ഒരു നൂറ്റാണ്ട് മുമ്പത്തെ പോരാട്ടം, ഓർമ്മപ്പെടുത്തല്‍; പലസ്തീന്‍ 36- റിവ്യൂ

Published : Dec 12, 2025, 11:36 PM IST
Palestine 36

Synopsis

പലസ്‌തീന്‍ 36 (Palestine 36) എന്ന ആന്‍മേരി ജാസിറിന്‍റെ നാലാം ഫീച്ചര്‍ സിനിമ 1930-കളിലെ പലസ്‌തീനികളുടെ ബ്രിട്ടീഷ് വിരുദ്ധസമരവും ജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്

ആന്‍മേരി ജാസിർ, പലസ്‌തീന്‍ സിനിമയുടെ ആഗോള അംബാസിഡര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന വനിതാ ചലച്ചിത്ര പ്രവര്‍ത്തക. ഒരു വനിത സംവിധാനം ചെയ്‌ത ആദ്യത്തെ പലസ്‌തീൻ ചിത്രമെന്ന ഖ്യാതിയുണ്ട് ആന്‍മേരി ജാസിറിന്‍റെ 'സാൾട്ട് ഓഫ് ദിസ് സീ'-യ്ക്ക്. 2017-ലെ 22-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം നേടിയ വാജിബിലൂടെ (Wajib) മലയാളി ചലച്ചിത്ര പ്രേമികള്‍ക്ക് സുപരിചിതയാണ് ആന്‍മേരി ജാസിർ. അച്ഛന്‍-മകന്‍ ബന്ധത്തെ ഡാര്‍ക്ക് കോമഡിയിലൂടെ അവതരിപ്പിച്ച സിനിമയായിരുന്നു 'വാജിബ്' എങ്കില്‍ പലസ്‌തീന്‍ 36 എന്ന ആന്‍മേരി ജാസിറിന്‍റെ നാലാം ഫീച്ചര്‍ സിനിമ 1930-കളിലെ പലസ്‌തീനികളുടെ ബ്രിട്ടീഷ് വിരുദ്ധസമരവും ജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തില്‍ പലസ്‌തീന്‍റെ ഔദ്യോഗിക എന്‍ട്രി കൂടിയാണ് പലസ്തീന്‍ 36 എന്ന സിനിമ.

ഒരു നൂറ്റാണ്ട് മുമ്പ് പലസ്തീന്‍ ഇങ്ങനെയായിരുന്നു…

ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പത്തെ പലസ്തീന്‍റെ കഥയാണ് ആന്‍മേരി ജാസിർ സംവിധാനം ചെയ്ത് 2025-ല്‍ പുറത്തിറങ്ങിയ പലസ്തീന്‍ 36. ഇസ്രയേല്‍-പലസ്തീന്‍ സംഘർഷം വീണ്ടും ചർച്ചയാവുന്ന കാലത്ത് 1930-കളിലെ പലസ്തീനിലേക്ക് പ്രേക്ഷകരെ കൂട്ടിക്കോണ്ടുപോകുന്നു സിനിമ. ‘ജെറുസലേം’ എന്ന് എഴുതിക്കാണിക്കുന്ന സ്റ്റേഷനിലേക്ക് തീവണ്ടി വന്ന് നില്‍ക്കുന്നിടത്താണ് സിനിമയുടെ തുടക്കം. 1930-കളിലെ വിശാല പലസ്തീന്‍ ഭൂപ്രദേശത്തിന്‍റെ സൂചന അവിടെ തുടങ്ങുന്നു. യൂസഫ് എന്ന യുവാവിലൂടെ പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന സിനിമ പിന്നീട് വേഗം കൂടിയും കുറഞ്ഞും കാഴ്ചക്കാരന്‍റെ മനസിലൂടെ സഞ്ചരിക്കുന്നു. ഒരുവശത്ത് ബ്രിട്ടീഷ് കൊളോണിയലിസം നല്‍കുന്ന വീർപ്പുമുട്ടല്‍, മറുവശത്ത് യൂറോപ്പില്‍ നിന്ന് മടങ്ങിയെത്തുന്ന ജൂദരുടെ വളർച്ചയും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവും. ഇത് രണ്ടും അക്കാലത്തെ പലസ്തീനിയന്‍ ജനതയെ എത്രത്തോളം ആഴത്തില്‍ ശ്വാസംമുട്ടിച്ചതായി വിവരിക്കുകയാണ് സിനിമയില്‍ സംവിധായിക ആന്‍മേരി ജാസിർ. അതിനിടെ ബ്രിട്ടണെതിരെ അനിവാര്യമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പലസ്തീനിയന്‍ ഗ്രാമങ്ങള്‍. ജെറുസലേമില്‍ നിന്ന് മടങ്ങുന്ന യൂസഫും ‘റിബലുകള്‍ക്കൊപ്പം’ ആ വിപ്ലവ മോഹങ്ങളിലേക്ക് ചേക്കേറുന്നു.

