പഴുതടച്ചൊരു ത്രില്ലർ ചിത്രം: പാർവതിയും വിജയരാഘവനും നിറഞ്ഞാടിയ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'; റിവ്യൂ

Published : Sep 11, 2026, 05:43 PM IST
Pradhama Drishtya Kuttakkar

Synopsis

പൊലീസ് കഥയ്ക്കപ്പുറം പൊലീസുകാരുടെ കഥയായി അവതരിപ്പിച്ചതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളുടെയും വൈകാരിക തലം കൂടി ചേർന്നതാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.

പാർവതി തിരുവോത്ത്, വിജയരാഘാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' തിരക്കഥയുടെ മികവിൽ ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ അനുഭവമാണ്. 'പ്രകാശം പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് ഒരുക്കിയ ചിത്രം ത്രില്ലർ- പ്രൊസീജ്യറൽ ഡ്രാമ ഗണത്തിലുള്ളതാണ്. മൂന്നുമണിക്കൂറിനടുത്ത് ദൈർഘ്യമുള്ള സിനിമയിൽ നിന്ന് ഒരു നിമിഷം പോലും പ്രേക്ഷകരുടെ ശ്രദ്ധ തിരിയാതിരിക്കുന്നത് തിരക്കഥയ്ക്കൊപ്പം അഭിനേതാക്കളുടെയും മികവ്.

കോട്ടയത്തെ നാട്ടകം പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു കസ്റ്റഡി കൊലപാതകമാണ് കഥാപശ്ചാത്തലം. സർവീസിലിരിക്കെ മരണപ്പെട്ട ഭർത്താവിൻ്റെ ആശ്രിത നിയമനത്തിലാണ് പാർവതി അവതരിപ്പിക്കുന്ന അലീന പൊലീസ് കോൺസ്റ്റബിൾ ആകുന്നത്. നാട്ടകം ഭാഗത്ത് നടക്കുന്ന കവർച്ചാ പരമ്പരയും പിന്നാലെയുണ്ടാകുന്ന കൊലപാതകവും അന്വേഷിക്കാനാണ് വിജയരാഘവൻ അവതരിപ്പിക്കുന്ന ഡിവൈഎസ്പി ഹാരിസ് മീരാൻ എത്തുന്നത്. സിദ്ധാർഥ് ഭരതൻ, മാത്യു തോമസ്, ഉണ്ണിമായ പ്രസാദ്, പാർവതി എന്നിവരുടെ കഥാപാത്രങ്ങൾക്ക് ഈ കസ്റ്റഡി മരണവുമായി ബന്ധപ്പെടുന്നതും അവർക്കെതിരെയുള്ള അന്വേഷണങ്ങളുമാണ് ചിത്രം പറയുന്നത്.

പി എസ് സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സീറ്റ് എഡ്ജ് ത്രില്ലിങ് അനുഭവത്തിനപ്പുറം പതിയെ മറനീക്കി വരുന്ന രഹസ്യങ്ങൾ പോലെയാണ് പ്രേക്ഷകർക്ക് ചിത്രത്തെ അനുഭവപ്പെടുക. പൊലീസ് കഥയ്ക്കപ്പുറം പൊലീസുകാരുടെ കഥയായി അവതരിപ്പിച്ചതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളുടെയും വൈകാരിക തലം കൂടി ചേർന്നതാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.

മികച്ച സർവീസ് റെക്കോഡ് ഉള്ള ഹാരിസ് മീരാൻ ഈ കേസുമായി മുന്നോട്ട് പോകുമ്പോൾ എതിരെയുള്ളത് മറ്റ് നാല് പൊലീസുകാരാണ്. അവിടെയാണ് കുറ്റാന്വേഷണം മറ്റു വഴിത്തിരിവുകൾ എടുക്കുന്നത്. കസ്റ്റഡി മരണവും തുടർന്നുള്ള അന്വേഷണവുമാണ് പ്രധാന കഥാതന്തു എങ്കിൽ പോലും വിശദാംശങ്ങളോടെയുള്ള കഥപറച്ചിൽ സിനിമയെ മികച്ച ത്രില്ലിങ് അനുഭവമാക്കുന്നു.

വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, തമിഴ് താരം പാർഥിപൻ എന്നിവരും സിനിമയിൽ പ്രധാനപ്പെട്ട താരങ്ങളാണ്. പൊലീസ് കഥയാകുമ്പോഴും ആദ്യാവസാനം സീരിയസായി കഥപറഞ്ഞുപോകാതെ സാഹചര്യങ്ങളിൽ നിന്നുണ്ടാകുന്ന നർമ്മവും സിനിമയ്ക്ക് കരുത്താണ്. ഒരു താരത്തിൻ്റെയും ഒരു സംവിധായകൻ്റെയും കാമിയോ റോളുകൾ സിനിമയിലുള്ളതും പ്രേക്ഷകർക്ക് കൗതുകമുള്ള കാര്യമാകും. ഒരിടത്തും കഥയ്ക്ക് മുമ്പേ കടന്ന് ചിന്തിച്ചെത്താൻ പ്രേക്ഷകരെ കഥപറച്ചിൽ രീതി അനുവദിക്കുന്നില്ല. വ്യക്തമായ ഡീറ്റെയിലിങ്ങോടെ വിശദമായി കഥപറഞ്ഞു പോകുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റോബി വർഗീസ് രാജാണ്. ചമൻ ചാക്കോ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദിൻ്റെ പശ്ചാത്തല സംഗീതം ത്രില്ലർ അനുഭത്തിനു കരുത്തായി.

സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പൊലീസ് വേഷമാണ് ചിത്രത്തിലേത്. 11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മാണം. മലയാള സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് ചുവടെടുത്ത് വയ്ക്കുന്ന ഈ ബാനറിൻ്റെ ആദ്യ നിർമ്മാണ സംരഭമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ.

PREV
Read more Articles on
click me!

Recommended Stories

സ്റ്റൈൽ, സ്വാഗ് ഗെയിം ആരംഭം, ദുൽഖർ-പെപ്പെ ഷോ; ഐ ആം ഗെയിം റിവ്യൂ
Toxic Review: ഇത് ടോട്ടൽ യഷ് പാക്കേജ്; 'മുതിർന്നവർക്ക്' വേണ്ടി മാത്രമുള്ള ഒരു ഗീതു മോഹൻദാസ് ചിത്രം