അസാധാരണമായ കേൾവി ശക്തി ലഭിക്കുന്ന ഒരു സാധാരണക്കാരൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അതീവ രസകരമായും ആവേശകരമായും ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്.
'നേരം' എന്ന സിനിമയിലൂടെ എത്തി 'പ്രേമ'ത്തിലൂടെ വലിയൊരു കരിയർ ബ്രേക്ക് ലഭിച്ച് ഇന്ന് മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയ ആളാണ് ഷറഫുദ്ദീൻ. വെഡ്ഡിംഗ് വർക്കുകളിൽ എഡിറ്റിങ് ചെയ്ത് പിന്നീട് മലയാള സിനിമയിലെ എഡിറ്റിംഗ് ടേബിളിലേക്കും അവിടെന്ന് നടൻ എന്ന നിലയിലേക്കും എത്തി ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത താരമായി വളർന്ന ആളാണ് സംഗീത് പ്രതാപ്. ഈ രണ്ട് പ്രതിഭകളും ഒന്നിച്ചെത്തുന്ന ചിത്രം. ആതാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രത്തിലേക്ക് മലയാളികളെ ആദ്യം അടുപ്പിച്ച പ്രധാനഘടകം. പിന്നീട് വന്ന ഓരോ പ്രൊമോഷൻ മെറ്റീരിയലുകളും പ്രേക്ഷകരിൽ ആവേശവും കൗതുകവും നിറഞ്ഞു. ഒടുവിൽ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തിയപ്പോൾ ആ കാത്തിരിപ്പിന് ഫലം കണ്ടുവെന്നത് വ്യക്തമാണ്.
കോമഡിയിൽ അഗ്രഗണ്യരായ ഷറഫുദ്ദീനും സംഗീതും ഒന്നിച്ചെത്തുമ്പോൾ ഒരു കോമഡി പടമാണ് ഏവരും പ്രതീക്ഷിക്കുന്നതെങ്കിൽ അത് തെറ്റി. അധികം കോമഡികൾ ഇല്ലാതെ വളരെ സീരിയസ് ആയിട്ടുള്ള ത്രെഡ് ആണ് 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ'. അത് പ്രേക്ഷകര്‍ക്കൊരു സസ്പെന്‍സ് ആണ്. റൂബൻ വർക്കി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. സൂരജ്(കോൺസ്റ്റബിൾ സ്പെഷ്യൽ സ്ക്വാഡ്), സൂസൻ അന്ന റോയ്, ആൻസി, ചിത്ര(സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസർ), ആന്റണി തുടങ്ങിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

ആലപ്പുഴയിൽ വച്ച് റൂബന് ഒരപകടം സംഭവിക്കുന്നുണ്ട്. ഇതോടെ രണ്ട് വർഷത്തോളം കോമയിലായ റൂബൻ തിരികെ ജീവിതത്തിലേക്ക് എത്തുന്നത് ഒരു സൂപ്പർ പവറുമായിട്ടാണ്. തന്റെ ചുറ്റുമുള്ള എത്ര ചെറിയ ശബ്ദങ്ങളും കേൾക്കാൻ കഴിയും എന്നതാണ് അത്. ഇതിന് പിന്നാലെ എന്തൊക്കെയാണ് റൂബന്റെ ജീവിതത്തിൽ നടക്കുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരുവശത്ത് റൂബന് ലഭിച്ച അസാധാരണമായ കേൾവിശക്തിയെ കുറിച്ച് പറയുമ്പോൾ, മറുവശത്ത് പൊലീസിനെ വട്ടം കറപ്പിക്കുന്നൊരാളുടെ കഥയുമാണ് ആദ്യപകുതി മുന്നോട്ട് പോകുന്നത്. രണ്ടാം പകുതിയിൽ കഥ കൂടുതൽ ഇന്‍ട്രസ്റ്റിംഗ് ആകുകയും ക്ലൈമാക്സിലേക്ക് പോകുന്തോറും ആകാംഷ നിലനിർത്തുകയും ചെയ്യുന്നുണ്ട്. അതിൽ തിരക്കഥാകൃത്ത് കൂടിയായ നിലീൻ സാന്ദ്ര കയ്യടി അർഹിക്കുന്നുണ്ട്. സാധാരണയായി ഇത്തരമൊരു കോൺസെപ്റ്റിനെ കോമഡിയിലേക്ക് കൂടി കൊണ്ടുപോകാമെങ്കിലും, അതിനെ വളരെ സീരിയസായും ഗ്രൗണ്ടഡായുമാണ് നിലീൻ സമീപിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിളി'ൽ എടുത്തുപറയേണ്ടത് അഭിനേതാക്കളുടെ പ്രകടനമാണ്. പ്രത്യേകിച്ച് സംഗീതിന്റേയും ഷറഫുദ്ദീന്റേയും. ഇരുവരും അവരുടെ പതിവ് ഇമേജിൽ നിന്ന് മാറിയുള്ള കഥാപാത്രങ്ങളിലാണ് എത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. റൂബനായി സംഗീതും സൂരജ് ആയി ഷറഫുദ്ദീനും ഗംഭീരപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അസാമാന്യമായ കേൾവിശക്തി ലഭിക്കുമ്പോൾ ഒരു മനുഷ്യന് എന്തെല്ലാം പ്രശ്നങ്ങളും അസ്വസ്ഥതകളും നേരിടേണ്ടി വരുമെന്നത് യാതൊരുവിധ ഏച്ചുകെട്ടലുകളും ഇല്ലാതെ അവതരിപ്പിച്ച്, ആ അതിജീവനം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ സംഗീതിന് സാധിച്ചുവെന്നത് ചെറുതല്ലാത്തൊരു കാര്യമാണ്. താനൊരു നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള ആക്ടർ ആണെന്ന് സംഗീത് പ്രൂവ് ചെയ്തുവെന്ന് അര്‍ത്ഥം.

സൂസൻ അന്ന റോയിയായി അഖില ഭാർഗവനും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയൊരു ശബ്ദം പോലും കേൾക്കാൻ കഴിയുന്ന റൂബൻ നേരിടുന്ന വെല്ലുവിളികൾ സൗണ്ട് എഫക്ട്സിന്റെ സഹായത്തോട വളരെ മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അണിയറപ്രവർത്തകർ എത്തിച്ചിട്ടുണ്ട്. സിനിമയുടെ നട്ടെല്ലും ഈ സൗണ്ട് എഫക്ടും സൗണ്ട് മിക്സിങ്ങും തന്നെയാണ്. അഖിൽ സേവ്യർ(ഛായാഗ്രഹണം), രാകേഷ് ചെറുമഠം(എഡിറ്റർ), മുജീബ് മജീദ്(സംഗീതം), നിക്സൺ ജോർജ്(സൗണ്ട് ഡിസൈൻ) എന്നിവരും വലിയ കയ്യടി അർഹിക്കുന്നുണ്ട്. ആകെമൊത്തതിൽ രസകരമായും കൗതുകത്തോടും ആകാംക്ഷയോടും കണ്ടിരിക്കാവുന്നൊരു എന്റർടെയ്നറാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ'. ഒപ്പം മലയാള സിനിമയ്ക്ക് പുതിയൊരു പരീക്ഷണ ചിത്രവും.



