ജെൻസി പിള്ളേരുടെ അഴിഞ്ഞാട്ടം, സ്കോർ ചെയ്ത് സാ​ഗർ; ഇത് പൊട്ടിച്ചിരിയുടെ 'പ്രകമ്പനം'- റിവ്യു

Published : Jan 30, 2026, 02:18 PM IST
prakambanam

Synopsis

വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത 'പ്രകമ്പനം' ചിരിയും ഭയവും ഒരുപോലെ നൽകുന്ന ഒരു ക്യാമ്പസ് ഹൊറർ-കോമഡി ചിത്രമാണ്. ഒരു കോളേജ് ഹോസ്റ്റലിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവർ പ്രധാന വേഷത്തില്‍.

സിനിമാസ്വാദകർക്ക് ഏറെ ഇഷ്ടമുള്ള ജോണറാണ് ഹൊറർ- കോമഡി. ഹൊറർ പടങ്ങൾ കാണാൻ താല്പര്യമില്ലാത്തവർ വരെ ഈ സിനിമകൾ കാണാൻ എത്തും. അത്തരത്തിലുള്ള ഒരുപിടി മികച്ച സിനിമകൾ മലയാളികൾക്ക് ലഭിച്ചിട്ടുമുണ്ട്. അക്കൂട്ടത്തിലേക്ക് പുതിയ എൻട്രി നടത്തിയിരിക്കുകയാണ് പ്രകമ്പനം. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് 'പൊട്ടിച്ചിരിയുടെ പ്രകമ്പനം' ആയിരുന്നു.

ഒരു പക്കാ ക്യാമ്പസ് ഹൊറർ- കോമഡി ത്രില്ലറാണ് പ്രകമ്പനം എന്ന് ഒറ്റ വാക്കിൽ പറയാം. ചെമ്പകത്ത് വീട്ടിലേക്കാണ് പ്രേക്ഷകര‍െ ആദ്യം സിനിമ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടുത്തെ അമ്മയാണ് ചെമ്പകത്ത് രു​ഗ്മിണി എന്ന ചെമ്പോത്തമ. ഭർത്താവ് മാധവൻ. കടുത്ത ഈശ്വരവിശ്വാസിയാണ് ചെമ്പകത്തമ്മ. എന്നാൽ ഇവരുടെ മക്കളാകട്ടെ കടുത്ത രാഷ്ട്രീയക്കാരും നിരീശ്വരവാദികളുമാണ്. ആ വീട്ടിലെ ചുറ്റുപാടുകൾ പരിചയപ്പെട്ട ശേഷം നേരെ കോളേജിലേക്കാണ് പ്രേക്ഷകർ എത്തുന്നത്. ഇന്നത്തെ കാലത്തെ കോളേജ് പിള്ളേരുടെ എല്ലാകാര്യങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള കോളേജ് ഹോസ്റ്റലാണ് പ്രധാന സ്ഥലം. സിദ്ധു, പുണ്യാളൻ, ശങ്കു എന്നിവരാണ് ഇവരിൽ പ്രധാനികൾ. കോളേജ് കാലം അടിച്ച് പൊളിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഇവരെ തേടി ചില അസ്വഭാവിക കാര്യങ്ങൾ നടക്കുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളെ ഭയത്തിന്റേയും നർമത്തിന്റേയും മെമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.

പ്രകമ്പനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അഭിനേതാക്കളാണ് എന്ന് നിസംശയം പറയാം. മികച്ച കാസ്റ്റിം​ഗ് ആണ് പടത്തിന് വേണ്ടി അണിയറപ്രവർത്തകർ നടത്തിയിരിക്കുന്നത്. സിദ്ധു, പുണ്യാളൻ, ശങ്കു എന്നിവരെ യഥാക്രമം ​ഗണപതി, സാ​ഗർ സൂര്യ, അൽ അമീൻ എന്നിവരാണ് അവതരിപ്പിക്കുന്നത്. ഇവരാണ് ഈ സിനിമയെ കൊണ്ടു പോകുന്നതെന്നത് വ്യക്തം. ഇക്കൂട്ടത്തിൽ സ്കോർ ചെയ്തത് സാ​ഗർ സൂര്യയാണ്. രണ്ട് ക്യാരക്ടറുകളെ അതി​ഗംഭീരവും മികവോടും കൂടെ പ്രകമ്പനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. തനിക്ക് വില്ലൻ കഥാപാത്രം മാത്രമല്ല ഏത് വേഷവും ചെയ്യാനാകുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സാ​ഗർ പ്രകമ്പനത്തിലൂടെ കാട്ടിത്തരുന്നത്. സിനിമയിൽ ത്രൂ ഔട്ട് ക്യാരക്ടർ മെയിന്റയിൻ ചെയ്തതിൽ സാ​ഗർ വലിയൊരു കയ്യടി അർഹിക്കുന്നുമുണ്ട്.

