'വിചിത്രമായ മനുഷ്യൻ, വിചിത്രമായ മനസ്സ്'; ചോദ്യങ്ങൾ അവശേഷിപ്പിച്ച മിലാഗ്രോസ് മുമെന്താലറുടെ 'ദി കറന്റ്സ്'

Published : Dec 13, 2025, 02:13 PM ISTUpdated : Dec 13, 2025, 02:36 PM IST
The Currents movie review directed by Milagros Mumenthaler

Synopsis

അർജന്റീനിയൻ സംവിധായിക മിലാഗ്രോസ് മുമെന്താലർ സംവിധാനം ചെയ്ത 'ദി കറന്റ്സ്' ഐഎഫ്എഫ്കെ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. ഏകാന്തതയും മാനസികാരോഗ്യവും പ്രമേയമായ സിനിമയുടെ റിവ്യൂ വായിക്കാം. 

ഏകാന്തതയെ എങ്ങനെയാണ് നിർവചിക്കുന്നത്? പലർക്കും ഏകാന്തത പല തരത്തിലുള്ളതാണ്. ചിന്തകളിൽ നിന്നും ചുറ്റുപാടിൽ നിന്നുമുള്ള ഒളിച്ചോട്ടമായി പലപ്പോഴും ഏകാന്തതയെ പല മനുഷ്യരും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തിൽ മനുഷ്യന്റെ ഏകാന്തതയും മാനസികാരോഗ്യവും പ്രമേയമാക്കി അർജന്റൈൻ സംവിധായിക മിലാഗ്രോസ് മുമെന്താലർ സംവിധാനം ചെയ്ത ചിത്രമാണ് 'ദി കറന്റ്സ്'.

ഫാഷൻ ഡിസൈനറായ കാറ്റലിന എന്ന ലിന (ഇസബെൽ ഐമി ഗോൺസാലസ് സോള) ഒരു അവാർഡ് സ്വീകരണത്തിന്റെ ഭാഗമായി സ്വിറ്റ്സർലന്റിൽ എത്തുകയാണ്. ആദ്യ കാഴ്ചയിൽ സാധാരണമെന്ന് തോന്നിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. അവാർഡ് സ്വീകരിച്ചതിന് ശേഷം ആരാധകരും മറ്റും ലിനയോടൊപ്പം ചേർന്ന് ഫോട്ടോസ് എടുക്കുന്നു, അടുത്ത് വന്ന് സംസാരിക്കുന്നു, പരിചയം പുതുക്കുന്നു. എന്നാൽ ക്യാമറ അവളെ സൂക്ഷമായി പിന്തുടരുന്നു. വാഷ്‌റൂമിൽ എത്തുന്ന അവൾ കൈ കഴുകിയതിന് ശേഷം അവാർഡ് ഫലകം വെസ്റ്റ് ബോക്സിൽ നികേഷിപ്പിക്കുന്നതാണ് പിന്നീട് കാണുന്നത്. എന്തിനായിരിക്കും ലിന അത് ചെയ്തത് എന്ന വളരെ സാധാരണമായ ഒരു ചോദ്യത്തിൽ നിന്നാണ് പ്രേക്ഷകരെ സംവിധായിക സിനിമയിലേക്ക് ക്ഷണിക്കുന്നത്. പിന്നീടങ്ങോട്ട് കാണികളുടെ സൂക്ഷ്മമായ നോട്ടമാണ് സിനിമ ആവശ്യപ്പെടുന്നത്. ആൾത്തിരക്കുള്ള തെരുവിലൂടെ അവൾ മണിക്കൂറുകളോളം അലഞ്ഞുതിരിയുന്നു, പിന്നീട് ജനീവ നഗരത്തിന്റെ തിരക്കുകൾക്കിടയിൽ മേൽപ്പാലത്തിൽ നിന്നും ലിന തടാകത്തിലേക്ക് എടുത്ത് ചാടുന്നു.

നിരവധി ചോദ്യങ്ങളാണ് ആദ്യത്തെ പത്ത് മിനുട്ടിൽ തന്നെ സംവിധായിക പ്രേക്ഷകർക്ക് മുന്നിലേക്ക് വെക്കുന്നത്. എന്തിനായിരിക്കാം ലിന അങ്ങനെ ചെയ്തത് എന്ന ഒരു ആകാംക്ഷ സിനിമയിലുടനീളം നിലനിർത്താൻ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയുടെ ആദ്യ ആക്ടിൽ ഉടനീളം സംഭാഷണങ്ങളില്ലാതെ ഒരു മനുഷ്യന്റെ മാനസിക വ്യാപാരം പ്രേക്ഷകരിലേക്ക് കൈമാറ്റം ചെയ്യുന്നതിൽ സംവിധായിക വിജയിച്ചിട്ടുണ്ട്.

