ഇന്ദ്രൻസ് എന്ന മാജിക്കല്‍ പെര്‍ഫോര്‍മര്‍- ആശാൻ റിവ്യു

Published : Feb 05, 2026, 03:15 PM IST
Indrans

Synopsis

ഇന്ദ്രൻസ് നായകനായ ആശാന്റെ റിവ്യു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് ആശാൻ. ഒപ്പം ആശാൻ എന്ന ടൈറ്റില്‍ കഥാപാത്രത്തിന്റെ വൈകാരിക സഞ്ചാരവും സിനിമ പകര്‍ത്തുന്നു. ഇന്ദ്രൻസിന്റെ മാസ്‍മരിക പ്രകടനമാണ് സിനിമയുടെ നട്ടെല്ലെന്ന് പറയാവുന്നത്. കാമ്പുള്ള ഒരു സിനിമയാകുന്നു ആശാൻ.

സിനിമാ സ്വപ്‍നവുമായി നടക്കുന്ന അനന്തു എന്ന ചെറുപ്പക്കാരിന്റെ ജീവിത പശ്ചാത്തലത്തിലൂന്നിയാണ് ചിത്രത്തിന്റെ തുടക്കം. കെഎസ്‍ആര്‍ എന്ന ഒരുകാലത്തെ ഹിറ്റ് സംവിധായകന്റെ ചിത്രത്തിന്റെ ഭാഗമാകാൻ അനന്തുവിന് അവസരം ലഭിക്കുന്നു. ഷൂട്ടിംഗിനായി ഒരു ഫ്ലാറ്റ് സംഘടിപ്പിക്കുന്നതോടെയാണ് സിനിമയില്‍ അനന്തുവിന് അവസരം ലഭിക്കുന്നത്. ആ ഫ്ലാറ്റിന്റെ എല്ലാമെല്ലാമാണ് ആശാൻ.

ഫ്ലാറ്റിലുള്ളവരുടെ അവസാന വാക്കാണ് ആശാൻ. ആശാൻ വിചാരിക്കുന്നതേ അവിടെ നടക്കൂ. ഫ്ലാറ്റ് അസോസിയേഷൻ പ്രസിഡന്റുമാണ് ആശാൻ. ആശാന് ഒരു വേഷം തരപ്പെടുത്താമെന്ന് പറഞ്ഞാണ് അനനന്തുവിന് ആ ഫ്ലാറ്റ് ഷൂട്ടിംഗിനായി വിട്ടുനല്‍കുന്നത്. ആശാന് ഒരു ചെറു വേഷവും നല്‍കാൻ സംവിധായകൻ കെഎസ്ആര്‍ തയ്യാറാകുന്നുണ്ട്. എന്നാല്‍ പല ടേക്കുകള്‍ പോകേണ്ടി വരുന്നു. സൂപ്പര്‍സ്റ്റാര്‍ കരണ്‍ചന്ദാണ് അതിന് കാരണക്കാരൻ. ഒടുവില്‍ സഹികെട്ട് കെഎസ്ആര്‍ ആശാനെ തല്ലുകയും ചെയ്യുന്നു. ഇത് ഫ്ലാറ്റില്‍ വലിയ കോലാഹാലങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. തുടര്‍ന്ന് ഷൂട്ടിംഗ് നടത്തണമെങ്കില്‍ ആശാൻ ഒരു നിബന്ധന അനന്തുവിനു മുന്നില്‍ വയ്‍ക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമയുടെ മുന്നോട്ടുപോക്ക്.

സിനിമാ ഷൂട്ടിംഗ് എന്നും പ്രേക്ഷകര്‍ക്ക് കൗതുകമുള്ള ഒരു കാര്യമാണ്. ഷൂട്ടിംഗ് സെറ്റിലെ രസകരമായ സംഭവങ്ങളും കൗതുകങ്ങളുമൊക്കെ ചേര്‍ത്താണ് ആശാന്റെ ആദ്യ പകുതി മുന്നോട്ടുപോകുന്നത്. ചിരിക്കാനുള്ള നിരവധി സന്ദര്‍ഭങ്ങളും സിനിമയുടെ ആദ്യ പകുതിയിലുണ്ട്. ഷൂട്ടിംഗ് സെറ്റില്‍ മുഴുവൻ ആശാൻ നിറഞ്ഞുനില്‍ക്കുകയും ചെയ്യുന്നു.

