ഫോട്ടോഗ്രാഫുകളിലൂടെ ചരിത്രം തിരയുമ്പോള്‍; 'ആന്‍ ഓസിലേറ്റിംഗ് ഷാഡോ' റിവ്യൂ

Published : Dec 15, 2024, 05:35 PM IST
ഫോട്ടോഗ്രാഫുകളിലൂടെ ചരിത്രം തിരയുമ്പോള്‍; 'ആന്‍ ഓസിലേറ്റിംഗ് ഷാഡോ' റിവ്യൂ

Synopsis

ഐഎഫ്എഫ്‍കെ മത്സരവിഭാഗത്തിലുള്ള ചിലിയന്‍ ചിത്രം ആന്‍ ഓസിലേറ്റിംഗ് ഷാഡോയുടെ കാഴ്ചാനുഭവം

ഫോട്ടോഗ്രഫി സത്യമാണ്, സിനിമ സെക്കന്‍റില്‍ 24 തവണയുള്ള സത്യവും, വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഴാങ് ലുക് ഗൊദാര്‍ദിന്‍റെ വാചകമാണ് അത്. ഒരു ക്ലിക്കിലൂടെ സമയത്തെ ഫ്രെയ്മുകളില്‍ ഒരു ചരിത്ര രേഖയാക്കുകയാണ് നമ്മള്‍. കാലം ചെല്ലുന്തോറും ആ രേഖയ്ക്ക് മൂല്യം കൂടുകയും ചെയ്യും. ഒരു ഡാര്‍ക് റൂമില്‍ ഇരുന്ന് പഴയ ഫോട്ടോഗ്രാഫുകള്‍ പരിചയപ്പെടുത്തുകയാണ് ഒരു മകളും അച്ഛനും. ആത്മകഥനം പോലെ ആരംഭിക്കുന്ന ആ പരിചയപ്പെടുത്തല്‍ ഒരു ആത്മകഥ മാത്രമല്ലെന്നും മറിച്ച് ഒരു നാട് പിന്നിട്ട കൈപ്പേറിയ ഭൂതകാല ഓര്‍മ്മകള്‍ അവയില്‍ അടങ്ങിയിട്ടുണ്ടെന്നും പിന്നീട് നാം അറിയുന്നു. ഐഎഫ്എഫ്കെ 2024 മത്സരവിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രമാണ് ആന്‍ ഓസിലേറ്റിംഗ് ഷാഡോ. 

ചിലി, അര്‍ജന്‍റീന, ഫ്രാന്‍സ് കോ പ്രൊഡക്ഷനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിലിയന്‍ സംവിധായിക സെലെസ്റ്റെ റോജാസ് മുജിക ആണ്. തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാഖ്യാനത്തിലൂടെ, ഒരു മനുഷ്യന്‍റെ ഭൂതകാലത്തിലൂടെ ഒരു നാട് തന്നെ പിന്നിട്ട സംഘര്‍ഷകാലം ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായിക. സെലെസ്റ്റെയെ സംബന്ധിച്ച് അത് ആത്മകഥാപരം കൂടിയാണ് അത്. കാരണം ഫോട്ടോഗ്രാഫര്‍ ആയ അച്ഛന്‍ എടുത്ത ഫോട്ടോകള്‍ ചേര്‍ത്തുവച്ച് അദ്ദേഹത്തിന്‍റെ ഓര്‍മ്മകളിലൂടെയാണ് അവര്‍ ചിലിയുടെ കഴിഞ്ഞ കാലം പറയുന്നത്. അഗസ്റ്റോ പിനോഷെയുടെ പട്ടാള ഭരണം നടക്കുന്ന കാലത്ത് ഒളിവില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെട്ട ആളായിരുന്നു സെലെസ്റ്റെയുടെ അച്ഛന്‍. 

