അറ്റെന്‍ഷന്‍ സ്പാന്‍ അത്രയും കുറഞ്ഞ കാണികളുടെ ശ്രദ്ധ പിടിക്കാന്‍ വന്‍ വയലന്‍സ് ഉള്ള ക്രൈം, ആക്ഷന്‍ ത്രില്ലറുകളില്‍ അഭയം പ്രാപിക്കുന്ന ഭൂരിപക്ഷം സംവിധായകരില്‍ നിന്നും വഴി മാറി നടക്കുന്നയാളാണ് വെങ്കി അറ്റ്ലൂരി.

തെലുങ്ക് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ വെങ്കി അറ്റ്ലൂരിക്കൊപ്പം ആദ്യമായി സൂര്യ. ഒപ്പം ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാളി താരം മമിത ബൈജു. ലക്കി ഭാസ്കര്‍ എന്ന സാമ്പത്തിക വിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ, കരിയറില്‍ ഏറ്റവും വലിയ ബ്രേക്ക് നല്‍കിയ സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം. വിശ്വനാഥ് ആന്‍ഡ് സണ്‍സ് സിനിമാപ്രേമികളുടെ പ്രീ റിലീസ് ശ്രദ്ധ കവരാന്‍ ഇത്രയൊക്കെ ധാരാളമായിരുന്നു. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൊക്കെ റൊമാന്‍റിക് കോമഡിയുടെ ഛായയുള്ള ഒരു കളര്‍ഫുള്‍, ഫീല്‍ ​ഗുഡ്, ഫാമിലി ​എന്‍റര്‍ടെയ്നര്‍ എന്ന തോന്നലാണ് ചിത്രം സൃഷ്ടിച്ചത്. ഒരു മികച്ച താരനിരയ്ക്കും സാങ്കേതിക സംഘത്തിനുമൊപ്പം വെങ്കി അറ്റ്ലൂരി സംവിധാനത്തില്‍ മറ്റൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിലൂടെ.

തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ​ഗജിനിയിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇവിടെ സൂര്യയുടെ കഥാപാത്രത്തിന്‍റെ പേര്. അതില്‍ സഞ്ജയ് രാമസ്വാമിയെങ്കില്‍ ഇവിടെ സഞ്ജയ് വിശ്വനാഥ്. രണ്ട് പേരും വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമകളും ജീവിതത്തില്‍ ചില നിഷ്ഠകള്‍ കാത്തുസൂക്ഷിക്കുന്നവരും ചുറ്റുമുള്ളവര്‍ക്ക് നന്മ വരണമെന്ന് ആ​ഗ്രഹിക്കുന്നവരും. അവരിലേക്ക് തികച്ചും വേറിട്ട സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ട് സ്ത്രീകള്‍ എത്തുന്നിടത്താണ് രണ്ട് സിനിമകളുടെയും പ്ലോട്ട് സൃഷ്ടിക്കപ്പെടുന്നത്. പക്ഷേ അത് വ്യത്യസ്തമായ രീതികളിലൂടെയാണെന്ന് മാത്രം. ​ഗജിനിയില്‍ റൊമാന്‍സിനാണ് പ്രാധാന്യമെങ്കില്‍ ഇവിടെ അതിനേക്കാള്‍ പ്രാധാന്യം വ്യക്തികള്‍ക്കിടയിലെ ബന്ധങ്ങള്‍ക്കാണ്. നായകനിലോ നായികയിലോ മാത്രം ഫോക്കസ് പോകാതെ വന്ന് പോകുന്ന കഥാപാത്രങ്ങള്‍ക്കൊക്കെയും വ്യക്തിത്വം കൊടുക്കുന്ന വെങ്കി അറ്റ്ലൂരിയുടെ രചനാശൈലി ഇവിടെയും ശ്രദ്ധേയമാണ്.

