Latest Videos

രസിപ്പിച്ചും ചിന്തിപ്പിച്ചും ഇന്ദ്രൻസും ഷറഫും, ജീവിതം തന്നെ 'ആനന്ദം പരമാനന്ദം'- റിവ്യു

By Web TeamFirst Published Dec 23, 2022, 4:27 PM IST
Highlights

ഇന്ദ്രൻസും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റ റിവ്യു.

മലയാളി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചുകൊണ്ടുള്ള പ്രകടനം തുടരുകയാണ് ഇന്ദ്രൻസ്. കഥാപാത്രങ്ങള്‍ക്ക് ഓരോന്നിനും ഏറ്റവും അനുയോജ്യമായ രീതിയില്‍ ഒന്നിനൊന്ന് വ്യത്യസ്‍തമായ ഭാവപകര്‍ച്ചകള്‍ നല്‍കി അമ്പരപ്പിക്കുകയാണ് ഇന്ദ്രൻസ്. 'ആനന്ദം പരമാനന്ദം' എന്ന പുതിയ സിനിമയിലും ഇന്ദ്രൻസ് നിറഞ്ഞുനില്‍ക്കുകയാണ്. ഒപ്പം ഷാഫിയുടെ സംവിധാനത്തില്‍ ഷറഫുദ്ദീനും ചേരുമ്പോള്‍ ഒരു ക്ലീൻ ഫാമിലി എന്റര്‍ടെയ്‍നറായി മാറിയിരിക്കുകയാണ് 'ആനന്ദം പരമാനന്ദം'.

കല്യാണാലോചനകള്‍ നടക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനാണ് പോസ്റ്റ്‍മാനായി വിരമിച്ച 'ദിവാകര കുറുപ്പ്'. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം 'കുറുപ്പ്'  സ്ഥിരം മദ്യപാനമാണ്. രാവിലെ അമ്പലത്തിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി പകലിരവോളം കള്ള് ഷാപ്പില്‍ ചെലവിടുന്ന 'കുറുപ്പ്' രാത്രിയിലാണ് തിരിച്ചെത്തുക. മകള്‍ 'അനുപമ'യ്‍ക്ക് വരുന്ന വിവാഹ ആലോചനകള്‍ മുടങ്ങുന്നതും 'ദിവാകര കുറുപ്പി'ന്റെ മദ്യപാനം കാരണമാണ്. സ്ഥിരം മദ്യപാനിയാണെങ്കിലും മകളുടെ വിവാഹ ചെലവുകള്‍ക്കായി പണം സ്വരൂപിച്ചുവച്ചിട്ടുമുണ്ട് 'കുറുപ്പ്'. അങ്ങനെയിരിക്കെ മദ്യപാനിയായ പ്രവാസി യുവാവായ 'ഗിരീഷി'ന് 'അനുപമ'യോട് പ്രണയം തോന്നുന്നു. 'ഗീരീഷ്' വിവാഹാലോചനയുമായി സമീപിക്കുന്നുവെങ്കിലും അത് 'ദിവാകര കുറുപ്പ്' എതിര്‍ക്കുന്നു. അച്ഛൻ മദ്യപാനം നിര്‍ത്തിയില്ലെങ്കില്‍ 'ഗിരീഷു'മായുള്ള വിവാഹത്തിന് താൻ തയ്യാറാകുമെന്ന് 'അനുപമ' പറയുന്നു. 'കുറുപ്പി'ന് മദ്യപാനം നിര്‍ത്താനാകുമോ?. 'ഗിരീഷു'മായി 'അനുപമ' വിവാഹിതയാകുമോ?..  രസകരവും സംഘര്‍ഷഭരിതവും ആകാംക്ഷയുണര്‍ത്തുന്നതുമായ തുടര്‍ സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.

ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങി സിനിമയുടെ സ്വഭാവം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സംവിധായകൻ ഷാഫി. ഷാഫിയുടെ മുൻ സിനിമകളേതുപോലെ തന്നെ രസകരമായ രംഗങ്ങള്‍ കോര്‍ത്തുള്ള സിനിമയാണെങ്കിലും സാമൂഹ്യപ്രസക്തമായ ഒരു വിഷയത്തിനും ഇത്തവണ പ്രാധാന്യം നല്‍കിയിരിക്കുന്നു. ഷാഫിയെന്ന പക്വതയാര്‍ന്ന സംവിധായകന്റെ കയ്യടക്കം സിനിമയുടെ കഥ പറച്ചിലില്‍ പ്രകടമാണ്. കോമഡി സംഭാഷണങ്ങള്‍ക്ക് അപ്പുറം ഒരു രംഗത്തിന്റ ടോട്ടാലിറ്റിയില്‍ രസിപ്പിക്കുന്ന കഥാ സന്ദര്‍ഭങ്ങളും ആഖ്യാനവുമാണ് 'ആനന്ദം പരമാനന്ദ'ത്തിന്റേത്. എം സിന്ധുരാജിന്റെ തിരക്കഥ രസകരമായ സിനിമാ കാഴ്‍ച ഒരുക്കുന്നതില്‍ ഷാഫിക്ക് മികച്ച പിന്തുണ തന്നെ നല്‍കിയിട്ടുണ്ട്. ലാളിത്യമുള്ള എഴുത്താണ് ഇത്തവണയും സിന്ധുരാജിന്റേത്. എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലുള്ള കഥാ സന്ദര്‍ഭങ്ങള്‍ ബ്രില്യന്റായ ക്രാഫ്റ്റില്‍ 'ആനന്ദ് പരമാനന്ദ'ത്തിനായി സിന്ധു രാജിന്റെ എഴുത്തിലുണ്ടായിട്ടുണ്ട്.

