എങ്ങനെ മറക്കും അലീസയുടെ ആഘോഷങ്ങളെ; വേര്‍ ദി വിന്‍ഡ് കംസ് ഫ്രം- റിവ്യൂ

Published : Dec 18, 2025, 12:54 PM ISTUpdated : Dec 18, 2025, 01:50 PM IST
Where the Wind Comes From

Synopsis

യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന അലീസ, ചിത്രകാരനായ സുഹൃത്ത് മെഹ്ദിയെ ഒരു മത്സരത്തില്‍ പങ്കെടുക്കാനായി പ്രേരിപ്പിക്കുന്നു. ഈ യാത്രക്കിടയില്‍ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുന്നതും ടുണീഷ്യന്‍ യുവത്വത്തിന്‍റെ സ്വപ്നങ്ങളുമാണ് സിനിമയിലുള്ളത്. 

കാവ്യാത്മകമായ കഥപറച്ചിലും ചില്‍ മൂഡും സരസമായ ഉള്ളടക്കവുമുള്ള ടുണീഷ്യന്‍ കോമഡി-ഡ്രാമ റോഡ് മൂവിയാണ് സംവിധായിക അമേല്‍ ഗ്യുലാട്ടിയുടെ കന്നി ഫീച്ചര്‍ സിനിമയായ വേര്‍ ദി വിന്‍ഡ് കംസ് ഫ്രം (Where the Wind Comes From). അറബിക് ഭാഷയിലുള്ള ഈ ചിത്രം ടുണീഷ്യ, ഫ്രാന്‍സ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തിലുള്ള ചലച്ചിത്രമാണ്. സൺഡാൻസ് ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്‌ത വേര്‍ ദി വിന്‍ഡ് കംസ് ഫ്രം 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ 2025) ലോക സിനിമ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിച്ചത്. 99 മിനിറ്റാണ് ഈ ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

എ കംപ്ലീറ്റ് എന്‍റര്‍ടെയ്‌നര്‍

ടൂണിഷ്യന്‍ തലസ്ഥാനമായ ടൂണിസ്സില്‍ ജീവിക്കുന്ന കളിക്കൂട്ടുകാരാണ് അലീസയും മെഹ്‌ദിയും. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിലും മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് കുടിയേറാന്‍ അതിയായ ആഗ്രഹമുണ്ട് 19-കാരിയായ അലീസയ്‌ക്ക്. അതേസമയം, 23 വയസുകാരനായ മെഹ്‌ദി കമ്പ്യൂട്ടര്‍ സയന്‍സ് പഠനം കഴിഞ്ഞ് ചിത്രരചനയുമായി സമയം ചിലവഴിക്കുന്നു. ദക്ഷിണ ടൂണിഷ്യന്‍ ദ്വീപായ ജെര്‍ബയില്‍ ഒരു ചിത്രകലാ മത്സരം നടക്കുന്നുണ്ട്. വിജയിക്കുന്നവര്‍ക്ക് ജര്‍മ്മനിയിലേക്ക് പോകാം എന്നാണ് സംഘാടകരുടെ വാഗ്‌ദാനം. അതിനാല്‍ മെഹ്‌ദിയെ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നു അലീസ. എന്നാല്‍ അവിടേക്ക് പോകാനുള്ള പണം ഇരുവരുടെയും കയ്യിലില്ല. തനിക്ക് പരിചയമുള്ള ഒരാളുടെ കാര്‍ അലീസ അടിച്ചുമാറ്റുകയാണ്. അങ്ങനെ ഇരുവരും ജെര്‍ബയിലേക്ക് നീണ്ട യാത്ര പോകുന്നതാണ് വേര്‍ ദി വിന്‍ഡ് കംസ് ഫ്രം എന്ന സിനിമയുടെ ഇതിവൃത്തം. ആ യാത്ര അനേകം രസകരവും ഉദ്യോഗജനകവുമായ സംഭവ വികാസങ്ങള്‍ കൊണ്ട് സിനിമയുടെ ഉള്ളടക്കത്തെ കരുത്തുറ്റതാക്കുന്നു. അതുവരെ വെറും സുഹൃത്തുക്കള്‍ മാത്രമായിരുന്നെങ്കില്‍ ആ യാത്ര ഇരുവരുടെയും മനസ് തുറക്കുന്നു. അവര്‍ പ്രണയത്തിന്‍റെ പാതയിലേക്കും യാത്ര തിരിക്കുകയാണ് ആ വഴിയിലൂടെ.

