
ഭയത്തിനൊപ്പം എത്തുന്ന ചിരി ബിഗ് സ്ക്രീനിലെ ഹോട്ട് കോമ്പിനേഷനാണ്. അനുപാതം നന്നായാല്‍ വന്‍ വിജയം നേടുന്ന കോമ്പോ. ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിന്ന് ഇന്ന് ഇറങ്ങുന്നുണ്ട് മിനിമം ഗ്യാരന്‍റി കല്‍പ്പിക്കപ്പെടുന്ന ഈ ജോണറിലെ ചിത്രങ്ങള്‍. മലയാളത്തില്‍ നിന്ന് എത്തിയിരിക്കുന്ന ഏറ്റവും പുതിയ ചിത്രം നെല്ലിക്കാംപൊയില്‍ നെറ്റ് റൈഡേഴ്സും ഹൊറര്‍ കോമഡിയാണ്. ഒപ്പം ഫാന്‍റസിയുടെ എലമെന്‍റുകളും ഉണ്ടെന്ന് മാത്രം. എഡിറ്റര്‍ എന്ന നിലയില്‍ കൈയടികള്‍ നേടിയിട്ടുള്ള നൗഫല്‍ അബ്ദുള്ളയുടെ സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ മാത്യു തോമസ് ആണ് നായകന്‍.
കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള നെല്ലിക്കാംപൊയില്‍ എന്ന സാങ്കല്‍പിക ഗ്രാമത്തെ സംവിധായകന്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത് നെല്‍പാടങ്ങള്‍ അതിരിടുന്ന പാലക്കാടന്‍ ഗ്രാമീണതയില്‍ നിന്നാണ്. ബെംഗളൂരുവില്‍ പഠിക്കുന്ന ശ്യാം നാട്ടില്‍ വണ്ടിയിറങ്ങുകയാണ്. ശ്യാമിന്‍റെ വോയ്സ് ഓവറിലൂടെയാണ് നൗഫല്‍ അബ്ദുള്ള നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തെയും അതിന്‍റെ പ്രത്യേകതകളെയുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നത്. മിത്തുകളിലും അദൃശ്യശക്തികളുടെ സാന്നിധ്യത്തിലുമൊക്കെ ആഴത്തില്‍ വിശ്വാസമുള്ള ഗ്രാമീണര്‍ക്ക് പൊതുവായുള്ള ഒന്ന് ഭയമാണ്. ഇരുട്ടില്‍ തങ്ങളെ കാത്തിരിക്കുന്ന മാടനെയും മറുതയെയും കൂളിയെയുമൊക്കെ ഭയമുള്ളവരുടെ നാട്ടില്‍ അത്തരത്തിലുള്ള അനുഭവകഥകള്‍ക്കും പഞ്ഞമില്ല.
അത്തരത്തിലുള്ള പുതിയ ഒരു സാന്നിധ്യത്തെക്കുറിച്ചുള്ള അനുഭവകഥകളിലേക്കാണ് ശ്യാം ബെംഗളൂരുവില്‍ നിന്ന് നാട്ടില്‍ വണ്ടിയിറങ്ങുന്നത്. സ്വതവേ ഇരുട്ടിനെ പേടിയുള്ള ശ്യാമിന് കൂട്ടുകാര്‍ക്കൊപ്പം ആ ദുര്‍സാന്നിധ്യത്തിനെ ഗ്രാമത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ നേരിട്ട് ഇറങ്ങേണ്ടിവരികയാണ്. നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തിന്‍റേത് കൂടിയായി മാറുന്ന ധൈര്യപൂര്‍വ്വമുള്ള ആ പരിശ്രമത്തിന്‍റെ കഥയാണ് നൈറ്റ് റൈഡേഴ്സ്. ഒരു ഹൊറര്‍ കോമഡി പറയാനുള്ള ഗംഭീര സെറ്റിംഗ് ആണ് നെല്‍പാടങ്ങളും വിജയമായ സ്ഥലങ്ങളും മലനിരകളുമൊക്കെയുള്ള പാലക്കാടന്‍ ഗ്രാമീണതയില്‍ നൗഫല്‍ അബ്ദുള്ള സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ശ്യാമിന്‍റെ വാക്കുകളില്‍ ഗ്രാമത്തെ പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന ചിത്രം ഫ്രഷ് ആയ ഒരു വിഷ്വല്‍ എക്സ്പീരിയന്‍സ് കൂടിയാണ് നല്‍കുന്നത്. മാത്യു തോമസ് ആണ് ശ്യാമിനെ അവതരിപ്പിച്ചിരിക്കുന്നത്.
