റിലയന്‍സ്  2ജി, 3ജി സേവനങ്ങള്‍ അവസാനിപ്പിക്കുന്നു; ഉപഭോക്താക്കള്‍ ആശങ്കയില്‍

By Web DeskFirst Published Oct 28, 2017, 3:36 PM IST
Highlights

അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് രാജ്യത്ത്  2ജി, 3ജി ടെലികോം സേവനങ്ങൾ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ കേരളത്തിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ആശങ്കയില്‍.  സംസ്ഥാനത്ത് 12 ലക്ഷത്തോളം ഉപഭോക്താക്കളാണ് റിലയന്‍സിനുള്ളത്. ഇവര്‍ മറ്റേതെങ്കിലും നെറ്റ്‌വർക്കിലേക്ക് മാറേണ്ടിവരും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ലഭ്യമായതിനാല്‍ ഇത് അത്ര വലിയ കാര്യമല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇത് ബുദ്ധിമുട്ട് തന്നെയാണ്.  

ഏറെ നാളായി റിലയന്‍സ് ടെലികോമിന്റെ പ്രവര്‍ത്തനം കേരളത്തില്‍ നാമമാത്രമാമ്. ജീവനക്കാരെ മിക്കവരെയും പിരിച്ചുവിട്ടുകഴിഞ്ഞു. ജിയോ കൂടി വന്നതോടെ രാജ്യത്ത് എല്ലായിടത്തും റിലയന്‍സിന് അടിതെറ്റി. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്  വിഭാഗവും അധികം വൈകാതെ അടച്ചുപൂട്ടുമെന്നാണ് സൂചന. കേരളത്തിൽ 20,000 പേർ റിലയന്‍സിന്റെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ട്. കമ്പനിയുടെ കണക്‌ഷൻ, റീചാർജ്, ബിൽ സ്വീകരിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകുന്ന റിലയൻസ് സ്റ്റോറുകൾ ബഹുഭൂരിപക്ഷവും അടച്ചുകഴിഞ്ഞു. ഇവയെല്ലാം ഫ്രാഞ്ചൈസീ വ്യവസ്ഥയിലായിരുന്നു. കമ്പനിക്കു കേരളത്തിലുള്ള ടവറുകളും ഭൂഗർഭ കേബിളും റിലയൻസ് ജിയോയാണ് തുടക്കം മുതൽ ഉപയോഗിക്കുന്നത്. 

ടാറ്റ ടെലിസർവീസസിനെ എയർടെൽ ഏറ്റെടുക്കുകയും റിലയൻസ് കമ്യൂണിക്കേഷൻസ് അവസാനിപ്പിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് ഐഡിയ, വോഡഫോൺ, എയർടെൽ, റിലയൻസ് ജിയോ എന്നീ സ്വകാര്യമേഖലാ കമ്പനികളും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലും മാത്രമാകും. ഐഡിയ വോഡഫോണ്‍ ലയനവും അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. 

click me!