
ഒരു ക്ലാസിക് ഇറാനിയന്‍ സിനിമ താജിക്കിസ്ഥാനില്‍ അതേപടി പുനര്‍ നിര്‍മ്മിക്കുന്നതിന്‍റെ നാടകീയ കഥ പറയുന്ന ചലച്ചിത്രം. മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ 2025) മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റിന്‍റെ (Black Rabbit, White Rabbit) കഥാതന്തു ഇങ്ങനെയാണെങ്കിലും അഞ്ച് ഭാഗങ്ങളിലൂടെ അനവധി കഥകള്‍ സമാന്തരമായി പറയുകയാണ് സംവിധായകന്‍ ഷഹ്രാം മോക്രി. കോമഡി, ഡ്രാമ, മിസ്റ്റരി, ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ് ഒരു സിനിമ സെറ്റിനെ പശ്ചാത്തലമാക്കി നോണ്‍ലീനിയര്‍ ആഖ്യാന രീതിയിലാണ് കഥ പറയുന്നത്. മാജിക്കല്‍ റിയലിസത്തിന്‍റെ മേമ്പൊടിയും ഈ സിനിമയ്‌ക്കുണ്ട്.
വ്യാപാരത്തിനിടെ ഒരു തോക്ക് അബദ്ധത്തില്‍ പൊട്ടുന്ന സംഭവവികാസത്തിലൂടെയാണ് ഷഹ്രാം മോക്രിയുടെ ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ് ആരംഭിക്കുന്നത്. ദേഹമാസകലം ബാന്‍ഡേജ് ധരിച്ച സാറയെന്ന ഒരു മധ്യവയസ്‌കയെ സിനിമ പിന്നീട് പരിചയപ്പെടുത്തുന്നു. വിശാലമായ വീടിന്‍റെ ഉള്ളിലൂടെ നടന്നുനീങ്ങുന്ന അവളുടെ സ്വാതന്ത്ര്യം പക്ഷേ സിസിടിവിക്യാമറകള്‍ സ്ഥാപിച്ച് നിയന്ത്രിച്ചിരിക്കുകയാണ് ഭര്‍ത്താവ്. അവളുടെ എല്ലാ ബാങ്ക് കാര്‍ഡുകളും അയാളുടെ പക്കലാണ്. ഒരു കാര്‍ അപകടത്തിലായിരുന്നു സാറയ്‌ക്ക് ദേഹമാസകലം സാരമായി പരിക്കേറ്റത്. താന്‍ നേരിട്ട അപകടം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അത് ഭര്‍ത്താവ് നടപ്പിലാക്കിയ ഗൂഢ പദ്ധതിയായിരുന്നെന്നും ഒരുവേള സാറ തിരിച്ചറിയുന്നു. സാറയുടെ ഭര്‍ത്താവ് അതിന് അനിവാര്യമായ തിരിച്ചടി നേരിടുന്നു.
അതേസമയം, ഈ സംഭവവികാസങ്ങള്‍ക്കെല്ലാം സമാന്തരമായി വിശാലമായ സെറ്റില്‍ സിനിമ ഷൂട്ടിംഗുകള്‍ നടക്കുകയാണ്. അവിടുത്തെ വെയര്‍ഹൗസുകളില്‍ മറ്റ് ചില കഥകള്‍ വികസിക്കുന്നു. ഷൂട്ടിംഗിനായി നല്‍കിയ തോക്ക് യഥാര്‍ഥമാണോ എന്ന സംശയത്തില്‍ അതിന്‍റെ വിതരണക്കാരനായ വൃദ്ധന്‍ ഷൂട്ടിംഗ് സെറ്റില്‍ അലഞ്ഞുതിരിയുന്നതാണ് അതിനൊന്നിന്‍റെ ഇതിവൃത്തം. അതിനിടയില്‍, സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കാന്‍ ഒരു പെണ്‍കൂട്ടി പല ശ്രമങ്ങളും നടത്തുന്നു. ഇങ്ങനെ പല അടരുകളിലായി നോണ്‍ലീനിയര്‍ സ്വഭാവത്തിലാണ് ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ് വികസിക്കുന്നത്. അനേകം കഥകള്‍, ഒരു കഥയില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്നു എന്നതുകൊണ്ടുതന്നെ 139 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ഷഹ്രാം മോക്രി സംവിധാനം ചെയ്‌ത ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റ്.
ഷഹ്രാം മോക്രിക്കൊപ്പം നസീം അഹമ്മദ്‌പോറും ചേര്‍ന്നാണ് കഥകളുടെ ഈ സിനിമാ സമ്മേളനത്തെ തിരക്കഥയാക്കിയിരിക്കുന്നത്. അഭിനയതാക്കള്‍ എല്ലാവരും മുന്നിട്ടുനില്‍ക്കുന്നു. വ്യത്യസ്‌ത കഥക്കൂട്ടിനിടയിലും അതിമനോഹരമായ ചിത്രീകരണവും ചിത്രസംയോജനവും ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റിനെ ശ്രദ്ധേയമാക്കുന്നു. മൊര്‍ത്തേസ ഖേയ്‌ദിയുടെ ക്യാമറ മിനിറ്റുകളോടെ ലോംഗ് ടേക്കുകളുമായി വിസ്‌മയിപ്പിക്കുകയാണ്. നോണ്‍ലീനിയര്‍ സ്വഭാവവും ലീപ്പ് എന്ന സങ്കേതത്തിന്‍റെ മൗലികമായ ഉപയോഗവും സഹ്രാം മോക്രിയുടെ എഡിറ്റിംഗിലും നന്നായി അലിഞ്ഞുചേര്‍ന്നിരുക്കുന്നു. വിശാലമായ ഷൂട്ടിംഗ് സെറ്റിനെ മനോഹരമാക്കിയ ആര്‍ട്ട് ഡിസൈനാണ് ബ്ലാക്ക് റാബിറ്റ്, വൈറ്റ് റാബിറ്റിന്‍റെ മറ്റൊരു ഹൈലൈറ്റ്. സിനിമ അവസാനിക്കുമ്പോള്‍ ആ ലൂപ്പില്‍ പ്രേക്ഷകനും അങ്ങനെ കുടുങ്ങിപ്പോവുന്നു.