മനുഷ്യന്‍റെ പ്രാഥമിക വികാരങ്ങളിലൊന്നായ ഭയത്തില്‍ ഊന്നി കഥ പറയുന്ന ചിത്രത്തിന്‍റെ ആഖ്യാനം ഏറെ ലളിതമാണ്. നായകനും അവന്‍റെ സുഹൃത്തുക്കളുമാണ് ആഖ്യാനത്തിന്‍റെ കേന്ദ്ര സ്ഥാനത്തെങ്കിലും അവരുടെ മാത്രം കഥയല്ല നൈറ്റ് റൈഡേഴ്സ്, മറിച്ച് നെല്ലിക്കാംപൊയില്‍ എന്ന ഗ്രാമത്തിന്‍റേത് കൂടിയാണ്. ഇരുട്ടിനെ ഭയമുള്ള ഒരാള്‍ക്ക് ഭയപ്പെടുത്തുന്ന ഒരു ആസുര ശക്തിക്കെതിരെ നില്‍ക്കേണ്ടിവരുന്ന സാഹചര്യമാണ് കഥയിലെ ഹൈലൈറ്റ്. അതില്‍ അയാള്‍ വിജയിക്കുമോ എന്നതാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ള ചോദ്യം. ഏത് യുവനടനും ആഗ്രഹിക്കുന്ന മട്ടിലുള്ളൊരു കഥാപാത്രമാണ് ശ്യാം. ഭയവും അതിന്‍റെ ഒളിപ്പിക്കലും ഒപ്പം റൊമാന്‍റിക് ട്രാക്കുമൊക്കെയുള്ള സിംപിള്‍ ആയ ആ കഥാപാത്രത്തെ മാത്യു തോമസ് മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മാത്യുവിന്‍റെ സുഹൃത്തുക്കള്‍ രാജേഷേട്ടനായി എത്തിയ ശരത് സഭയും കണ്ണനായി എത്തിയ റോഷന്‍ ഷാനവാസും മികച്ച കാസ്റ്റിംഗ് ആയിരുന്നു. കോമഡിയും ഭയവുമൊക്കെ നന്നായി അനുഭവപ്പെടുത്തുന്ന കെമിസ്ട്രി ആയിരുന്നു ഈ മൂവര്‍ സംഘത്തിന്‍റേത്. ശ്യാമിന്‍റെ പ്രണയിനി ദിവ്യയായി എത്തിയ മീനാക്ഷി ഉണ്ണികൃഷ്ണന്‍ മലയാളത്തിലെ പുതുതലമുറ നായികനിരയിലേക്കുള്ള പ്രതീക്ഷയാവുന്നു. മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങള്‍ അബു സലിം അവതരിപ്പിച്ച റിട്ടയേര്‍ഡ് പട്ടാളക്കാരനും വിഷ്ണു അഗസ്ത്യയുടെ പൊലീസുകാരനുമാണ്. മികച്ച സിനിമാറ്റോഗ്രഫിയാണ് ചിത്രത്തിന്‍റേത്. പകല്‍ പോലും വലിയ ആളനക്കമില്ലാത്ത ഒരു ഗ്രാമത്തെയും അതിന്‍റെ രാത്രികളെയുമൊക്കെ മനോഹരമായി ഫ്രെയ്മുകളില്‍ ആക്കിയിട്ടുണ്ട് അഭിലാഷ് ശങ്കര്‍. നിരവധിയായ നൈറ്റ് സീക്വന്‍സുകളുള്ള ചിത്രത്തിന്‍റെ ഫാന്‍റസി സ്വഭാവം അനുഭവപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് ഛായാഗ്രഹണത്തിനാണ്.
നൗഫല്‍ അബ്ദുള്ള തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്വല്‍ എഫക്റ്റ്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആ ഡിപ്പാര്‍ട്ട്മെന്‍റ് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യാക്സണ്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ജ്യോതിഷ് എം, സുനു എ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ എല്ലായ്പ്പോഴും കൗതുകത്തോടെ സമീപിക്കുന്നവയാണ് ഹൊറര്‍ കോമഡി ജോണറിലുള്ള ചിത്രങ്ങള്‍. ആ കൗതുകം നല്‍കുന്ന പ്രതീക്ഷ ഇവിടെ പാഴാവുന്നില്ല.