കേന്ദ്ര സര്‍ക്കാര്‍ 'നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന്‍' പദ്ധതിക്ക് കീഴില്‍ കഴുത, കുതിര, ഒട്ടകം എന്നിവയെ വളര്‍ത്തുന്ന ഫാമുകള്‍ തുടങ്ങാന്‍ 50 ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്നു. രാജ്യത്ത് എണ്ണം കുറയുന്ന തദ്ദേശീയ മൃഗങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

മൃഗസംരക്ഷണ രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വമ്പന്‍ സാമ്പത്തിക സഹായവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 'നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന്‍' പദ്ധതിക്ക് കീഴില്‍ കഴുത, കുതിര, ഒട്ടകം എന്നിവയെ വളര്‍ത്തുന്ന ഫാമുകള്‍ തുടങ്ങാന്‍ 50 ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത്.

എന്താണ് പദ്ധതി, ആര്‍ക്കെല്ലാം അപേക്ഷിക്കാം?

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലുള്ള മൃഗസംരക്ഷണ വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സബ്സിഡി തുക: ഫാം തുടങ്ങാനുള്ള മൊത്തം പദ്ധതിച്ചെലവിന്റെ 50 ശതമാനമാണ് മൂലധന സബ്സിഡിയായി ലഭിക്കുക (പരമാവധി 50 ലക്ഷം രൂപ വരെ).

ഗുണഭോക്താക്കള്‍: വ്യക്തികള്‍ക്ക് പുറമെ കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ , ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ , സഹകരണ സംഘങ്ങള്‍, സെക്ഷന്‍ 8 കമ്പനികള്‍ എന്നിവര്‍ക്കെല്ലാം ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

നിബന്ധനകള്‍ എന്തൊക്കെ?

കഴുത ഫാം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കുറഞ്ഞത് 50 പെണ്‍കഴുതകളും 5 ആണ്‍കഴുതകളും ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. വിദേശ ഇനങ്ങളെ വളര്‍ത്താന്‍ ഈ സഹായം ലഭിക്കില്ല. തദ്ദേശീയ മൃഗങ്ങളെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം സബ്സിഡി രണ്ട് ഗഡുക്കളായാണ് ലഭിക്കുക. പദ്ധതിക്കായുള്ള ബാങ്ക് വായ്പ പാസായാല്‍ ഉടന്‍ തന്നെ ആദ്യ ഗഡു ലഭിക്കും. ഫാം നിര്‍മ്മാണം പൂര്‍ത്തിയാക്കി അധികൃതര്‍ നേരിട്ട് വന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് രണ്ടാമത്തെ ഗഡു അനുവദിക്കുക.

എന്തുകൊണ്ട് കഴുത വളര്‍ത്തലിന് ഇത്രയും പ്രാധാന്യം?

രാജ്യത്ത് കഴുതകളുടെ എണ്ണം കുത്തനെ കുറയുന്നതാണ് സര്‍ക്കാരിനെ ഈ പദ്ധതിയിലേക്ക് നയിച്ചത്. 2019-ലെ ലൈവ്സ്റ്റോക്ക് സെന്‍സസ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 1.23 ലക്ഷം കഴുതകള്‍ മാത്രമാണുള്ളത്. 2012-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 60 ശതമാനത്തോളം കുറവാണ്! പണ്ട് കാലത്ത് ഗ്രാമീണ മേഖലകളില്‍ സാധനങ്ങള്‍ കൊണ്ടുപോകാനും നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും കഴുതകളെ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ യന്ത്രങ്ങള്‍ വന്നതോടെ കഴുതകളുടെ ആവശ്യം കുറഞ്ഞു. ഇതോടെയാണ് ഇവയുടെ വംശനാശം തടയാനും സംരക്ഷിക്കാനുമായി സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്കായുള്ള മറ്റ് പദ്ധതികള്‍

നാഷണല്‍ ലൈവ്സ്റ്റോക്ക് മിഷന് പുറമെ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെ സഹായിക്കാന്‍ മറ്റ് ചില പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: ചെറിയ തോതില്‍ മൃഗങ്ങളെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന പദ്ധതിയാണിത്.

രാഷ്ട്രീയ ഗോകുല്‍ മിഷന്‍: നാടന്‍ പശുക്കളുടെയും എരുമകളുടെയും സംരക്ഷണത്തിനായുള്ള പദ്ധതിയാണിത്. ബ്രീഡിംഗ് ഫാമുകള്‍ തുടങ്ങാനും കൃത്രിമ ബീജസങ്കലന സേവനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും.

ഗ്രാമീണ മേഖലയിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, മൃഗസംരക്ഷണ രംഗത്ത് ഉല്‍പ്പാദനം കൂട്ടുക, നാടന്‍ ഇനങ്ങളെ സംരക്ഷിക്കുക എന്നിവയാണ് ഈ പദ്ധതികളിലൂടെയെല്ലാം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.