Latest Videos

വേറിട്ട വഴിയേ 'എല്‍എല്‍ബി'; ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് റിവ്യൂ

By Web TeamFirst Published Feb 2, 2024, 3:46 PM IST
Highlights

ഫറൂഖ് എസിപിയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമായ എ എം സിദ്ദിഖ്

ശ്രീനാഥ് ഭാസി, വിശാഖ് നായര്‍, അശ്വത് ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എ എം സിദ്ദിഖ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് എല്‍എല്‍ബി. ടൈറ്റിലും താരനിരയുമൊക്കെ കാണുമ്പോള്‍ ഇതൊരു ക്യാമ്പസ് ചിത്രമാണെന്ന തോന്നലാവും പ്രേക്ഷകരില്‍ ഉണ്ടാവുക. ക്യാമ്പസ് പശ്ചാത്തലമാവുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും അത്തരത്തില്‍ ഒരു ചിത്രമല്ല. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് എന്നതിന്‍റെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ പേരായ എല്‍എല്‍ബി. ഒരു സാധാരണ ക്യാമ്പസ് ചിത്രമെന്ന നിലയില്‍ ആരംഭിച്ച് വേറിട്ട വഴികളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇവിടെ സംവിധായകന്‍.

സിബി, സല്‍മാന്‍ എന്നീ സുഹൃത്തുക്കള്‍ എല്‍എല്‍ബി വിദ്യാര്‍ഥികളായി ഒരു കോളെജില്‍ പഠനം ആരംഭിക്കുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലുമൊക്കെ മറ്റേത് യുവാക്കളെയും പോലെ കോളെജില്‍ ഇടപഴകുന്ന അവര്‍ക്ക് പുതുതായി അവിടെ ചേരുന്ന സഞ്ജു എന്ന മറ്റൊരാളെക്കൂടി സുഹൃത്തായി ലഭിക്കുന്നു. ഒരു വാടക വീട്ടില്‍ ഒരുമിച്ച് താമസമാരംഭിക്കുമ്പോള്‍ തന്നില്‍ നിന്ന് മറ്റിരുവരും എന്തോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതായി സഞ്ജുവിന് തോന്നുകയാണ്. ഏറെ വൈകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവരുടെ യഥാര്‍ഥ ജീവിതകഥ പറഞ്ഞുതുടങ്ങുകയാണ് സംവിധായകന്‍. സിബിയായി ശ്രീനാഥ് ഭാസിയും സല്‍മാനായി വിശാഖ് നായരും സഞ്ജുവായി അശ്വത് ലാലും എത്തുന്നു.

 

ഒരു സാധാരണ ചിത്രം പോലെ ആരംഭിക്കുന്ന സമയത്തും കനപ്പെട്ടത് എന്തോ വരാനിരിക്കുന്നുവെന്ന തോന്നല്‍ ഉളവാക്കാന്‍ സംവിധായകന്‍ എ എം സിദ്ദിഖിന് കഴിഞ്ഞിട്ടുണ്ട്. അനാവശ്യമായ കഥാവഴികളിലേക്കോ സബ് പ്ലോട്ടുകളിലേക്കോ പോകുന്നില്ല എന്നതാണ് തിരക്കഥയിലെ പ്ലസ്. അതിനാല്‍ പ്രേക്ഷകരുടെ ശ്രദ്ധയെ ഒരിടത്തും മുറിക്കാതെ കൂടെക്കൂട്ടുന്നുണ്ട് ചിത്രം. മൂന്ന് കേന്ദ്ര കഥാപാത്രങ്ങള്‍ക്കൊപ്പം ചിത്രത്തിലെ ശ്രദ്ധേയ കാസ്റ്റിംഗ് സുധീഷ്, കോട്ടയം രമേശ്, ശ്രീജിത്ത് രവി, സീമ ജി നായര്‍, അനൂപ് മേനോന്‍ എന്നിവരുടേതാണ്. ബിഗ് ബോസ് മുന്‍ താരം നാദിറ മെഹ്‍റിനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷത്തില്‍ എത്തിയിട്ടുണ്ട്. 

 

ഫൈസല്‍ അലിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. കഥ ആവശ്യപ്പെടുന്നതെന്തോ കെട്ടുകാഴ്ചകളൊന്നുമില്ലാതെ അത് നല്‍കിയിട്ടുണ്ട് ഫൈസലിന്‍റെ ഫ്രെയ്‍മുകള്‍. അതുല്‍ വിജയ് ആണ് എഡിറ്റര്‍. ബിജിബാലും കൈലാസും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ഭേദപ്പെട്ട ഗാനങ്ങളാണ് ചിത്രത്തിലേത്. കഥ പറച്ചിലിനെ മുറിക്കാതെയാണ് ചിത്രത്തില്‍ അവയുടെ കടന്നുവരവുകളും. പൊലീസ് മേഖലയില്‍ നിന്ന് തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമൊക്കെ മുന്‍പ് എത്തിയിട്ടുണ്ടെങ്കിലും ഒരു സംവിധായകന്‍ മലയാളത്തില്‍ ആദ്യമാണ്. ഫറൂഖ് എസിപിയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമായ എ എം സിദ്ദിഖ്.

ALSO READ : പ്രീ ബുക്കിം​ഗില്‍ 'വാലിബനെ' പിന്നിലാക്കുമോ? മോഹന്‍ലാലിന് പിന്നാലെ വന്‍ ആ​ഗോള റിലീസിന് മമ്മൂട്ടിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!