ആമസോണില്‍ നിന്ന് ടി.വി വാങ്ങുന്നവര്‍ ഈ യുവാവിന് കിട്ടിയ പണി എന്താണെന്ന് അറിയുക

By Web DeskFirst Published Aug 13, 2017, 11:00 AM IST
Highlights

മുംബൈ: ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണില്‍ നിന്ന് 50 ഇഞ്ച് ടി.വി വാങ്ങിയ യുവാവ് രണ്ട് മാസമായി നീതി തേടി അലയുന്നു.  മുംബൈ സ്വദേശിയായ മുഹമ്മദ് സര്‍വാറാണ് മേയ് മാസത്തില്‍ ആമസോണ്‍ വഴി ടി.വി വാങ്ങിയത്. എന്നാല്‍ ഒറിജിനല്‍ ടി.വിയുടെ ബോക്സില്‍ അദ്ദേഹത്തിന് ലഭിച്ചത് മറ്റൊരു കമ്പനിയുടെ 13 അഞ്ച് കംപ്യൂട്ടര്‍ മോണിട്ടറാണെന്നാണ് പരാതി. ആമസോണിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് മടുത്ത യുവാവ് ഇപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്.

മുംബൈയില്‍ ഐ.ടി ജീവനക്കാരനായ മുഹമ്മദ് സര്‍വാര്‍ മേയ് മാസത്തില്‍ ആമസോണിന്റെ ഡിസ്‌കൗണ്ട് പരസ്യം കണ്ടാണ് മിതാഷി കമ്പനിയുടെ 50 ഇഞ്ച്  എല്‍.ഇ.ഡി ടി,വി ഓര്‍ഡര്‍ ചെയ്തത്. ടി.വിയുടെ വിലയായ 33,000 രൂപ ക്രെഡിറ്റ് കാര്‍ഡിലൂടെ നല്‍കി. മെയ് 19 ന് ടി.വി ഡെലിവറി ചെയ്യാന്‍ ആള്‍ വീട്ടിലെത്തി. ഇപ്പോള്‍ പായ്ക്കറ്റ് തുറക്കേണ്ടെന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആള്‍ വരുമെന്നുമായിരിക്കുന്നു ടി.വി കൊണ്ടുവന്ന ജീവനക്കാരന്‍ പറഞ്ഞത്. തുറന്നാല്‍ ടി.വിക്ക് തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞപ്പോള്‍ പിന്നെ ടെക്നീഷ്യന്‍ വന്നതിന് ശേഷം തുറക്കാമെന്ന് അദ്ദേഹവും കരുതി. ഇതൊരു വലിയ വിഡ്ഢിത്തമായിപ്പോയെന്നാണ് മുഹമ്മദ് ഇപ്പോള്‍ പറയുന്നത്.

ഉച്ചയ്ക്ക് ശേഷം ടെകിനീഷ്യന്‍ വന്നപ്പോള്‍ പായ്ക്കറ്റ് തുറന്നു നോക്കിയ മുഹമ്മദ് ശരിക്കും ഞെട്ടി. ബോക്സിനുള്ളില്‍ ടി.വിയില്ല. പകരം ഏസെര്‍ കമ്പനിയുടെ 13 ഇഞ്ച്  മോണിറ്റര്‍ മാത്രം. അതുതന്നെ മുമ്പ് ആരോ ഉപയോഗിച്ചത്. പ്രവര്‍ത്തിപ്പിച്ച് നോക്കിയപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നുമില്ല. തുടര്‍ന്ന് ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല. റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ബോക്സ് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതിന്റെ കൊറിയര്‍ ചാര്‍ജ്ജും മുഹമ്മദ് തന്നെ വഹിക്കണമെന്ന് ആമസോണ്‍ ആവശ്യപ്പെട്ടു.  അയച്ചതിന് ശേഷം വിളിച്ചപ്പോഴും ആമസോണില്‍ നിന്ന് അനുകൂല പ്രതികരണമൊന്നുമില്ല. തുടര്‍ന്ന് മെയില്‍ അയച്ചിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്നും മുഹമ്മദ് പറയുന്നു. പണം തിരികെ ലഭിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ അലയുകയാണിപ്പോള്‍ മുഹമ്മദ്.

click me!