രണ്ടാം ലോകമഹായുദ്ധ കാലത്തെ ഒരു സ്നേഹ പരിണാമം; മരിയാനാസ് റൂം- റിവ്യൂ

Published : Dec 15, 2025, 01:48 PM ISTUpdated : Dec 15, 2025, 04:49 PM IST
Mariana's Room

Synopsis

നാസി ഭരണകൂടത്തിന്‍റെ ജൂദ വേട്ടയ്‌ക്ക് ഇരയാവാതിരിക്കാന്‍ ഹ്യൂഗോ എന്ന ബാലനെ തന്‍റെ സുഹൃത്തായ മരിയാനയുടെ ജോലി സ്ഥലത്ത് ഒരു വര്‍ഷക്കാലത്തോളം ഒളിവില്‍ താമസിപ്പിക്കുകയാണ് അവന്‍റെ അമ്മ

അപരിചിതരായ രണ്ട് മനുഷ്യര്‍, മരിയാന എന്ന വനിതയും ഹ്യൂഗോ എന്ന ബാലനും. അവര്‍ ഒന്നിച്ച് ഒരു മുറിയില്‍ സൃഷ്‌ടിക്കുന്ന സ്‌നേഹത്തിന്‍റെ ഭവനമാണ് ഇമ്മാനുവേല്‍ ഫിങ്കീല്‍ സംവിധാനം ചെയ്‌ത മരിയാനാസ് റൂം (Mariana’s Room / La chambre de Mariana) എന്ന ചലച്ചിത്രം. മുപ്പതാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മരിയാനാസ് റൂം, ആരോണ്‍ ആപ്പല്‍ഫെല്‍ഡിന്‍റെ (Aharon Appelfeld) വിഖ്യാത നോവലായ ബ്ലൂംസ് ഓഫ് ഡാര്‍ക്ക്‌നെസ്സിനെ (Blooms of Darkness) ആസ്‌പദമാക്കിയുള്ള ചിത്രമാണ്. ഈ ഫ്രഞ്ച് സിനിമയുടെ ദൈര്‍ഘ്യം 130 മിനിറ്റ്.

മരിയാന, ഹ്യൂഗോ

രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇമ്മാനുവേല്‍ ഫിങ്കീല്‍ ഒരുക്കിയ ചലച്ചിത്രമാണ് മരിയാനാസ് റൂം. നാസി ഭരണകൂടത്തിന്‍റെ ജൂദ വേട്ടയ്‌ക്ക് ഇരയാവാതിരിക്കാന്‍ ഹ്യൂഗോ എന്ന ബാലനെ തന്‍റെ സുഹൃത്തായ മരിയാനയുടെ ജോലി സ്ഥലത്ത് ഒരു വര്‍ഷക്കാലത്തോളം ഒളിവില്‍ താമസിപ്പിക്കുകയാണ് അവന്‍റെ അമ്മ. നാസി അധിനിവേശ യുക്രെയ്‌നില്‍ ജര്‍മ്മന്‍ സൈനികരുടെ ഇഷ്‌ട കേന്ദ്രങ്ങളിലൊന്നായ വേശ്യാലയത്തിലായിരുന്നു മരിയാനയ്‌ക്ക് ജോലി. അവളുടെ മുറിയിലെ കുടുസ്സ് ഒളിവിടത്തില്‍ ഒരു അന്തേവാസിയാവുകയാണ് 12 വയസ് മാത്രം പ്രായമുള്ള ആ ബാലന്‍. ഹൃദയഭേദകമാണ് അവിടെ അമ്മയില്ലാത്ത ഓരോ നിമിഷവും ഹ്യൂഗോയ്‌ക്ക്. തന്‍റെ പ്രിയങ്കരിയായ പെണ്‍ സുഹൃത്തിനെയും ഹ്യൂഗോയ്‌ക്ക് പിരിയേണ്ടിവരുന്നു. ആ ഒരൊറ്റ മുറിയിലാണ് സിനിമ ഏറെക്കുറെ പൂര്‍ണ സമയവും നടക്കുന്നത്. മരിയാനയുടെ മുറിയില്‍ ഒരു ജൂദ ബാലന്‍ ഒളിവില്‍ കഴിയുന്ന കാര്യം ആ വേശ്യാലയത്തിലെ മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല. എന്നാല്‍ പതിയെ എല്ലാവരും ആ ബാലനെ അറിയുന്നു, അവന്‍റെ ജൂദ സ്വത്വം തങ്ങളുടെ സുരക്ഷയ്‌ക്കും ഭീഷണിയാവും എന്ന് അവര്‍ കരുതുന്നു.