കോമഡി-ഡ്രാമ ജോണറിലും റോഡ് മൂവി എന്ന ഗണത്തിലും ഉള്‍പ്പെടുത്താന്‍ കഴിയുന്ന സിനിമയാണ് വേര്‍ ദി വിന്‍ഡ് കംസ് ഫ്രം. ചിരിക്കാന്‍ ഏറെ മുഹൂര്‍ത്തങ്ങളുള്ള സിനിമ. പരിചയക്കാരന്‍റെ വണ്ടി അടിച്ചുമാറ്റി പോകുന്നതും, വാഹന ഉടമ ഇവരെ പിന്തുടര്‍ന്ന് എത്തുമ്പോള്‍ അവര്‍ നാടകീയമായി തടിതപ്പുന്നതുമെല്ലാം സിനിമയെ കാഴ്‌ച്ചക്കാരനുമായി എളുപ്പം ലയിച്ചുചേര്‍ക്കുന്നു. റോഡ് മൂവികളില്‍ പൊതുവെ കാണാറുള്ള മികച്ച ഛായാഗ്രഹണവും അതിമനോഹരമായ ഗാനങ്ങളും മികച്ച പശ്ചാത്തല സംഗീതവും വേര്‍ ദി വിന്‍ഡ് കംസ് ഫ്രമ്മിനെ മികവുറ്റതാക്കുന്നു. ചടുലവും വേഗമാര്‍ന്നതുമായ അവതരണ രീതി ഈ ചിത്രത്തിനെ മറ്റ് ഫെസ്റ്റിവല്‍ മൂഡ് സിനിമകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നതുമാണ്.

'വസ്‌ത്രധാരണം തന്നെ അവിടെയും പ്രശ്‌നം'!

അലീസ ആയി അഭിനയിച്ച ഇയാ ബെല്ലാഗയുടെ പ്രകടനമാണ് ചിത്രത്തിന്‍റെ ഏറ്റവും ഹൈലൈറ്റ്. നര്‍മ്മ രംഗങ്ങളിലും വൈകാരിക നിമിഷങ്ങളിലും ആത്മവിശ്വാസമുള്ള ഒരു നവകാല കൗമാരക്കാരിയുടെ എല്ലാ സൂക്ഷ്‌മതയും ബെല്ലാഗയിലുണ്ട്. മെഹ്‌ദിയായി എത്തിയ സ്ലിം ബെക്കാറും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. ഇരുവരുടെയും വൈകാരിക ആഴം ചിത്രത്തില്‍ അതിമനോഹരമായി പകര്‍ത്തിയിട്ടുണ്ട്. ടുണീഷ്യന്‍ യുവത്വത്തിന്‍റെ സ്വാതന്ത്രവും സ്വപ്‌നങ്ങളും ആഘോഷിക്കുന്ന കോമഡി ഡ്രാമ കൂടിയാണ് അമേല്‍ ഗ്യുലാട്ടി സംവിധാനം ചെയ്‌ത കന്നി ഫീച്ചര്‍ സിനിമയായ വേര്‍ ദി വിന്‍ഡ് കംസ് ഫ്രം എന്ന് വിശേഷിപ്പിക്കാം. അടിച്ചമര്‍ത്തലിന്‍റെ കഥകള്‍ പറയുന്ന ടുണീഷ്യന്‍ പതിവ് വിട്ട് തന്‍റെ കന്നി ഫീച്ചര്‍ ചിത്രത്തില്‍ റോഡ് മൂവിയുടെ ചൂടും ചൂരുമുള്ള കഥാപരിചരണം സംവിധായിക ഗ്യുലാട്ടി അവലംബിച്ചിരിക്കുന്നു. സിനിമയില്‍ ഒരുവേള അലീസ അജ്ഞാതരാല്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നുണ്ട്, വസ്‌ത്രധാരണത്തിലെ പോരായ്‌മയാണ് പ്രശ്‌നം സൃഷ്‌ടിച്ചതെന്ന പൊതു വിലയിരുത്തല്‍ ടുണീഷ്യയിലുമുണ്ട് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ സിനിമ.

PREV
Read more Articles on
click me!

Recommended Stories

സംഭാഷണങ്ങളിലേക്കുള്ള എത്തിനോട്ടം; 'വാട്ട് ഡസ്‌ നേച്ചർ സേ ടു യു' റിവ്യു
മാന്ത്രികയാഥാർത്ഥ്യങ്ങൾ പേറുന്ന തലമുറകളുടെ കഥ