
വളരുന്ന പലസ്‌തീനിയന്‍ സിനിമ വ്യവസായത്തിന്‍റെ തെളിവുകളിലൊന്ന്. നാസര്‍ സഹോദരങ്ങള്‍ (അറബ് നാസര്‍, ടാര്‍സാന്‍ നാസര്‍) തിരക്കഥ രചിച്ച് സംവിധാനം ചെയ്‌ത പലസ്‌തീനിയര്‍ സിനിമയാണ് 30-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌കെ 2025) 'ഫ്രം അണ്ടര്‍ ദി ഒലിവ് ട്രീ' എന്ന പലസ്‌തീനിയന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ' (Once Upon a Time in Gaza). ഫ്രാന്‍സ്, പലസ്‌തീന്‍, ജര്‍മ്മനി, പോര്‍ച്ചുഗല്‍, ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തില്‍ നിര്‍മ്മിച്ച അറബിക്-ഇംഗ്ലീഷ് സിനിമയായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസയുടെ ദൈര്‍ഘ്യം 90 മിനിറ്റാണ്. ഐഎഫ്എഫ്‌കെ 2025-ല്‍ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രദര്‍ശനാനുമതി ലഭിക്കാതിരുന്ന സിനിമ കൂടിയാണിത്. പ്രതിരോധത്തിന്‍റെയും പ്രതികാരത്തിന്‍റെയും ആക്ഷേപഹാസ്യത്തിന്‍റെയും അകമ്പടിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഡ്രാമ സിനിമയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ.
“The Riviera of the Middle East” എന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്‌താവനയോടെയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ എന്ന സിനിമയുടെ ടൈറ്റില്‍ ആരംഭിക്കുന്നത്. ആദ്യ ഷോട്ടില്‍ തന്നെ, ഒരു ഹമാസ് ഭടന്‍റെ മൃതദേഹ ഘോഷയാത്രയാണ് നാസര്‍ സഹോദരന്‍മാര്‍ സ്‌ക്രീനില്‍ കാണിക്കുന്നത്. 2007-ല്‍ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയാണ് പശ്ചാത്തലം. അവിടെ യഹിയ എന്ന സര്‍വകലാശാല വിദ്യാര്‍ഥി, ഒരു റസ്റ്റോറന്‍റ് ഉടമയായ ഒസാമയെ റോഡില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടുകയാണ്. സ്വാദിഷ്‌ടമായ ഫലാഫെല്‍ സാന്‍ഡ്‌വിച്ചുകള്‍ വില്‍ക്കുന്നതിന്‍റെ മറവില്‍ വേദനസംഹാരി ഗുളികകള്‍ നിയമവിരുദ്ധമായി സമാഹരിച്ച് ആവശ്യക്കാര്‍ക്ക് കൈമാറുകയാണ് ഒസാമയുടെ തൊഴില്‍. തുടക്കത്തില്‍ പരിഭ്രമത്തോടെയാണ് കൂടെക്കൂടുന്നതെങ്കിലും യഹിയ അയാള്‍ക്കൊപ്പം ചേര്‍ന്ന് ഗുളികളുടെ നിയമവിരുദ്ധ വ്യാപാരത്തില്‍ പങ്കാളിയാവുന്നു. എന്നാല്‍ അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായ അബൂ സാമി, ഒസാമയെ കൃത്യമായി മാര്‍ക്ക് ചെയ്യുന്നു. ഒരു ദിവസം രാത്രി ഒസാമയുടെ റസ്റ്റോറന്‍റിലേക്ക് എത്തുന്ന അബൂ ഏറ്റുമുട്ടലിനൊടുവില്‍ ഒസാമയെ വധിക്കുന്നു. ഇതിന്‍റെ ഏക സാക്ഷി റസ്റ്റോറന്‍റില്‍ മറഞ്ഞിരുന്ന യഹിയയാണ്. അബൂ സാമി തന്‍റെയും പിന്നാലെയുണ്ടാകുമെന്ന ഭയം യഹിയയെ അതോടെ പിടികൂടുന്നു.