പാരമ്പര്യമായി കൈകളിലെത്തിയ ബിസിനസ് സാമ്രാജ്യത്തെ പല മടങ്ങ് വളര്‍ത്തിയെടുത്ത ആളാണ് നാല്‍പ്പത്തിരണ്ടുകാരനായ സഞ്ജയ് വിശ്വനാഥ്. എന്നാല്‍ അയാള്‍ അവിവാഹിതനാണ്. അവിവാഹിതനായി തുടരുന്നതില്‍ അയാള്‍ക്ക് ചില കാരണങ്ങളും ബോധ്യങ്ങളുമുണ്ട്. മകന്‍ വിവാഹം കഴിക്കണമെന്നും പേരക്കുട്ടിയെ ഓമനിക്കണമെന്നും അതിയായി ആ​ഗ്രഹിക്കുന്ന അമ്മയുടെ സ്ഥിരം സമ്മര്‍ദ്ദത്തില്‍ കീഴിലുമാണ് അയാളുടെ ദൈനംദിന ജീവിതം മുന്നോട്ട് പോകുന്നത്. ഈ സമ്മര്‍ദ്ദത്തില്‍ നിന്നും മോചനം നേടാനും അമ്മയുടെ ആ​ഗ്രഹം സഫലമാക്കാനും അയാള്‍ ഒരു വഴി ഒടുവില്‍ കണ്ടെത്തുകയാണ്. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും മാധ്യമശ്രദ്ധയിലും നില്‍ക്കുന്ന ഒരാള്‍ അത്തരത്തില്‍ ഒരു വഴി സ്വീകരിക്കുമ്പോള്‍ അത് അയാളുടെ വ്യക്തിജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും രസങ്ങളുമൊക്കെ കലര്‍ത്തിയാണ് വെങ്കി അറ്റ്ലൂരി മനോഹരമായ ഒരു ഫാമിലി ഡ്രാമ സൃഷ്ടിച്ചിരിക്കുന്നത്.

തന്റെ കഥാപാത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യരായ താരങ്ങളെയാണ് വെങ്കി അറ്റ്ലൂരി തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യയുടെ സഞ്ജയ് വിശ്വനാഥും രാധിക ശരത്കുമാര്‍ അവതരിപ്പിച്ചിരിക്കുന്ന അമ്മയും മമിത ബൈജുവിന്‍റെ മദനകാമേശ്വരി ജ്യോതിലിം​ഗം എന്ന മാഡിയുമാണ് ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങള്‍. ലൈറ്റ് ഹാര്‍ട്ടഡ് ഫാമിലി എന്‍റര്‍ടെയ്നര്‍ ആണെങ്കിലും വൈകാരികമായ ചില അടിയൊഴുക്കുകള്‍ കഥപറച്ചിലില്‍ ഉടനീളമുള്ള ചിത്രമാണിത്. കോമഡി ഉണ്ടെങ്കിലും അത് അത്ര ലൗഡ് ആവാത്ത, സിറ്റ്വേഷണല്‍ ഹ്യൂമര്‍ ആണ്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് ഈ മൂന്ന് കഥാപാത്രങ്ങളുടെയും പ്രതികരണങ്ങളിലെ സൂക്ഷ്മ വ്യത്യാസങ്ങളൊക്കെ ചിത്രത്തിന്‍റെ അടിസ്ഥാനമാണ്. ഇത്തരമൊരു ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന അഭിനേതാക്കള്‍ക്കിടയിലുള്ള കെമിസ്ട്രി ഏറെ പ്രധാനമാണ്. അതിന് ഇവിടെ പത്തില്‍ പത്ത് മാര്‍ക്കും കൊടുക്കാം. സൂര്യ- മമിത, സൂര്യ- രാധിക ശരത്കുമാര്‍, മമിത- രാധിക ശരത്കുമാര്‍ കെമിസ്ട്രി ഒക്കെയും മനോഹരമായി വര്‍ക്ക് ആയിട്ടുണ്ട്. എലൈറ്റ് ക്ലാസിന്‍റെ ജീവിതമാണ് പറയുന്നതെങ്കിലും അവരുടെ വികാരങ്ങള്‍ അങ്ങേയറ്റം മാനുഷികവും സത്യസന്ധവുമായാണ് വെങ്കി അറ്റ്ലൂരി അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ക്ക് അനായാസം സഞ്ചരിക്കാനാവുന്നു.