'ദിവാകര കുറുപ്പാ'യി ഇന്ദ്രൻസ് ആണ് ചിത്രത്തില്‍ നിറഞ്ഞാടിയിരിക്കുന്നത്. അളന്നുമുറിച്ചുള്ള ഇന്ദ്രൻസിന്റെ പകര്‍ന്നാട്ടമാണ് പാളിപ്പോകാവുന്ന കഥാ സന്ദര്‍ഭങ്ങളെയും കൃത്യമായി പ്രതിഫലിപ്പിച്ചിരിക്കുന്നത്. മദ്യപാനാസക്തി പ്രകടമാക്കുന്ന രംഗങ്ങളില്‍ പോലും ഇന്ദ്രൻസ് മിത്വതമാര്‍ന്നതും എന്നാല്‍ കൃത്യമായി സംവദിപ്പിക്കപ്പെടുന്നതുമായ ഭാവപകര്‍ച്ചകളാണ് 'കുറിപ്പി'നായി അവതരിപ്പിച്ചിരിക്കുന്നത്. മകളോടുള്ള 'കുറുപ്പി'ന്റെ സ്‍നേഹം പ്രകടമാകുന്ന രംഗങ്ങളിലും ഇന്ദ്രൻസ് പ്രേക്ഷകരുടെ ഇഷ്‍ടം കൂടും. മറുവശത്ത്  'ഗിരീഷ്' എന്ന  ചെറുപ്പക്കാരനായിട്ട് ഷറഫുദ്ദീനും മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നു. ആല്‍ക്കഹോളിക്കായ  'ഗിരീഷി'ന്റെ മാനറിസങ്ങള്‍ തീര്‍ത്തും ഷറഫുദ്ദീനില്‍ ഭദ്രമാണ്. 'മുളക് ഗോപി'യായി അജു വര്‍ഗീസിനും ചിത്രത്തില്‍ മുഴുനീള വേഷമുണ്ട്. നിഷ സാരംഗിന്റെ പ്രകടനവും ആകര്‍ഷിക്കുന്നതാണ്. അനഘ നാരായണൻ 'അനുപമ'യെന്ന കഥാപാത്രമായി ചിത്രത്തില്‍ തിളങ്ങുന്നു.

മനോജ് പിള്ളയുടെ ഛായാഗ്രാഹണം ഷാഫിയുടെ സിനിമയോട് ചേര്‍ന്നുനില്‍ക്കുന്ന തരത്തില്‍ തന്നെ.  ചെറിയ ചുറ്റുപാടുകളില്‍ ചിത്രീകരിച്ച ഒരു സിനിമ ആയിട്ടും 'ആനന്ദം പരമാനന്ദം' മികച്ച തിയറ്റര്‍ കാഴ്‍ചയായി മാറുന്നത് മനോജ് പിള്ളയുടെ ഛായാഗ്രാഹണ മികവുകൊണ്ടും കൂടിയാണ്. ഷാൻ റഹ്‍മാന്റെ സംഗീതവും ഷാഫിയുടെ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. മനു മഞ്‍ജിത്ത് എഴുതിയ ഗാനങ്ങള്‍ ചിത്രത്തിന്റെ വിവിധ ഭാവങ്ങള്‍ കൃത്യമായി പകര്‍ത്തുന്നു.

സാരോപദേശ വാക്കുകളാകാതെ, ഒരു സാമൂഹ്യ വിപത്തിനെ കുറിച്ച് സര്‍ഗാത്മകമായി പ്രേക്ഷകരെ ബോധവത്കരിക്കുക എന്ന ലക്ഷ്യവും 'ആനന്ദം പരമാനന്ദം' നിറവേറ്റുന്നുണ്ട്. ഏറ്റവും വലിയ ലഹരി ജീവിതം തന്നെ എന്നു പറഞ്ഞുവയ്‍ക്കുന്നു ചിത്രം. വിരസതയൊട്ടും തോന്നിപ്പിക്കാതെ ഇങ്ങനെയൊരു ദൗത്യം ചിത്രം നിര്‍വഹിച്ചിരിക്കുന്നത്. എന്തായാലും കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഒരുമിച്ച് ആസ്വദിക്കാനാകുന്ന രസകരമായ ഒരു ചിത്രം തന്നെയാണ് 'ആനന്ദം പരാമനന്ദം'.

Read More: പകരക്കാരിയായി എത്തിയ സഹോദരിയെ അവര്‍ തിരിച്ചറിയുമോ?, 'സ്‍കൂള്‍' റിവ്യു

click me!