നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചത്താ പച്ച, മലയാളത്തിലെ ആദ്യ ഡബ്ല്യുഡബ്ല്യുഇ സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമാണ്
മലയാളത്തിലെ ആദ്യത്തെ ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രമാണ് നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച. പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രവും ഇത് തന്നെ. പ്രതീക്ഷ പുലര്‍ത്താനാവുന്ന ടീസറിനും ട്രെയ്‍ലറിനുമൊപ്പം ഹൈപ്പ് ഉയര്‍ത്തിയ മറ്റൊരു ഘടകം ചിത്രത്തിലെ അതിഥിതാരമായുള്ള മമ്മൂട്ടിയുടെ സാന്നിധ്യം ആയിരുന്നു. ആക്ഷന്‍ കോമഡി എന്‍റര്‍ടെയ്നര്‍ എന്ന നിലയില്‍ മലയാളത്തിലെ ഒരു മൈല്‍സ്റ്റോണ്‍ ഫിലിം ആയേക്കാമെന്ന പ്രതീക്ഷ ഉണര്‍ത്തി എത്തിയ ചത്താ പച്ചയുടെ കാഴ്ചാനുഭവം എങ്ങനെയെന്ന് നോക്കാം.
ചത്താ പച്ച: റിംഗ് ഓഫ് റൗഡീസ് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. കൊച്ചിയുടെ ഗുസ്തി പാരമ്പര്യം സിരകളിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചുറ്റുവട്ടത്തും ഒപ്പം ടെലിവിഷനിലും (വേള്‍ഡ് റെസ്‍ലിംഗ്) കുട്ടിക്കാലത്ത് ഗുസ്തി കണ്ട് വളര്‍ന്ന അവരുടെ ജീവിതശൈലിയും സമീപനവുമൊക്കെ രൂപീകരിച്ചത് തന്നെ ഈ കായികവിനോദത്തോടുള്ള അഭിനിവേശമാണ്. മുതിര്‍ന്നപ്പോള്‍ പലവഴി ചിതറിപ്പോയ അവരെ ഒരു ഘട്ടത്തില്‍ അവര്‍ക്ക് ജീവിതത്തില്‍ ഏറ്റവും പ്രിയമുള്ള കാര്യം തന്നെ ഒന്നിപ്പിക്കുകയാണ്. വേള്‍ഡ് റെസ്‍ലിംഗ് സ്റ്റൈലില്‍ കൊച്ചിയുടെ ഗുസ്തി പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു ഷോ അരങ്ങേറിയാല്‍ എങ്ങനെയുണ്ടാവും? പങ്കെടുക്കുന്ന പ്രധാനികള്‍ക്ക് ജീവിതം തന്നെ സന്നിഗ്ധ ഘട്ടങ്ങളിലാണ് എന്നതിനാല്‍ മത്സരത്തിന്‍റെ വീറും വാശിയും ഉയരെയാണ്. അവര്‍ ജീവന്‍ പണയം വച്ചും നടത്തുന്ന റെസ്‍ലിംഗ് ഷോ പ്രധാന ഹൈലൈറ്റ് ആവുന്ന ചിത്രത്തിന് ചത്താ പച്ച എന്ന ടൈറ്റില്‍ അത്രയും അനുയോജ്യമാണ്.
‘ലോക്കോ ലോബോ’യും മറ്റുള്ളവരും
പ്രധാന കഥാപാത്രങ്ങളായ ലോക്കോ ലോബോ എന്ന് വിളിപ്പേരുള്ള സാവിയോയുടെയും (അര്‍ജുന്‍ അശോകന്‍) വെട്രിയുടെയും (റോഷന്‍ മാത്യു) ലിറ്റില്‍ എന്ന തോമസിന്‍റെയും (ഇഷാന്‍ ഷൗക്കത്ത്) ചെറിയാന്‍റെയും (വിശാഖ് നായര്‍) കുട്ടിക്കാലം കാണിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ മൂഡ് സംവിധായകന്‍ സെറ്റ് ചെയ്യുന്നത്. ഒപ്പം ദീര്‍ഘകാലത്തിന് ശേഷം നാട്ടിലേക്ക് എത്തുന്ന ലിറ്റിലിലൂടെ കേന്ദ്ര കഥാപാത്രമായ സാവി എന്ന് പ്രിയമുള്ളവര്‍ വിളിക്കുന്ന സാവിയോയടെയും നാം അടുത്ത് പരിചയപ്പെടുന്നു. സാവിയിലൂടെയാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെയൊക്കെ നാം അടുത്തറിയുന്നത്. പ്രധാന കഥാപാത്രങ്ങളുടെയൊക്കെ ജീവിതം ഒരു റെസ്‍ലിംഗ് റിംഗിനെ ചുറ്റിപ്പറ്റി മുന്നോട്ട് പോകുന്ന ചിത്രം പശ്ചിമ കൊച്ചിയാണ് പശ്ചാത്തലമാക്കുന്നതെങ്കിലും യാഥാര്‍ഥ്യത്തില്‍ നിന്നും അല്‍പം വേറിട്ട് നില്‍ക്കുന്ന പ്രമേയ പരിസരത്തിനായി ഒരു വേള്‍ഡ് ബില്‍ഡിംഗ് തന്നെ നടത്തിയിട്ടുണ്ട് സംവിധായകന്‍ അദ്വൈത് നായര്‍. അത് അങ്ങേയറ്റം വിശ്വസനീയതയോടെയും എന്റര്ടെയ്നിംഗുമായി ചെയ്യാനായി എന്നത് ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അഭിമാനിക്കാനുള്ള വകയാണ്.
അല്‍ഫോന്‍സ് പുത്രനെപ്പോലെ അപൂര്‍വ്വം സംവിധായകരില്‍ മാത്രം കണ്ടിട്ടുള്ള അത്രയും ഇമ്മേഴ്സീവ് ആയ ഫിലിം മേക്കിംഗ് ആണ് അദ്വൈത് നായരുടേത്. സ്ക്രീനില്‍ തെളിയുന്ന ആദ്യ ഫ്രെയിമിലൂടെത്തന്നെ കാണികളെ ഹുക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട് ചിത്രത്തിന്. കഥാപാത്രങ്ങളെയും പശ്ചാത്തലവുമൊക്കെ പരിചയപ്പെടുത്താന്‍ അല്‍പം സമയമെടുക്കുന്ന ചിത്രം പതിയെ അതിന്‍റെ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ട്രാക്കിലേക്ക് കടക്കുന്നു. പിന്നീട് എന്‍ഡ് ക്രെഡിറ്റ്സ് വരെയും ചിത്രം കാണിയെയും കൈയിലെടുത്തുകൊണ്ട് ഒരു പാച്ചിലാണ്. ആക്ഷന്‍ ചിത്രീകരണത്തിലും അതിന്‍റെ കൊറിയോഗ്രഫിയിലും ഇത്രയും എഫര്‍ട്ട് കൊടുത്തിട്ടുള്ള മലയാള ചിത്രങ്ങള്‍ നന്നേ കുറവായിരിക്കും. അതിന്‍റെ ഗുണം സ്ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്നുമുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി. അഡീഷണല്‍ സിനിമാറ്റോഗ്രാഫര്‍മാരില്‍ മലയാളത്തിലെ മറ്റ് രണ്ട് മുന്‍നിര പേരുകാരുമുണ്ട്. ജോമോന്‍ ടി ജോണും സുദീപ് ഇളമണും ആണ് അത്.
കാസ്റ്റിംഗ് മികവ്
ചിത്രത്തിന്‍റെ കാസ്റ്റിംഗും പ്രധാന അഭിനേതാക്കള്‍ എടുത്തിട്ടുള്ള എഫര്‍ട്ടും എടുത്ത് പറയണം. ഇതുവരെ കാണാത്ത തരത്തില്‍ റോഷന്‍ മാത്യുവിനെയും വിശാഖ് നായരെയുമൊക്കെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തങ്ങളുടെ കഥാപാത്രങ്ങള്‍ക്കു വേണ്ടി അവര്‍ ശരീരം അത്രയും ഒരുക്കിയെടുത്തിട്ടുണ്ട്. അതിനാല്‍ത്തന്നെ റിംഗിലെ ആക്ഷന്‍ രംഗങ്ങള്‍ അത്രത്തോളം വിശ്വസനീയവുമാകുന്നു. പ്രധാന കാസ്റ്റിംഗ് എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുമ്പോഴും കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിക്കുന്നത് റോഷന്‍ മാത്യുവിന്‍റെ വെട്രിയും വെട്രിയുടെ മകള്‍ റോസ് ആയി എത്തുന്ന വേദിക ശ്രീകുമാറുമാണ്. നരേഷന്‍റെ കേന്ദ്ര സ്ഥാനത്ത് പലപ്പോഴും നില്‍ക്കേണ്ടിവരുന്ന റോസിനെ വേദിക ഗംഭീരമാക്കിയിട്ടുണ്ട്. എന്ന് മാത്രമല്ല, പലപ്പോഴും ഈ ചൈല്‍ഡ് ആര്‍ട്ടിസ്റ്റ് സീനുകളെ ഷോള്‍ഡര്‍ ചെയ്യുന്ന കാഴ്ചയും ചിത്രത്തിലുണ്ട്. മമ്മൂട്ടിയുടെ വാള്‍ട്ടറിന്‍റെ ഇന്‍ട്രോയ്ക്ക് തിയറ്ററില്‍ ലഭിക്കുന്ന കൈയടി അദ്ദേഹത്തോട് തലമുറകള്‍ക്കുള്ള സ്നേഹാദരവിന്‍റെ ഏറ്റവും പുതിയ കാഴ്ചയാവുന്നു.
കലൈ കിംഗ്സണ് ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ക്കുകളില്‍ ഒന്നായി ഇനി ചത്താ പച്ചയും ഉണ്ടാവും. മികച്ച ആക്ഷന്‍ കൊറിയോഗ്രഫിക്കൊപ്പം മികച്ച ഛായാഗ്രഹണവും ചേരുമ്പോള്‍ ഗംഭീര അനുഭവമാണ് സ്ക്രീനില്‍. ഒപ്പം അതിന് ചേരുന്ന പശ്ചാത്തല സംഗീതവും സൗണ്ട് ഡിസൈനും. മുജീബ് മജീദ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. അതിഗംഭീര ഫ്രെയ്മുകളുള്ള ചിത്രത്തിന്‍റെ അനുഭവത്തെ വീണ്ടും ലിഫ്റ്റ് ചെയ്യുന്നുണ്ട് മുജീബ് മജീദിന്‍റെ സംഗീതം. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീമിന്‍റെ മലയാളം അരങ്ങേറ്റം എന്ന നിലയിലും പ്രീ റിലീസ് ശ്രദ്ധ നേടിയ ചിത്രമാണിത്. പാട്ടുകള്‍ ചിത്രത്തിന്‍റെ മൂഡിനോട് ചേര്‍ന്ന് നില്‍ക്കുന്നതും മനോഹരവുമാണ്. സമീപകാലത്ത് മലയാള സിനിമ നടത്തിവരുന്ന അംബീഷ്യസ് ആയ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ചത്താ പച്ച. തിയറ്റര്‍ അനുഭവം അത്രയും ഡിമാന്‍ഡ് ചെയ്യുന്ന ചിത്രം.