ഈ സംഭവങ്ങള്‍ക്ക് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയില്‍ ഒരു സിനിമാ ചിത്രീകരണം വരികയാണ്. പലസ്‌തീനിയന്‍ സാംസ്‌കാരിക മന്ത്രാലയത്തിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ പ്രൊപഗാണ്ട സിനിമയിലേക്ക് യഹിയയെ ചിത്രത്തിന്‍റെ സംവിധായകന്‍ കാസ്റ്റ് ചെയ്യുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസയുടെ ഓപ്പണിംഗ് ഷോട്ടില്‍ കാണിക്കുന്ന ശവസംസ്‌കാരച്ചടങ്ങിലെ, മരണപ്പെട്ട ആളുമായി യഹിയക്ക് സാമ്യതയുള്ളതായി സംവിധായകന്‍ മനസിലാക്കുന്നു. പലസ്‌തീനിയന്‍ രക്തസാക്ഷികളെ മഹത്വവത്ക്കരിക്കുക എന്ന മാത്രം ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന സിനിമയില്‍ അങ്ങനെ ആ ഹമാസ് ഭടന്‍റെ വേഷം യഹിയക്ക് ലഭിക്കുന്നു. ഈ സിനിമയിലേക്കും ആശയക്കുഴപ്പങ്ങളോടെയാണ് പ്രവേശിക്കുന്നതെങ്കിലും യഹിയ പിന്നാലെ ഒരു ഹമാസ് ആയുധധാരിയുടെ എല്ലാ ശരീരഭാഷയും കൈവരിക്കുന്നു. വിഷ്വല്‍ ഗ്രാഫിക്‌സ് ചെയ്യാനുള്ള ബജറ്റ് ഇല്ലാത്തതിനാല്‍ യഥാര്‍ഥ തോക്കുകളും മറ്റും ഉപയോഗിച്ച് അപകടകരമായാണ് 'ഈ സിനിമക്കുള്ളിലെ സിനിമ'യുടെ ഷൂട്ടിംഗ്. യഹിയ ഇപ്പോള്‍ അഭിനയതാവാണ് എന്ന് തിരിച്ചറിയുന്ന അബൂ സാമി ഒരു ദിവസം ഷൂട്ടിംഗ് സെറ്റിലെത്തുന്നു. യഹിയയെ മനസിലാക്കിയെന്നതിന് സൂചനയായി സാന്‍വിച്ചിനുള്ളില്‍ സമാന ഗുളികകള്‍ വച്ച് ആ പൊലീസ് ഉദ്യോഗസ്ഥന്‍ യഹിയയ്‌ക്ക് കൊടുക്കുന്നു. അതോടെ യഹിയ കൂടുതല്‍ ഭയപ്പെടുന്നു. പിന്നീടൊരു ദിവസം തന്നെ പിന്തുടര്‍ന്ന് തന്‍റെ താമസസ്ഥലത്തെത്തിയ ആ പൊലീസ് ഉദ്യോഗസ്ഥനെ യഹിയ വധിച്ചു. തന്‍റെ സുഹൃത്തായ ഒസാമയെ കൊലപ്പെടുത്തിയതിന്‍റെ പ്രതികാരം കൂടിയായിരുന്നു അത്.