സ്ക്രീന്‍ ടൈം കുറവുള്ള കഥാപാത്രങ്ങള്‍ക്ക് പോലും വെങ്കി അറ്റ്ലൂരി എഴുത്തില്‍ കൊടുക്കുന്ന ഒരു ശ്രദ്ധയുണ്ട്. ലക്കി ഭാസ്കര്‍ അടക്കമുള്ള ചിത്രങ്ങളില്‍ കണ്ട ആ മികവ് അദ്ദേഹം ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. ഈ ജോണറില്‍ ഒരു മികച്ച ചിത്രം സൂര്യയുടേതായി പുറത്തിറങ്ങിയിട്ട് ഏറെനാളായി. വലിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനാണെങ്കിലും ചൈല്‍ഡ്‍ഹുഡ് ട്രോമയുടേതായ പ്രശ്നങ്ങള്‍ വ്യക്തിത്വത്തില്‍ കൊണ്ടുനടക്കുന്ന ആളാണ് സഞ്ജയ് വിശ്വനാഥ്. കൈയടക്കമുള്ള പ്രകടനം ആവശ്യപ്പെടുന്ന കഥാപാത്രം. അഭിനേതാവ് എന്ന നിലയിലുള്ള പരിചയം സൂര്യയ്ക്ക് പ്രകടിപ്പിക്കാന്‍ അവസരം നല്‍കിയ കഥാപാത്രമാണ് സഞ്ജയ്. അത് അദ്ദേഹം മനോഹരമായി ചെയ്തിട്ടുണ്ട്. മമിത ബൈജുവിന് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ മാഡി. പ്രേമലുവിന് ശേഷം അവതരിപ്പിച്ച പല കഥാപാത്രങ്ങളിലും അതിലെ റീനുവിന്റെ ഛായ ഉണ്ടായിരുന്നെങ്കില്‍ ഫ്രഷ്നസ് ഉള്ള കഥാപാത്രമാണ് മാഡി. മാഡിയെ മമിത ​ഗംഭീരമാക്കിയിട്ടുണ്ട്. തായ് കിളവിയിലൂടെ അടുത്തിടെ വലിയ കൈയടി നേടിയ രാധിക ശരത്കുമാറിനും ലഭിച്ച മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഈ കഥാപാത്രത്തെ അവരും മികവാര്‍ന്ന രീതിയില്‍ സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രവീണ ടണ്ഡനെ ഒരു തമിഴ് ചിത്രത്തില്‍ കാണാനായതും വിശ്വനാഥ് ആന്‍ഡ് സണ്‍സിലൂടെയാണ്.

ചിത്രത്തിന്‍റെ കളര്‍ഫുള്‍ ഫ്രെയ്മുകള്‍ നിമിഷ് രവിയുടെ ക്യാമറയിലൂടെയാണ്. ലക്കി ഭാസ്കറിന്‍റെ ഛായാ​ഗ്രഹണവും നിമിഷ് ആയിരുന്നു. വളരെ മിനിമല്‍ ആണ് ചിത്രത്തിന്‍റെ സം​ഗീതം. ജി വി പ്രകാശ് കുമാര്‍ ആണ് സം​ഗീത വിഭാ​ഗം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രധാന ഇമോഷണല്‍ മൊമെന്‍റുകളിലൊക്കെ പശ്ചാത്തല സം​ഗീതത്തിന്‍റെ അതിപ്രസരം കൊണ്ടുവരുന്ന സമീപകാല രീതിക്ക് പകരം അത്തരം മുഹൂര്‍ത്തങ്ങളില്‍ നിശബ്ദത കൊണ്ടുവന്നിട്ടുണ്ട് വെങ്കി അറ്റ്ലൂരി. അറ്റെന്‍ഷന്‍ സ്പാന്‍ അത്രയും കുറഞ്ഞ കാണികളുടെ ശ്രദ്ധ പിടിക്കാന്‍ വന്‍ വയലന്‍സ് ഉള്ള ക്രൈം, ആക്ഷന്‍ ത്രില്ലറുകളില്‍ അഭയം പ്രാപിക്കുന്ന ഭൂരിപക്ഷം സംവിധായകരില്‍ നിന്നും വഴി മാറി നടക്കുന്നയാളാണ് വെങ്കി അറ്റ്ലൂരി. അദ്ദേഹത്തില്‍ നിന്നും ഇനിയും ഏറെ പ്രതീക്ഷിക്കാന്‍ സാധിക്കുമെന്ന് അടിവരയിടുന്നുണ്ട് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. ലൈറ്റ് ഹാര്‍ട്ടഡ് ഫാമിലി എന്‍റര്‍ടെയ്നര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ഒട്ടുമേ നിരാശപ്പെടുത്താത്ത ചിത്രമാണിത്. അതിനാല്‍ത്തന്നെ ധൈര്യമായി ടിക്കറ്റ് എടുക്കാം.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain