Latest Videos

കണ്ടില്ലെങ്കിൽ വലിയ നഷ്ടം... ഓപ്പറേഷൻ ജാവയല്ല, ഇത് ആകെ മൊത്തം വേറൊരു സിനിമ; സൗദി വെള്ളക്ക റിവ്യൂ

By Muralidharan AKFirst Published Dec 2, 2022, 2:21 PM IST
Highlights

ഓപ്പറേഷൻ ജാവയല്ല, ഇത് ആകെ മൊത്തം വേറൊരു സിനിമ; സൗദി വെള്ളക്ക റിവ്യൂ
 

ലതരം കോടതി വ്യവഹാരങ്ങളാൽ സമ്പുഷ്ടമാണ് അടുത്ത കാലത്തെ മലയാള സിനിമകൾ. എങ്ങനെയും കേസ് ജയിക്കാൻ വേണ്ടി കക്ഷികൾ കഷ്ടപ്പെടുന്ന പതിവ് കാഴ്ചകൾക്കിടയിൽ ഇതുവരെ കാണാത്ത തരം കക്ഷികളെയും സമീപനങ്ങളെയുമാണ് 'സൗദി വെള്ളക്ക' എന്ന ചിത്രത്തിൽ തരുൺ മൂര്‍ത്തി പരിചയപ്പെടുത്തുന്നത്. ലുക്മാൻ, ഗോകുലൻ, ബിനു പപ്പു, വിൻസി അലോഷ്യസ് എന്നിങ്ങനെ പോകുന്നു 'സൗദി വെള്ളക്ക'യിലെ താരനിര. പ്രശസ്തരും അല്ലാത്തവരുമായി കുറച്ചധികം പേര്‍ വന്ന് പോകുന്ന സിനിമയിൽ ഷോ സ്റ്റീലര്‍ എന്ന് വിളിക്കേണ്ടത് ലീഡ് റോളായ ആയിഷ റാവുത്തറെ അവതരിപ്പിച്ച ദേവി വര്‍മയെയാണ്.

കുഞ്ഞുമോനെന്ന ഒൻപതുകാരൻ സിക്സറിന് പറത്തിയ വെള്ളക്ക, റേഷൻ കടയിൽ നിന്നും മണ്ണെണ്ണ വാങ്ങി തിരിച്ച് വരുന്ന ആയിഷ റാവുത്തറുടെ തലയിൽ കൊള്ളുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സൗദി വെള്ളക്ക പറയുന്നത്. അതീവ സാധാരണമെന്ന് തോന്നിപ്പിക്കുന്ന ഒരു അയൽവക്ക വഴക്കിൽ നിന്നും ഒരു തല്ലിലേക്കും പൊലീസ് കേസിലേക്കും വര്‍ഷങ്ങൾ നീളുന്ന കോടതി വ്യവഹാര രംഗങ്ങളിലേക്കും വളരുന്ന സിനിമയെ, ഏതാണ്ട് മുഴുവൻ സമയത്തും മുന്നോട്ട് കൊണ്ടുപോകുന്നത് ആയിഷ റാവുത്തറാണ്. സിനിമയിൽ പറയുന്നത് പോലെ, വളരെ അപൂര്‍മായി മാത്രമാണ് ആയിഷ റാവുത്തറുടെ മുഖത്ത് ഒരു ചിരി കാണാൻ കിട്ടുന്നത്. ആ ചിരിയാവട്ടെ, സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്തും അതേപോലെ കാണാം. 

കുഞ്ഞുമോനെന്ന പ്രധാനറോളിലെത്തുന്ന ലുക്മാനും കുഞ്ഞുമോൻ 'തേച്ച' മുൻകാമുകിയായി വിൻസി അലോഷ്യസും അഡ്വക്കേറ്റുമാരായി സിദ്ധാര്‍ഥ് ശിവ, ഗോകുലൻ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു. രണ്ടേ രണ്ട് സീനിൽ വരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് വരെ ശ്രദ്ധ കിട്ടുന്ന തരത്തിലുള്ള കഥാപാത്ര നിര്‍മിതിയാണ് ചിത്രത്തിലുള്ളത്. മഹേഷിന്റെ പ്രതികാരത്തിൽ ജിംസനായി വന്ന് മിന്നിത്തിളങ്ങിയ സുജിത് ശങ്കറിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ വേഷമാകും സൗദി വെള്ളക്കയിലെ സത്താര്‍ എന്ന് നിസംശയം പറയാനാകും.

