
14 വർഷങ്ങൾക്ക് ശേഷം അമൽ നീരദ് ബാച്ച്ലർ പാർട്ടിയുമായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു മലയാള സിനിമ പ്രേക്ഷകർ. അത്തരം പ്രതീക്ഷകളെല്ലാം ശരിവക്കുന്നതായിരുന്നു വമ്പൻ താരനിരയുമായെത്തിയ 'ബാച്ച്‌ലർ പാർട്ടി Deux'. സിനിമ പ്രഖ്യാപിച്ച അന്ന് മുതൽ ചിത്രത്തിന്റെ പേര് പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. D'EUX എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർത്ഥമാക്കുന്നത്. അത്തരത്തിൽ സോണി, ഡാനി, പപ്പൻ, സേവി, മമ്മു എന്നീ അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സ്നേഹാലയം എന്ന അനാഥാലയത്തിൽ നിന്നും ഒരു പ്രത്യേക സാഹചര്യത്തിൽ പുറത്തുകടക്കേണ്ടി വന്ന അഞ്ച് പേരും 20 വർഷത്തിന് ശേഷം ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ബാച്ച്‌ലർ പാർട്ടി Deux എന്ന ചിത്രത്തിന്റെ പ്രമേയം.
അമൽ നീരദ് ചിത്രങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സ്റ്റൈലിഷായ മേക്കിങ് തന്നെയാണ്. അത്തരം മേക്കിങ്ങിൽ യാത്രയ വിധ വിട്ടുവീഴ്ചയും ചെയ്യാതെ തന്നെയാണ് ബാച്ച്‌ലർ പാർട്ടി Deux ഒരുക്കിയിരിക്കുന്നത്. ഗുരു എന്ന ലോക്കൽ നേതാവുമായി തെറ്റി പിരിയുന്ന ഡാനിയും സേവിയും മമ്മുവും സ്വന്തമായി മറ്റ് പദ്ധതികൾ പ്ലാൻ ചെയ്യുകയും സോണിയും പപ്പനും ഗുരുവിന്റെ കൂടെ തന്നെ നിൽക്കുകയും ചെയ്യുന്നതോടെ ചിത്രം അതിന്റെ പുതിയ കോൺഫ്ലിക്റ്റ് ഏരിയകളിലേക്ക് കടക്കുന്നു.
കേരള സമൂഹം സാക്ഷ്യം വഹിച്ച ഒട്ടനവധി സംഭവ വികാസങ്ങളിൽ നിന്നും ചിത്രം പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. സിനിമ മൊത്തത്തിൽ അമൽ നീരദിന്റെ മേക്കിങ് കൊണ്ട് മികച്ചുനിൽക്കുന്നു. അപ്പു പ്രഭാകറിന്റെ സിനിമാറ്റോഗ്രഫിയും ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയെ മികച്ച ദൃശ്യാനുഭവത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.
നെസ്ലന്റെയും ഷറഫുദീന്റെയും സൗബിന്റെയും ചന്ദുവിന്റേയും ശ്രീനാഥ് ഭാസിയുടെയും പ്രകടനം തന്നെയാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ധീരജ് പ്രഭുവും അദ്ദേഹത്തിന്റെ പതിവ് കഥാപാത്രങ്ങളിൽ നിന്നും വേറിട്ട് നിന്നത് കൊണ്ട് തന്നെ വ്യത്യസ്‍തമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കൂടെ നദിയ മൊയ്‌തുവും, രജിഷ വിജയനും, ഹൻസിക കൃഷ്ണയും, ഷൈൻ ടോം ചാക്കോയും അവരവരുടെ കഥാപാത്രങ്ങളെ ഗംഭീരമാക്കി.
ആക്ഷൻ രംഗങ്ങളെല്ലാം തന്നെ അമൽ നീരദ് ശൈലികളാൽ സമ്പന്നമായപ്പോൾ ടോവിനോയുടെ കാമിയോ റോളും തിയേറ്ററിൽ ഓളമുണ്ടാക്കി. തിയേറ്റർ വാച്ച് ഡിമാൻഡ് ചെയ്യുന്ന ടിപ്പിക്കൽ അമൽ നീരദ് പടം തന്നെയാണ് ബാച്ച്‌ലർ പാർട്ടി Deux. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തോടുള്ള അനാവശ്യ താരതമ്യങ്ങളിലാതെ ചിത്രത്തെ നോക്കിക്കണ്ടാൽ നിരാശരാവില്ല എന്നത് ഉറപ്പാണ്.