ഇന്ത്യയ്ക്ക് തിരിച്ചടി: എണ്ണ ഉത്പാദനം നിയന്ത്രിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ

By Web TeamFirst Published Oct 26, 2018, 3:48 PM IST
Highlights

ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയായി ഇന്ധന വില കുറഞ്ഞ് വരികയായിരുന്നു. 

റിയാദ്: ഇന്ത്യക്ക് തിരിച്ചടിയായി സൗദി അറേബ്യ വീണ്ടും എണ്ണ ഉത്പാദനം കുറച്ചേക്കുമെന്ന് സൂചന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഉപഭോഗം കുറയുന്ന സാഹചര്യത്തിലാണ് വില നിയന്ത്രിക്കുന്നതിന് സൗദിയുടെ ഇടപെടൽ. ഭാവി സാധ്യതകൾ വിലയിരുത്തി തീരുമാനമെടുക്കുമെന്ന് സൗദിയിലെ എണ്ണ കമ്പനികളുടെ വക്താവ് അറിയിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ഒരാഴ്ചയായി ഇന്ധന വില കുറഞ്ഞ് വരികയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലായിരുന്നു വിലക്കുറവ്.നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 76 ഡോളറിന് അടുത്താണ് വില. അവധി വ്യാപാരത്തിൽ ക്രൂഡ് ഓയിൽ വില പത്ത് ഡോളറിനടുത്ത് ഇടിവുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ് മറികടക്കാൻ ഉത്പാദനം കുറച്ച് വില നിയന്ത്രിക്കാൻ സൗദി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

വാണിജ്യയുദ്ധം കാരണം നാലാം പാദത്തിൽ ഉപഭോക്ത രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ ആവശ്യകത കുറയുകയാണ്. ഈ സാഹചര്യത്തിൽ ഒപെക് രാജ്യങ്ങൾ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ ലഭ്യത കൂട്ടും. തുടർന്ന് സംഭവിക്കാവുന്ന വിലയിടിവ് മറികടക്കാനാണ് സൗദിയുടെ ശ്രമം.അന്താരാഷ്ട്ര വിപണിയിൽ 140 ഡോളർ വരെയെത്തിയ ക്രൂഡ് ഓയിൽ വില ക്രമാതീതമായി കുറയുന്നത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുമെന്നാണ്  സൗദി ഉൾപ്പടെ ഒപെക് കൂട്ടായ്മയുടെ ആശങ്ക. 

ഇറാന് ശേഷം രണ്ടാമതാണ് ക്രൂഡ് ഓയിൽ  ഉത്പാദത്തിൽ  സൗദി അറേബ്യയുടെ സ്ഥാനം. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം നവംബർ 4 ന് പ്രാബല്യത്തിൽ വാരാനിരിക്കെ സൗദി കൂടി നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയുൾപ്പടെ ഉപഭോക്ത രാജ്യങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസമായി തുടരുന്നു ഇന്ധന വിലക്കുറവ് അധികം നാൾ നീണ്ട് നിന്നേക്കില്ലെന്നാണ് അന്താരാഷ്ട്ര വിപണിയിലെ സൂചനകൾ വ്യക്തമാക്കുന്നത്.

click me!