ലിനയുടെ ഓരോ പ്രവൃത്തിയും അത്തരം ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ദി കറന്റ്സ് ഒരു ക്യാരക്ടർ ഡ്രിവൺ സിനിമയാണ്. ലിനയുടെ മാനസിക സംഘർഷങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. തടാകത്തിലേക്ക് എടുത്ത് ചാടിയ ലിന രക്ഷപ്പെട്ടതിന് ശേഷം തന്റെ ജന്മനാടായ അർജന്റീനയിലേക്ക് തിരിച്ചുവരുന്നു. സമൂഹത്തിലെ വ്യവസ്ഥാപിതമായ കുടുംബം എന്ന ആശയത്തിന്റെ തുടർച്ചയാണ് അവളും. അഞ്ച് വയസുകാരി മകളും ഭർത്താവുമടങ്ങിയ അവളുടെ കുടുംബത്തിൽ അവൾ തൃപ്തയല്ല. എന്നാൽ മറ്റുള്ളവരെ തൃപ്തിപെടുത്താൻ പലപ്പോഴും പലതും ചെയ്യുന്നതായാണ് ആദ്യ കാഴ്ചയിൽ മനസിലാവുന്നത്.

ഏകാന്തതയും മാനസികാരോഗ്യവും

സ്വിറ്റ്സർലന്റിൽ നിന്നും തിരിച്ചെത്തിയ ശേഷം അസാധാരണമായ മാറ്റങ്ങളാണ് ലിനയിൽ പ്രകടമാവുന്നത്. വെള്ളത്തിനോടുള്ള അകാരണമായ ഭയം കാരണം പലപ്പോഴും കുളിച്ചെന്ന് വരുത്തി ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങുന്ന ലിനയെ കാണാൻ കഴിയും. ദിവസങ്ങളോളം കുളിക്കാതെ ഇരിക്കുന്നത് കൊണ്ട് തന്നെ കഴുത്തിന് പിറകിൽ പാടുകൾ വീഴാൻ തുടങ്ങിയത് പോലും വൈകിയാണ് ലിന തിരിച്ചറിയുന്നത്. പലപ്പോഴും താൻ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് സംസാരിക്കാനോ മറ്റോ ലിന തയ്യാറാവുന്നില്ല. ദൈനദിനമായ പല കാര്യങ്ങളിലും അവൾ ചെയ്യാൻ മറന്നുപോകുന്നുണ്ട്. 

മകൾക്ക് പുറത്ത്നിന്നും ഭക്ഷണം വാങ്ങി ചൂടാക്കി കൊടുക്കുമ്പോൾ മകൾ പറയുന്നത് അവളുടെ സുഹൃത്തിന്റെ വീട്ടിൽ പാചകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത് എന്നായിരുന്നു. വളരെ നിഷ്കളങ്കമായ ഒരു ചോദ്യമായിരുന്നെങ്കിലും ലിനയുടെ മാനസിക തലം വെളിവാക്കുന്ന ഒരു രംഗമായിരുന്നു അത്. അപ്പോഴും താൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തനിക്ക് തന്നെ അറിയില്ലെന്ന് ലിന തുറന്നുപറയുന്ന നിരവധി രംഗങ്ങളുണ്ട്. 'താൻ എത്ര വിചിത്രമായാണ് പെരുമാറുന്നതെന്ന് ഇനിയെങ്കിലും നമുക്ക് സംസാരിച്ചാലോ?' എന്ന ഭർത്താവിന്റെ ചോദ്യത്തെ പോലും ഒരു റൊമാന്റിക് ആക്ടിലൂടെയാണ് ലിന മറികടക്കുന്നത്. യാഥാർഥ്യത്തിൽ ജീവിക്കുക എന്നത് ലിനയെ സംബന്ധിച്ച് നിരന്തരമായ ഒരു കോപ്പിങ് മെക്കാനിസത്തിന്റെ ഭാഗം കൂടിയാണെന്ന് കാണാൻ കഴിയും. തന്റെ മാനസികാരോഗ്യത്തെ കുറിച്ച് സുഹൃത്തിനോടാണ് ലിന ആദ്യമായി തുറന്ന് സംസാരിക്കുന്നത്. സുഹൃത്താണ് ലിനയെ ടവ്വൽ ഉപയോഗിച്ച് പിന്നീട് കുളിപ്പിക്കുന്നത്. ജനീവയിൽ വച്ച് താൻ പാലത്തിൽ നിന്നും എടുത്ത് ചാടിയതിന് ശേഷമുള്ള വിവരണം ലിന സുഹൃത്തിനോട് പറയുമ്പോഴാണ് പ്രേക്ഷകരും മനസിലാക്കുന്നത്.