പലസ്‌തീനിലെ യഥാര്‍ഥ ജീവിതവും, സിനിമക്കുള്ളിലെ സിനിമയും തമ്മിലുള്ള വൈരുദ്ധ്യമാണ് വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഗാസ സ്‌ക്രീനില്‍ പങ്കുവെക്കുന്നത്. ഉപരോധങ്ങള്‍ പ്രകടമെങ്കിലും ഇസ്രയേല്‍ ആക്രമണങ്ങളെ പരോക്ഷമായി മാത്രമേ ചിത്രം പരാമര്‍ശിക്കുന്നുള്ളൂ. നേരിട്ടുള്ള ഇസ്രയേല്‍- പലസ്‌തീന്‍ ഏറ്റുമുട്ടല്‍ സിനിമയില്ല, ആഘാതങ്ങളുണ്ടെങ്കിലും. സിനിമക്കുള്ളിലെ സിനിമയില്‍ പലസ്‌തീന്‍ നടന്‍മാരാണ് ഐഡിഎഫ് (ഇസ്രയേല്‍ സേന) ആയി വേഷമിടുന്നത്. കൊല്ലപ്പെട്ട ഹമാസ് അംഗങ്ങളെ ധീരരക്തസാക്ഷികളായി മഹത്വവത്കരിക്കാനും ഐഡിഎഫിനെ പരിഹസിക്കാനുമാണ് നാസര്‍ സഹോദരന്‍മാര്‍ ഗാസ സിറ്റിയിലെ സിനിമക്കുള്ളിലെ സിനിമാ ചിത്രീകരണം പൂര്‍ണമായും ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ഥ സിനിമയുടെ തുടക്കത്തില്‍ സ്ക്രീന്‍ ടൈം കൂടുതലും ഒസാമയായി വേഷമിട്ട മജീദ് ഈദ് കൊണ്ടുപോയി. അയാളുടെ അസാധ്യ പ്രകടനവും ചിത്രത്തിന് കരുത്തായി. എന്നാല്‍ ആദ്യമൊരു വിദ്യാര്‍ഥി, പിന്നീട് മയക്കുമരുന്ന് വില്‍പന സഹായി, അവിടെ നിന്ന് ചലച്ചിത്ര താരം എന്ന ട്രാന്‍സ്‌ഫോമേഷനിലേക്ക് സിനിമയ്‌ക്കുള്ളിലെ സിനിമയിലൂടെ, യഹിയയായി വേഷമിട്ട നദീര്‍ അബിദ് അല്‍ഹായ് അവിശ്വസനീയമാംവിധം പരിണമിക്കുന്നതിലാണ് ചലച്ചിത്രത്തിന്‍റെ കാതല്‍ അടങ്ങിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ അബൂ സാമിയായി വേഷമിട്ട റാംസി മഖ്‌ദിസിയുടെ പ്രകടനവും പ്രേക്ഷകരില്‍ തീവ്രാനുഭവം ജനിപ്പിക്കുന്നതാണ്.
പലസ്‌തീനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളുടെ ഗ്രാഫിക്‌സ് കാഴ്‌ചകള്‍, യഹിയയും ഒസാമയും ആദ്യമായി കണ്ടുമുട്ടിയതിന്‍റെ ഫ്ലാഷ്‌ബാക്ക്, ക്ലൈമാക്‌സില്‍ യഥാര്‍ഥ സിനിമയിലോ സിനിമക്കുള്ളിലെ സിനിമയിലോ എന്ന് സംശയിപ്പിക്കുന്ന 'ഫ്ലാഷ്‌ബാക്ക് ഷോട്ട്' എന്നിവയും വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസയില്‍ എടുത്തുപറയേണ്ട സങ്കേതങ്ങളാണ്. കൂടുതല്‍ കഥാപാത്രങ്ങളുടെ പരന്ന ആഖ്യാനത്തിലേക്ക് മുതിരാതെ ഒസാമ, യഹിയ, അബൂ സാമി എന്നീ മൂന്ന് പുരുഷ കഥാപാത്രങ്ങളുടെ വിശദമായ ആഖ്യാനത്തിനാണ് ചിത്രത്തില്‍ സംവിധായകര്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, അബൂ സാമിയെന്ന പൊലീസ് ഓഫീസറെ കുറിച്ചുള്ള വിവരങ്ങള്‍ പലതും നിഗൂഢമാണുതാനും. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ എന്ന സിനിമ ഗാസയിലെ സ്‌ത്രീകളെയോ കുട്ടികളേയോ പരാമര്‍ശിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. യഥാര്‍ഥ ദൃശ്യങ്ങളും ഗ്രാഫിക്‌സുകളും തമ്മിലുള്ള മിശ്രണം, രാത്രിയുടെ മനോഹരമായ ഉപയോഗം എന്നിവ സിനിമയില്‍ കാണാം.