
ദില്ലി: നഷ്ടത്തിൽ വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണികൾ. ആഗോള വിപണികളിലെ തളർച്ചയെയാണ് ഇന്ത്യൻ വിപണികളെ ബാധിച്ചത്. നിഫ്റ്റി 50 സൂചിക 236.05 പോയിന്റ് ഇടിഞ്ഞ് 25,571.15 എന്ന നിലയിലെത്തി. ബിഎസ്ഇ സെൻസെക്സ് 772.19 പോയിന്റ് താഴ്ന്ന് 82,902.73-ലും വ്യാപാരം ആരംഭിച്ചു. ആഗോളതലത്തിൽ ടെക് ഓഹരികൾക്കുണ്ടായ തകർച്ചയും നിക്ഷേപകർക്കിടയിലെ ആശങ്കയുമാണ് ഐടി ഓഹരികളെ കാര്യമായി ബാധിച്ചതെന്ന് വിദഗ്ധർ പറയുന്നു.
ആഗോളതലത്തിൽ നിക്ഷേപകർ നഷ്ടസാധ്യത ഒഴിവാക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഇന്ത്യൻ സൂചികകൾ ഇന്ന് 0.5 ശതമാനം കൂടി ഇടിയാനാണ് സാധ്യത. ഏഷ്യൻ വിപണികളിലെ പ്രധാന ട്രെൻഡുകൾ ഇവയാണ്: യുഎസിലെ തകർച്ച ഏഷ്യൻ വിപണികളെയും ബാധിച്ചു. ടെക് ഓഹരികൾക്കാണ് ഏറ്റവും വലിയ തിരിച്ചടി. എഐ കമ്പനികളുടെ മൂല്യനിർണയത്തിൽ വന്ന മാറ്റങ്ങളും എഐ ഉണ്ടാക്കിയേക്കാവുന്ന പ്രതിസന്ധികളും ഓഹരികളുടെ വിൽപ്പനയ്ക്ക് കാരണമായി.
യുഎസിലെ സാമ്പത്തിക വളർച്ചയെയും ഭവന ഡിമാൻഡിനെയും കുറിച്ചുള്ള ആശങ്കകൾ കാരണം ആഗോളതലത്തിൽ ബോണ്ട് വരുമാനം കുറഞ്ഞു. യുഎസ് ഡോളറിന് ചെറിയ ഇടിവുണ്ടായി. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ജാപ്പനീസ് യെന്നിന് ഡിമാൻഡ് കൂടി. ആഗോള ഡിമാൻഡ് കുറയുമെന്ന പ്രവചനങ്ങൾ എണ്ണവിലയെയും താഴേക്ക് വലിച്ചു. വരാനിരിക്കുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ (യുഎസ് സിപിഐ ഡാറ്റ) വിപണിക്ക് നിർണായകമാകും.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മറ്റ് സൂചികകളിലും നഷ്ടം പ്രകടമായിരുന്നു. നിഫ്റ്റി 100 സൂചിക 0.54 ശതമാനവും നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.47 ശതമാനവും നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 0.64 ശതമാനവും ഇടിഞ്ഞു.
എൻഎസ്ഇയിലെ മേഖലാ സൂചികകളിൽ ഏറ്റവും വലിയ തകർച്ച നേരിട്ടത് ഐടി മേഖലയ്ക്കാണ്. നിഫ്റ്റി ഐടി സൂചിക 5.51 ശതമാനം കൂപ്പുകുത്തി. ആഗോള ടെക് ഓഹരികളിലെ തളർച്ച, എഐ മൂല്യനിർണയത്തിലെ ആശങ്കകൾ, SaaS സ്റ്റോക്കുകളിലെ പ്രതിസന്ധി എന്നിവയാണ് ഐടി ഓഹരികളെ തകർത്തത്. നിഫ്റ്റി ഓട്ടോ 0.12 ശതമാനവും നിഫ്റ്റി മീഡിയ 1.31 ശതമാനവും നിഫ്റ്റി റിയൽറ്റി 1.45 ശതമാനവും നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് 1.19 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.