തുടർച്ചയായി ചിരിസമ്മാനിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ മൂന്ന് കഥഘട്ടങ്ങളിലെ സാഹചര്യങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്പോവുകയാണ് ആട് 3 ആദ്യ ഭാഗത്തിൻ്റെ ധർമ്മം.

ആട് ഫ്രാഞ്ചൈസിയുടെ തുടർകഥകളിൽ പാപ്പനും ടീമും വീണ്ടും എത്തുമ്പോൾ തിയേറ്ററുകളിൽ ചിരിയുടെ ആഘോഷം. ആദ്യ രണ്ട് ഭാഗങ്ങളുടെ തുടർ കാഴ്ചകൾ ആണ് മൂന്നാം ഭാഗം. എന്നാൽ ഭൂതവും വർത്തമാനവും ഭാവിയും പറഞ്ഞ് മൂന്ന് ടൈംലൈനുകളിൽ ആണ് ആട് 3യുടെ കഥ മുന്നോട്ട് പോകുന്നത്. 'സ്ലാപ്സ്റ്റിക് കോമഡി' എന്നതാണ് ആദ്യ ഭാഗങ്ങളുടെ കോർ എങ്കിൽ മൂന്നാം ഭാഗത്തിൽ ഫാൻ്റസി കൂടി ചേർത്ത് സ്കെയിൽ വലുതാണ്. അതുകൊണ്ട് തന്നെ നീലക്കൊടുവേലിയും കമ്മട്ടവും പോലെയല്ല ഇത്തവണ പാപ്പനും പിള്ളേർക്കും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് ഭാഗങ്ങളുള്ള മൂന്നാം ഭാഗത്തിൻ്റെ തുടക്കമായാണ് ചിത്രം. ട്രെയ്‌ലറും പ്രൊമോഷൻ മെറ്റീരിയിലുകളും നൽകിയ സൂചനകൾ പോലെ ടൈം ട്രാവൽ ആണ് ആട് 3. സമയം ഒരു നേർ രേഖയല്ലെന്നും സമയത്തിൻ്റെ പല ഡയമെൻഷനുകളിൽ പലജന്മങ്ങളിൽ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്നും പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. തുടർച്ചയായി ചിരിസമ്മാനിച്ച് മുന്നോട്ട് പോകുമ്പോൾ തന്നെ മൂന്ന് കഥഘട്ടങ്ങളിലെ സാഹചര്യങ്ങളെ എസ്റ്റാബ്ലിഷ് ചെയ്ത്പോവുകയാണ് ആട് 3 ആദ്യ ഭാഗത്തിൻ്റെ ധർമ്മം. നീലക്കൊടുവേലിയും കമ്മട്ടവും പോലെ ഇത്തവണ ഇവർക്കെന്താണ് പ്രശ്നമെന്ന് ചോദിച്ചാൽ അതൊരു സ്റ്റാർ ഡസ്റ്റ് ആണ്, നക്ഷത്ര ധൂളി. പുതിയതായി ആട് യൂണിവേഴ്സിലേയ്ക്ക് എത്തിയിരിക്കുന്ന കഥാപാത്രം അലെയ ബോൺ എന്ന വിദേശ താരം അവതരിപ്പിക്കുന്ന കേറ്റ് ലാറയാണ്.

എഡി 1700, 2025, 2070 എന്നിങ്ങനെ മൂന്ന് കാലങ്ങളിൽ ഓരോ കഥാപാത്രങ്ങളെയും പ്ലേസ് ചെയ്തിരിക്കുന്നു. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, ശശി ആശാൻ, ക്യാപ്റ്റൻ ക്ലീറ്റസ് തുടങ്ങി ഓരോരുത്തരുടെയും ഭൂതകാലം വർത്തമാനത്തിൽ അവർ ഓരോരുത്തരും ആയിരിക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. അതു പ്രേക്ഷകർക്കുണ്ടാക്കുന്ന കൗതുകവും വർക്കാകുന്ന കോമഡികളുമാണ് ആട് 3യുടെ വിജയം.

മൂന്ന് മണിക്കൂറോളം ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ട്രെയ്‌ലറിൽ കണ്ടതു പോലെ പാലമാണ് കാലങ്ങളെ ബന്ധിപ്പിക്കുന്ന 'ബ്രിഡ്ജ്'. സമയവും സാഹചര്യവും അനുയോജ്യമാകുമ്പോൾ ഭൂതവും വർത്തമാനവും തമ്മിൽ ഇടകലരുന്നതും 'ടെമ്പറൽ പാരഡോക്സി'ലേയ്ക്ക്(കാലങ്ങൾ മാറി കഥാപാത്രങ്ങൾ സഞ്ചരിക്കുന്നത്) എത്തുന്നതുമായാണ് ആട് 3 ആദ്യ ഭാഗം അവസാനിക്കുന്നത്. കഥാപാത്രങ്ങൾ കാലം മാറി സഞ്ചരിച്ചാലുണ്ടാകാവുന്ന തമാശകളാകും ആട് 3യുടെ രണ്ടാം ഭാഗം.

ആടിലെ ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ ഫാൻബേസ് ഉണ്ട്. അവർക്ക് ലഭിക്കുന്ന ഇൻട്രോകൾ ആട് ഫ്രാഞ്ചിസിയുടെ നട്ടെല്ലും. കഥാപാത്രങ്ങൾക്ക് ലഭിക്കുന്ന ഹൈപ്പും സ്നേഹവും നിലനിർത്തിയെന്ന് മാത്രമല്ല അതിലെ അഭിനേതാക്കളുടെ വളർച്ചയെ കൂടി പരിഗണിച്ച് കഥാപാത്രങ്ങളെ എഴുതി വലുതാക്കാൻ മിഥുൻ മാനുവൽ തോമസിനായിട്ടുണ്ട്. കാലഘട്ടങ്ങളെ കൺവിൻസിങ് ആയി അവതരിപ്പിക്കാൻ സെറ്റ് വർക്കുകളും സിജിയും ഭംഗിയായി ഉപയോഗിച്ചിരിക്കുന്നു, അവയെ വേർതിരിക്കാൻ മൂന്ന് കളർ ഗ്രേഡുകളിൽ അവതരിപ്പിച്ചിരിക്കുന്നു. സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലും കാലഘട്ടങ്ങളുടെ കഥ പറയുകയാണ് ആട് 3.

ഷാജി പാപ്പനും സംഘവും പുതിയൊരു ക്യാൻവാസിൽ തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിലാണ് മൂന്നാം ഭാഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാ ടൈംലൈനിലും ഇനി യുദ്ധമാണ് എന്ന് പറയുന്നതുകൊണ്ട് തന്നെ വരാനിരിക്കുന്ന ആട് 3 രണ്ടാം ഭാഗത്തിൻ്റെ സ്കെയിൽ ഇനിയും ഉയരാനാണ് സാധ്യത. ഏതായാലും മുൻഭാഗങ്ങൾ പോലെ 'സിറ്റ് ബാക്ക് ആൻഡ് റിലാക്സ്' മാത്രമല്ല ആട് 3.