നിരീശ്വരവാദിയും കോളേജ് രാഷ്ട്രീയത്തിൽ സജീവവുമായ കണ്ണൂർകാരനാണ് ​ഗണപതിയുടെ സിദ്ധു. ഈ വേഷം വളരെ കയ്യടക്കത്തോടെ തന്നെ ​ഗണപതി അവതരിപ്പിച്ചിട്ടുണ്ട്. നമ്മൾ പലപ്പോഴും ക്യാമ്പസുകളിൽ കണ്ടുമറന്നൊരു വേഷമാണിതെന്ന് ഉറപ്പ്. സോഷ്യൽ മീഡിയയിൽ സ്ക്റ്റുകൾ ചെയ്ത് തിളങ്ങിയ അൽ അമീനും ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. താനൊരു സിനിമാ മെറ്റീയലാണെന്ന് ശങ്കുവിലൂടെ അമീൻ തെളിയിച്ചു. എവിടെയൊക്കെയോ അജു വർ​ഗീസിനെ ഓർമപ്പെടുത്തുന്ന തരത്തിലായിരുന്നു അഭിനയം. ഇവർക്ക് പുറമെ മല്ലിക സുകുമാർ(ചെമ്പകത്തമ്മ), അസീസ്‍(രമേശ്), കലാഭവൻ നവാസ് (സഖാവ് രാഘവൻ), രാജേഷ് മാധവൻ, സുബിൻ ടാർസൻ (ദിനിൽ ശശി), പിപി കുഞ്ഞികൃഷ്ണൽ(മാധവൻ) എന്നിവരും തങ്ങളുടെ വേഷങ്ങൾ ​ഗംഭീരമാക്കി. കലാഭവൻ നവാസിന്റെ അവസാന സിനിമ കൂടിയായിരുന്നു പ്രകമ്പനം.

ഹൊറർ ഫാമിലി കോമഡി എന്റർടൈനറിന്റെ എല്ലാ ചേരുവകളും കോർത്തിണക്കി ​ഗംഭീര സിനിമാനുഭവം സമ്മാനിച്ച സംവിധായകൻ വിജേഷ് പാണത്തൂരും തിരക്കഥാകൃത്ത് ശ്രീഹരി വടക്കനും കയ്യടി അർഹിക്കുന്നുണ്ട്. വിജേഷിന്റേതാണ് കഥ. കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുന്റെ അംശവും ക്യാമറ കണ്ണുകളിൽ ഒപ്പിയൊടുത്ത ആൽബി ആന്റണിയും സ്കോർ ചെയ്തിട്ടുണ്ട്. ബിബിൻ അശോകിന്റെ സം​ഗീതവും ശങ്കർ ശർമ്മയുടെ പശ്ചാത്തല സം​ഗീതവും പ്രകമ്പനത്തിന്റെ മാറ്റ് ഏറെ കൂട്ടിയിട്ടുണ്ട്. ആദ്യം മുതൽ അവസാനം വരെ കോമഡിയും ഹൊററും സമ്മാനിച്ച ചിത്രത്തിൽ ട്വിസ്റ്റും സസ്പെൻസും പ്രണയവും എല്ലാം കടന്നു വരുന്നുണ്ട്. ആകെ മൊത്തത്തിൽ എല്ലാവത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന സിനിമാനുഭവവമാണ് പ്രകമ്പനം.

PREV
Read more Articles on
click me!

Recommended Stories

ബ്രാന്‍ഡ് ജീത്തു ജോസഫ്, മത്സരിച്ച് അഭിനയിച്ച് ബിജു മേനോന്‍, ജോജു ജോര്‍ജ്; 'വലതുവശത്തെ കള്ളന്‍' റിവ്യൂ
പോർക്കളത്തിൽ കൊമ്പുകോർക്കുന്ന മുട്ടനാടുകൾ; പ്രേക്ഷകാവേശം നിറച്ച് ജോക്കി- റിവ്യു