'ആന്‍ ഓസിലേറ്റിംഗ് ഷാഡോ'

ഫോട്ടോഗ്രാഫ് എന്നതിന്‍റെ പല ലെയറുകളിലുള്ള സത്യത്തെയും സൗന്ദര്യത്തെയും വെളിപ്പെടുത്തുന്നുണ്ട് ചിത്രം. സംവിധായികയുടെ അച്ഛന്‍റെ ചില  ഫുട്ടേജുകള്‍ ഒഴിച്ചാല്‍ 95 ശതമാനത്തിലേറെയും സ്റ്റില്‍ ഫോട്ടോഗ്രാഫുകളിലൂടെയാണ് സെലെസ്റ്റെ കഥ പറയുന്നത്. ഇമേജുകള്‍ കൊണ്ട് എഴുതുന്ന ഡയറിയെന്ന് വിശേഷിപ്പിക്കാവുംവിധമാണ് ചിത്രങ്ങള്‍ക്കൊപ്പം വരുന്ന നരേഷന്‍. ചിലിയിലെ എണ്‍പതുകളില്‍ പകര്‍ത്തപ്പെട്ട സ്ട്രീറ്റ് ഫോട്ടോഗ്രാഫുകള്‍ ഓരോന്നും അതിസൂക്ഷ്മമായാണ് സംവിധായിക അപഗ്രഥനം ചെയ്യുന്നത്. ഓരോ ചിത്രങ്ങള്‍ക്കും ഒരു കഥ പറയാന്‍ ഉള്ളതുപോലെ. ഫോട്ടോഗ്രാഫില്‍ പെട്ടുപോകരുതെന്നും അത് ശത്രുവിന്‍റെ കൈയിലെ ആയുധമാണെന്നുമുള്ള ഒരു വാചകം ചിത്രത്തില്‍ ഒരിടത്ത് ഉണ്ട്. ആ വാചകം പോലെ സെലെസ്റ്റെയുടെ ഫോട്ടോഗ്രാഫറായ അച്ഛന്‍റെ ക്യാമറയ്ക്ക് മുന്നില്‍ മുഖം വ്യക്തമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നിരവധി മനുഷ്യരെ ആ ചിത്രങ്ങളില്‍ കാണാം. ഒപ്പം ചുവരെഴുത്തുകളും ഗ്രാഫിറ്റിയുമൊക്കെ സംവിധായിക ഒരു ആത്മകഥനം പോലെ പറയുന്നുണ്ട്.

സംവിധായിക

ചരിത്രത്തെ ഡോക്യുമെന്‍റ് ചെയ്തിരിക്കുന്ന ജീവനുള്ള ഈ ചിത്രങ്ങളെ കേവലം ഡോക്യുമെന്‍റ് ചെയ്തിരിക്കുകയല്ല സെലെസ്റ്റെ റോജാസ്. മറിച്ച് ഒരു നാട് കടന്നുപോയ സംഘര്‍ഷ കാലത്തെ അലിവോടെയാണ് അവര്‍ തിരിഞ്ഞുനോക്കുന്നത്. ചരിത്രത്തിന്‍റെ ഫ്രെയ്മില്‍ ഉള്‍പ്പെടാതെയിരിക്കല്‍ മനുഷ്യരെ സംബന്ധിച്ച് ഒരു സാധ്യതയല്ലെന്നും ചിത്രം പറയാതെ പറയുന്നുണ്ട്. വിഷ്വല്‍ നരേറ്റീവിനെക്കുറിച്ച് പറഞ്ഞാല്‍ ഗൊദാര്‍ദിന്‍റെ ദി ഇമേജ് ബുക്ക് അടക്കമുള്ള ചിത്രങ്ങളോട് സാദൃശ്യമുണ്ട് ആന്‍ ഓസിലേറ്റിംഗ് ഷാഡോയ്ക്ക്. എന്നാല്‍ ഗൊദാര്‍ദ് സാധ്യമായ എല്ലാത്തരം ഫുട്ടേജുകളും ഉപയോഗിച്ച് ഒരു ദൃശ്യപ്രളയമാണ് തീര്‍ത്തിരിക്കുന്നതെങ്കില്‍ സെലെസ്റ്റെ ചെയ്തിരിക്കുന്നത് സ്റ്റില്‍ ഫോട്ടോഗ്രാഫുകളിലൂടെയുള്ള ധ്യാനമാണ്. ഒരേ സമയം ആന്തരികവും രാഷ്ട്രീയവുമായ ഒന്ന്. 

ALSO READ : ശരീരം, മനുഷ്യന്‍, പാട്രിയാര്‍ക്കി; 'ബോഡി' റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