
ദില്ലി: ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വർഷം മാറ്റിയത് കാരണം പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്ന് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. സിപിഐയുടെ അടിസ്ഥാന വർഷം മാറ്റിയെങ്കിലും, അത് റിസർവ് ബാങ്കിന്റെ പണനയത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ലെന്നും അതുകൊണ്ട്, വരും മാസങ്ങളിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ പഴയപടി തുടരാനായിരിക്കും ആർബിഐയുടെ പദ്ധതിയെന്നും റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാന വർഷം മാറ്റിയതോടെ 2026 ജനുവരിയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ 2.75 ശതമാനമായി ഉയർന്നു. എന്നാൽ, അടിസ്ഥാന പണപ്പെരുപ്പം 3.46 ശതമാനമായി കുറഞ്ഞത് ആശ്വാസം നൽകുന്ന കാര്യമാണ്. അതിനാൽ, മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ല. വാർഷിക കണക്കുകൾ മാത്രം നോക്കാതെ, പണപ്പെരുപ്പത്തിന്റെ ഗതിയും പുതിയ ട്രെൻഡുകളും മോണിറ്ററി പോളിസി കമ്മിറ്റി നിരീക്ഷിക്കുമെന്നും കമ്പനി പറയുന്നു. വിപണിയിലെ പണലഭ്യത ഉറപ്പാക്കുന്നതിലാകും ആർബിഐ ഗവർണർ പ്രധാനമായും ശ്രദ്ധിക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
പുതിയ അടിസ്ഥാന വർഷമായ 2023-24 അനുസരിച്ച്, 2026 ജനുവരിയിലെ ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2.75 ശതമാനമായി ഉയർന്നു. പഴയ അടിസ്ഥാന വർഷമായ 2011-12 പ്രകാരം ഡിസംബറിൽ ഇത് 1.33 ശതമാനമായിരുന്നു. അടിസ്ഥാന പണപ്പെരുപ്പം 3.46 ശതമാനത്തിലേക്ക് താഴ്ന്നു. പഴയ കണക്കനുസരിച്ച് 4.73 ശതമാനം പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. സ്വർണത്തിന്റെ വിലസൂചികയിലെ പങ്ക് 1.1 ശതമാനത്തിൽ നിന്ന് 0.62 ശതമാനമായി കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. സ്വർണത്തെ ഒഴിവാക്കിയുള്ള അടിസ്ഥാന പണപ്പെരുപ്പം 2.91 ശതമാനമാണ്. ഇത് 'അടിസ്ഥാന പണപ്പെരുപ്പ പ്രവണതകൾ ദുർബലമായി തുടരുന്നു' എന്നാണ് കാണിക്കുന്നത്. അതേസമയം, ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 2.11 ശതമാനമായി ഉയർന്ന് വീണ്ടും ഇൻഫ്ലേഷൻ സോണിലേക്ക് തിരിച്ചെത്തി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.