തന്‍റെ പ്രിയ സുഹൃത്ത് കരുതലിനായി ഏല്‍പിച്ച ഹ്യൂഗോയെ എല്ലാ പരിമിതികള്‍ക്കിടയിലും പൊന്നുപോലെ നോക്കാനാണ് മരിയാനയുടെ തീരുമാനം. അതില്‍ അവള്‍ക്ക് വിട്ടുവീഴ്‌ചയില്ല. അമ്മയെ അപ്രതീക്ഷിതമായി പിരിയേണ്ടിവന്നതിന്‍റെ വേദനയിലും, അരണ്ട മുറിയുടെ ഇരുട്ടിലും മരിയാനയെ അപരിചിതയായി തോന്നിയിരുന്ന ഹ്യൂഗോ പതിയെ അവളുമായി ചങ്ങാത്തത്തിലാവുന്നു. അങ്ങനെ മരിയാനയുടെ റൂം സ്നേഹത്തിന്‍റെ മുറിയായി മാറുന്നു. ഒരുവേള ഹ്യൂഗോയെ അവിടെയാക്കി മരിയാനയ്‌ക്ക് സ്ഥലം വിടേണ്ടിവന്നെങ്കിലും സുരക്ഷിതമായ മറ്റൊരാള്‍ക്ക് ഏല്‍പിച്ചാണ് അവള്‍ പോയത്. ഹ്യൂഗോയ്‌ക്കായി അവള്‍ തിരിച്ചുവരികയും ഹ്യൂഗോ അവളുമായി അഗാധ സ്നേഹത്തിലാവുകയും ചെയ്യുന്നു. ഇതിനിടെ ഒരു കൗമാരക്കാരനിലേക്ക് വളരുന്നുമുണ്ട് ഹ്യൂഗോ.

മെലാനീ തിയറിയുടെ അഭിനയ ചാരുത

നിഷ്‌കളങ്കത, ഊഷ്‌മളമായ സ്നേഹം, പരസ്‌പര വിശ്വാസം, കടപ്പാട്, അതിജീവനം എന്നിവയുടെ ചലച്ചിത്രാവിഷ്‌കാരമാണ് മരിയാനാസ് റൂം. അതേസമയം, ഹ്യൂഗോ ഒരു കൗമാരക്കാരനാവുന്നതോടെ വളരെ സങ്കീര്‍ണമാണുതാനും മരിയാനയും ഹ്യൂഗോയും തമ്മിലുള്ള സ്നേഹ ബന്ധം. ആ മുറിക്ക് പുറത്ത് വച്ചാണ് ആ വഴിത്തിരിവ്. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണെങ്കിലും മരിയാനയുടെ മുറിയെ ചുറ്റിപ്പറ്റിയാണ് മരിയാനാസ് റൂം എന്ന മനോഹര ചലച്ചിത്രം ഇമ്മാനുവേല്‍ ഫിങ്കീല്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ക്രൂരതയും അനേകം മനുഷ്യരുടെ നിസ്സഹായതയും സിനിമയില്‍ പ്രതിഫലിക്കുന്നുണ്ടുതാനും. അനേകം ജൂദരെ കൊന്നുതള്ളിയിരിക്കുന്ന കുളം കണക്കെയുള്ള ഒരു കുഴിയുടെ ഒറ്റ ഷോട്ടില്‍ യുദ്ധത്തെ വരച്ചിടുകയാണ് സംവിധായകന്‍ ഇമ്മാനുവേല്‍ ഫിങ്കീല്‍. മരിയാനയായി വേഷമിട്ട മെലാനീ തിയറിയുടെ അപാര അഭിനയവും ഹ്യൂഗോയായെത്തിയ Artem Kyryk-ന്‍റെ നിഷ്‌ക്കളങ്കതയും കാഴ്‌ചക്കാരെ പിടിച്ചിരുത്തുന്നു.

PREV
Read more Articles on
click me!

Recommended Stories

മകനെ തേടിയുള്ള ഒരു അമ്മയുടെ യാത്ര, ഒപ്പം താലിബാന്റെ അധിനിവേശക്കാഴ്‍ചകളും
ഖാസി കുന്നുകളുടെ കാന്‍വാസില്‍ ഒരു അപൂര്‍വ്വസുന്ദര ചിത്രം; 'ദി എലീസിയന്‍ ഫീല്‍ഡ്' റിവ്യൂ