ഗപ്പി, അമ്പിളി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ആശാൻ. കേവലം കഥ പറച്ചിലിനു പകരം സിനിമ അനുഭവിപ്പിക്കുകയാണ് ആശാനിലൂടെ ജോണ്‍ പോള്‍ ജോര്‍ജ് ചെയ്‍തിരിക്കുന്നത്. ഫാന്റസി അനുഭവങ്ങളും ആശാനില്‍ ഇടകലരുന്നുണ്ട്. ഇരുത്തം വന്ന സംവിധായകനാണ് താൻ എന്ന് ആശാനിലൂടെ അടിവരയിടുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ ജോണ്‍ പോള്‍ ജോര്‍ജ്.

ആശാൻ എന്ന ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്നത് ഇന്ദ്രൻസാണ്. ആദ്യ പകുതിയില്‍ ചിരിക്കൊപ്പമാണ് ഇന്ദ്രൻസിന്റെ നടനമെങ്കില്‍‌ മറുപകുതിയില്‍ പകര്‍ന്നാട്ടിന്റെ മാസ്‍മകരിക സൗന്ദര്യമാണ് ഇന്ദ്രൻസ് അനുഭവിപ്പിക്കുന്നത്. ഓരോ സിനിമയിലും സ്വയം പുതുക്കുന്ന ഇന്ദ്രൻസിനെ ആശാനിലും കാണാം. പല അടരുകളുള്ള കഥാപാത്രമായ ആശാനോട് ഇന്ദ്രൻസ് തന്റെ ഉടല്‍ സഞ്ചാരങ്ങള്‍ ചേരുംപടി ചേര്‍ത്തുവെച്ചിരിക്കുന്നു. വിസ്‍മയിപ്പിക്കുന്ന മറ്റൊരു പ്രകടം കാഴ്‍ചവെച്ചിരിക്കുന്നത് അനന്തനായ ജോമോൻ ജ്യോതിര്‍ ആണ്. ഹാസ്യ നടന്റെ ലേബലില്‍ ചേര്‍ത്തുവയ്‍ക്കപ്പെട്ട ജോമോൻ ജ്യോതിറിന്റെ മറ്റൊരു തലത്തിലുള്ള വൈകാരിക പ്രകടനങ്ങള്‍ ആശാനില്‍ കാണാം. കെഎസ്ആര്‍ ആയി ആശാനില്‍ എത്തിയ ഷോബി തിലകൻ ചിലപ്പോഴൊക്കെ തിലകനെ ഓര്‍മപ്പെടുത്തും. മദൻ ഗൗരി, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു.

സിനിമയുടെ പ്രമേയത്തിനൊപ്പം ചേരുന്നതാണ് സംഗീതവും, ജോണ്‍ പോള്‍ ജോര്‍ജ് തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. അജീഷ് ആന്റോയുടേതാണ് പശ്ചാത്തല സംഗീതം. സിനിമയുടെ വിവിധ അടരുകളെ പ്രതിഫലിപ്പിക്കും വിധം വേറിട്ട കളര്‍ടോണുകളിലാണ് വിമല്‍ ജോസ് തച്ചിലിന്റെ ഛായാഗ്രാഹണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ജെൻസി പിള്ളേരുടെ അഴിഞ്ഞാട്ടം, സ്കോർ ചെയ്ത് സാ​ഗർ; ഇത് പൊട്ടിച്ചിരിയുടെ 'പ്രകമ്പനം'- റിവ്യു
ബ്രാന്‍ഡ് ജീത്തു ജോസഫ്, മത്സരിച്ച് അഭിനയിച്ച് ബിജു മേനോന്‍, ജോജു ജോര്‍ജ്; 'വലതുവശത്തെ കള്ളന്‍' റിവ്യൂ