാപിക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.