ബ്രിട്ടീഷ് കൊളോണിയലിസം അതിന്‍റെ എല്ലാ ഉപകരണങ്ങളുമായി പലസ്തീന്‍ ഗ്രാമങ്ങള്‍ക്കെതിരെ പോരാട്ടത്തിന് തയ്യാറെടുക്കുന്നു. അവർ റിബലുകളെ തിരയുന്നു, ഒരു ഗ്രാമം തന്നെ ചുട്ട് ചാമ്പലാക്കുന്നു. കൊളോണിയലിസത്തിന്‍റെ ഭൂതകാലം എത്ര ക്രൂരമായിരുന്നെന്ന് 2025-ലും ഓർമ്മിപ്പിക്കുകയാണ് പലസ്തീന്‍ 36 എന്ന സിനിമ. അതോടൊപ്പം, പലസ്തീന്‍ ജനതയുടെ 1936 തൊട്ടുള്ള പോരാട്ട കഥയും.

ആന്‍മേരി ജാസിർ ബ്രില്യന്‍സ്

പതിയെ തുടങ്ങി വേഗം കൂടിയും പിന്നെയും കുറഞ്ഞുമുള്ള പരിചരണമാണ് പലസ്തീന്‍ 36-ന്‍റെ മുഖമുദ്ര. വരണ്ട ഭൂമിയും അതിലെ വലിയ നാടകീയതകളും സംഘർഷങ്ങളുമായി സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. നടീനടന്‍മാരുടെ വലിയൊരു നിരയെ തന്നെ അണിനിരത്തിയിരിക്കുന്നു പലസ്തീന്‍-36ല്‍ ആന്‍മേരി ജാസിർ. ക്രൂരനായ ബ്രിട്ടീഷ് ക്യാപ്റ്റനായെത്തിയ റോബർട്ട് അറമായോ പ്രേക്ഷകന്‍റെ ‘അപ്രീതി’ പിടിച്ചുപറ്റുന്ന വില്ലനാണ്. നടിയും സംവിധായകയുമായ ഹിയാം അബ്ബാസും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. യൂസഫായി എത്തിയ കരീം ദൗദ് അനയയുടെ പ്രകടനവും എടുത്തുപറയാം. എല്ലാം അതിമനോഹരമായി പകത്തിയിട്ടുണ്ട് ക്യാമറ. സിനിമയെന്ന മാധ്യമത്തില്‍ അച്ചടക്കം വന്ന സംവിധായികയാണ് താനെന്ന് വീണ്ടും അടിവരയിടുകയാണ് പലസ്തീന്‍ 36-ലൂടെ ആന്‍മേരി ജാസിർ. ടൊറണ്ടോ രാജ്യാന്തര ചലച്ചിത്രമേളയില്‍ കണ്ട 20 മിനിറ്റ് നിര്‍ത്താതെയുള്ള കരഘോഷത്തെ മറികടന്ന ഐഎഫ്എഫ്കെ 2025-ലെ ഉദ്ഘാടന പ്രദര്‍ശനത്തിലുണ്ട് പലസ്തീന്‍ 36 എന്ന സിനിമയുടെ ഉള്ളും ഉള്ളടക്കവും ആന്‍മേരി ജാസിറിന്‍റെ കയ്യടക്കവും.

 

PREV
Read more Articles on
click me!

Recommended Stories

എന്‍ഡ് ക്രെ‍ഡിറ്റ്സില്‍ ഓടിത്തുടങ്ങും ഈ സിനിമ! 'ബിഫോര്‍ ദി ബോഡി' റിവ്യൂ
പാപുവ ന്യൂ ഗിനിയയുടെ സംസ്കാരം, ചരിത്രം, ഇന്ത്യന്‍ ബന്ധം, അന്വേഷണം; പാപ്പാ ബുക്ക- റിവ്യൂ