വെള്ളത്തിൽ മുങ്ങിത്താഴുമ്പോഴും എന്തെന്നില്ലാത്ത ഒരു സമാധാനമാണ് താൻ അനുഭവിച്ചതെന്നും, എന്നാൽ തന്റെ മകളെ കുറിച്ചോർത്തപ്പോഴാണ് തനിക്ക് വെള്ളത്തിൽ മുങ്ങിത്താഴുന്നത് മനസിലായതെന്നും ലിന വെളിപ്പെടുത്തുന്നു. ശാരീരികമായ മാറ്റങ്ങൾ മാനസികമായ പല തരം ചിന്തകളുടെ തുടർച്ചയായാണ് ചിത്രത്തിൽ സംവിധായിക ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ ആക്ടിൽ സംഭാഷണങ്ങൾ ഇല്ലായിരുണെങ്കിൽ പിന്നീടുള്ള ആക്ടുകളിൽ സംഭാഷണങ്ങൾക്കും, ശബ്ദത്തിനും, നിശബ്ദതയ്ക്കും വലിയ പ്രാധാന്യം സംവിധായിക നൽകുന്നുണ്ട്. വെള്ളത്തിന്റെ ഒഴുക്കിനെ കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തോട് ചേർത്ത് നിർത്തിക്കൊണ്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കാണുന്ന പ്രേക്ഷകനും ലിനയുടെ മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന തരത്തിലുള്ള ഉദ്വേഗം ജനിപ്പിക്കുന്നതിൽ പശ്ചാത്തല സംഗീതം തീർച്ചയായും വിജയിച്ചിട്ടുണ്ട്. ലിനയുടെ കഥാപാത്രം കാണുപോകുന്ന ഡിസോസിയേഷൻ സ്റ്റേറ്റിലാണ് പ്രധാനമായും സംവിധായിക ആഖ്യാനം കേന്ദ്രീകരിച്ചിരിക്കുന്നത്. പലവിധം ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. അതിന് ചിലപ്പോൾ കൃത്യമായ ഉത്തരങ്ങൾ ഉണ്ടായെന്ന് വരില്ല. ഏകാന്തതയും മാനസികാരോഗ്യവും എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും, എങ്ങനെയാണ് ഓരോ മനുഷ്യരും പല കാര്യങ്ങൾ കൊണ്ടും വ്യത്യസ്തരാവുന്നതെന്നുമുള്ള ആശയം സിനിമ മുന്നോട്ട് വക്കുന്നു.

ലിനയുടെ ക്യാരക്ടർ സ്റ്റഡി എന്ന തരത്തിൽ സിനിമ മാനസികാരോഗ്യത്തെ കുറിച്ചുള്ള പല അടരുകൾ പങ്കുവെക്കുന്നുണ്ട്. ലിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇസബെൽ ഐമിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റിവ്. കയ്യടക്കമുള്ള സംവിധാനവും കഥാപാത്രത്തിന്റെ മാനസിക തലങ്ങൾ കൈമാറ്റം ചെയ്യുന്ന ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും മികച്ചുനിന്നു. സ്വിസ്- അർജെന്റൈൻ കോ പ്രൊഡക്ഷനായി പുറത്തിറങ്ങിയ ചിത്രം ഈ വർഷത്തെ കേരളം രാജ്യാന്തര ചലച്ചിത്ര മേളയിലെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. നേരത്തെ അൻപതാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്‌ക്രീൻ ചെയ്ത ചിത്രം മികച്ച നിരൂപക പ്രശംസകൾ നേടിയിരുന്നു.

 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ഒരു നൂറ്റാണ്ട് മുമ്പത്തെ പോരാട്ടം, ഓർമ്മപ്പെടുത്തല്‍; പലസ്തീന്‍ 36- റിവ്യൂ
കൊളമ്പനാട്ടുകര സണ്ണി എന്ന കൊളമ്പസും പെടാപാടും; രസിപ്പിച്ച് 'അടിനാശം വെള്ളപ്പൊക്കം' റിവ്യു