ഒരു വശത്ത് ഉമ്മയോടുള്ള സ്നേഹവും മറുവശത്ത്  ഭാര്യയുടെ പരാതികളും തന്റെ പരിമിതികളും കൊണ്ട് നിസഹായനായി പൊട്ടിക്കരയുന്ന സത്താര്‍, സുജിത്തിലെ നടനെ അടയാളപ്പെടുത്താൻ പോന്ന കഥാപാത്രമാണ്. സത്താറിന്റെ ഭാര്യ നസീമയായി ധന്യ അനന്യയും കൂട്ടുകാരനായി ബിനു പപ്പുവും മിനിമം ഗ്യാരണ്ടി പ്രകടനം പുറത്തെടുക്കുന്നുണ്ട്.

അഭിഭാഷകര്‍, റിട്ടയേര്‍ഡ് മജിസ്‌ട്രേറ്റുമാര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന് തരുൺ മൂര്‍ത്തി തന്നെ നേരത്തെ സൂചിപ്പിച്ചിരുന്നു. അതിന്റെ ഒരു മികവ് സിനിമയിൽ കാണാനുമുണ്ട്. ഗോവയിൽ ഈയിടെ സമാപിച്ച അന്താരാഷ്ട്ര ചലചിത്രമേളയില്‍ വളരെയധികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവ പോലൊരു ത്രില്ലർ സിനിമ ആയിരിക്കില്ല ഈ ചിത്രം, ഇത് നിങ്ങളെ സന്തോഷിപ്പിക്കും എന്നാണ് സംവിധായകനായ തരുൺ മൂര്‍ത്തി സൗദി വെള്ളക്കയെക്കുറിച്ച് പറഞ്ഞത്. 

തരുൺ മൂര്‍ത്തി പറഞ്ഞ ഒരു കാര്യം അച്ചട്ടാണ്. ഇത് ഓപ്പറേഷൻ ജാവയല്ല. തികച്ചും വ്യത്യസ്തമായ അച്ചിൽ വാര്‍ത്ത മറ്റൊരു ചിത്രമാണ് 'സൗദി വെള്ളക്ക'. ട്രെയ്ലറിലും പ്രമോഷൻ രീതികളിലും മാത്രമല്ല, പറയുന്ന വിഷയത്തിലും ട്രീറ്റ്മെന്‍റിലും അഭിനേതാക്കളുടെ പ്രകടനത്തിലും ഈ പുതുമ കാണാം. സിനിമ സന്തോഷിപ്പിക്കുമോ എന്ന് ചോദിച്ചാൽ സന്തോഷിപ്പിക്കും. ഒപ്പം കണ്ണ് നനയിക്കുകയും ചെയ്യും. ഇടക്ക് സന്തോഷവും ഇടക്ക് സങ്കടവും ഡാര്‍ക്ക് ഹ്യൂമറും മറ്റുമായി 'സൗദി വെള്ളക്ക' എന്ന സോഷ്യൽ ഡ്രാമയ്ക്ക് തിരശ്ശീല വീഴുമ്പോള്‍, തീയറ്ററിൽ മുഴങ്ങിയ കയ്യടികൾ സാക്ഷ്യം പറയും, ഉര്‍വശി തീയറ്റേഴ്സ് അവതരിപ്പിക്കുന്ന 'സൗദി വെള്ളക്ക'യെ അക്ഷരം തെറ്റാതെ വിളിക്കാം, ഒരു ഫീൽഗുഡ് എന്റര്‍ടെയ്നര്‍ എന്ന്.

Read More: അടിമുടി അല്‍ഫോണ്‍സ് പുത്രൻ സിനിമ, 'ഗോള്‍ഡ്' റിവ്യു

click me!