ആദായ നികുതി നല്‍കുന്നവര്‍ക്ക് ഇനിയുള്ള 10 ദിനങ്ങള്‍ നിര്‍ണ്ണായകം

By Web DeskFirst Published Jul 21, 2017, 6:34 PM IST
Highlights

ആദായ നികുതി റിട്ടേണുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും. ജൂലൈ 31ന് മുമ്പാണ് ഈ വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണ്ണായകമാണ്. വിവിധ ഉറവിടങ്ങളില്‍ നിന്നുള്ള ഒരു വ്യക്തിയുടെ ആകെ വരുമാനം സര്‍ക്കാറിനെ അറിയിക്കുന്ന രേഖയാണ് ഇന്‍കം ടാക്സ് റിട്ടേണ്‍. ഇത് സമര്‍പ്പിക്കുന്നതിന് സഹായിക്കുന്ന നിര്‍ണ്ണായകമായൊരു രേഖയാണ് ഫോം-16. ഇത് എന്താണെന്നും എന്താണിതിന്റെ ഉപയോഗമെന്നും നോക്കാം.

എന്താണ് ഫോം-16?
1961ലെ ഇന്‍കം ടാക്‌സ് നിയമത്തിന്റെ 203ാം വകുപ്പ് പ്രകാരം, തൊഴില്‍ ദാതാവ് ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ കുറയ്ക്കുന്ന തുകയുടെ കണക്ക് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ഫോം 16. തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പള സര്‍ട്ടിഫിക്കറ്റിന് തുല്യമായ രേഖയാണിത്. ആകെ ശമ്പളം, വിവിധ കുറവുകള്‍ക്ക് ശേഷം ജീവനക്കാരന്‍ കൈയ്യില്‍ വാങ്ങുന്ന ശമ്പളം, ആദായ നികുതി ഇളവുകള്‍ക്കായി ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍, നികുതി ബാധ്യത, തൊഴിലുടമ നികുതി ഇനത്തില്‍ പിടിച്ച തുക എന്നിവയൊക്കെ ഇതില്‍ കാണിച്ചിട്ടുണ്ടാകും

ഫോം 16ഉം 16Aയും തമ്മിലുള്ള വ്യത്യാസം?
കരാര്‍ അടിസ്ഥാനത്തിലും ദിവസ വേതന അടിസ്ഥാനത്തിലും ഫ്രീലാന്‍സ് രീതിയിലുമൊക്കെയുള്ള ജോലിയാണെങ്കില്‍ ശമ്പളത്തില്‍ നിന്ന് കുറച്ച ടാക്‌സിന്റെ കണക്കാണ് ഫോം 16A യിലുണ്ടാവുക. ശമ്പളം ഒഴികെ  കമ്മീഷനായും മറ്റിനങ്ങളിലും ജീവനക്കാര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ കണക്കും ഈ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമാകും.

ഫോം 16 എങ്ങനെ ലഭിക്കും?
എല്ലാ സാമ്പത്തിക വര്‍ഷത്തേയും ഫോം 16 തൊട്ടടുത്ത മേയ് അവസാനത്തില്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് നല്‍കും. തൊഴില്‍ ദാതാവിന്റെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ഫോം 16 ഓണ്‍ലൈനായാണ് മിക്ക തൊഴിലുടമകളും നല്‍കുന്നത്. ഒരു സാമ്പത്തിക  വര്‍ഷത്തിനിടയില്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെങ്കില്‍ രണ്ട് തൊഴില്‍ ദാതാക്കളില്‍ നിന്നും ഫോം 16 സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും

ഫോം 16നെക്കുറിച്ച് കൂടുതലറിയാന്‍
ഫോം 16ന് A, B എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. പാര്‍ട്ട് A -ജീവനക്കാര്‍ക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന് സമാനമാണ്. ഇതിനോടൊപ്പം പാന്‍, അഡ്രസ്, ശമ്പളം കണക്കാക്കുന്ന കാലയളവ്, കുറച്ച ടാക്‌സിന്റെ കണക്ക്, സര്‍ക്കാരിനടച്ച തുക എന്നിവ ചേര്‍ത്തിരിക്കും.
പാര്‍ട്ട് B - മൊത്തം ശമ്പളത്തിന്റെ വിശദ വിവരങ്ങള്‍, ആദായ നികുതി ഇളവ് അവകാശപ്പെടുന്നതിന്റെ വിശദാംശങ്ങള്‍, നികുതി കണക്കാക്കുന്ന ശമ്പളം, അടച്ച ടാക്‌സ്, തിരികെ ലഭിക്കേണ്ട തുക എന്നിവയും നല്കിയിരിക്കും.

ഫോം 16ന്‍റെ പ്രാധാന്യമെന്ത്?
ആകെ വരുമാനവും ശമ്പളത്തില്‍നിന്ന് ടാക്‌സായി കുറച്ച തുകയും കൃത്യമായി മനസിലാക്കാന്‍ കഴിയുമെന്നതിനാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ സുപ്രധാനമായൊരു രേഖയാണ് ഫോം 16. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത അവസരങ്ങളില്‍ ബാങ്കില്‍ നിന്ന് ലോണ്‍ ലഭിക്കുന്നതിനുള്ള പരിശോധനാ വേളയിലും ഫോം 16 ഉപകരിക്കും

ഫോം 16 ഇല്ലെങ്കില്‍ എങ്ങനെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാം?
ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഫോം 16 സഹായിക്കുമെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഫോം 16 നിര്‍ബന്ധമല്ല. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായത്തോടെയോ അല്ലെങ്കില്‍ സ്വന്തമായിട്ടോ വരുമാനം കണക്കാക്കി നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനാവും
ഫോം 16/16A ഇല്ലെങ്കില്‍ ഓണ്‍ലൈനായി ഫോം 26 AS ഉപയോഗിച്ച് ടാക്‌സ് അടയ്‌ക്കാം. ഉറവിടത്തില്‍ നിന്ന് ശേഖരിച്ച നികുതിയുടെ പൂര്‍ണ്ണവിവരങ്ങള്‍ ഫോം 26ASല്‍ ലഭ്യമാകും. പലിശ ഇനങ്ങളിലുള്ള വരുമാനം ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഉപയോഗിച്ചും കണക്കാക്കാം. ആകെ നികുതി കണക്കാക്കിയ ശേഷം ബാക്കിയുള്ള നികുതി അടയ്ക്കാം. അധികം തുക വരുമാനത്തില്‍ നിന്ന് പിടിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കാനും അപേക്ഷ നല്‍കാനാവും.

click me!