യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത

Published : Nov 29, 2025, 06:14 PM IST
Film Riview_No Other choice

Synopsis

ഇരുപത്തിയഞ്ചു വർഷമായി നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടാൽ എന്താകും സംഭവിക്കുന്നത്; നോ അദർ ചോയ്സ് തുറന്നുവെക്കുന്നത് അത്തരമൊരു ചോദ്യവും അനന്തരഫലവുമാണ്

“Capitalism is the worst friend of humanity” 
 Evo Morales

ഇരുപത്തിയഞ്ചു വർഷമായി നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടാൽ എന്താകും സംഭവിക്കുന്നത്; മാനസികനില തെറ്റുമോ? ഭ്രാന്ത് പിടിക്കുമോ? കുടുംബത്തിൽ ഒറ്റപെടുമോ? എന്നാൽ ഇതെല്ലം സംഭവിച്ചിരിക്കുകയാണ് യു മാൻ സു എന്ന കൊറിയയിലെ മധ്യവയസ്കന്. നിലനില്‍പ്പിന്‍റെ അവസാന പിടിവള്ളിയായ ജോലി വേണമെങ്കിൽ എതിരാളികളെല്ലാം ശത്രുക്കളായിമാറും. വിശ്വവിഖ്യാത സംവിധായകനായ പാർക്ക് ചാൻ വൂകിന്‍റെ പുതിയ സിനിമയായ No Other choice (2025) എന്ന സിനിമയിലെ നായകന്‍റെ അവസ്ഥയിലൂടെയാണ് ഈ നൂറ്റാണ്ടിലേയും പോയ നൂറ്റാണ്ടിലേയും മനുഷ്യർ സഞ്ചരിച്ചിരുന്നത്. പ്രണയത്തിനുവേണ്ടി ഏതറ്റം വരെയും പോകുന്നവർ ജോലിക്കുവേണ്ടി ഏതറ്റംവരെയും പോകുമോയെന്ന് കണ്ടറിയണം ഈ സിനിമയിലൂടെ. ഡൊണാൾഡ് വെസ്റ്റ്ലെകിന്‍റെ 1997 ൽ പുറത്തിറങ്ങിയ ദി അക്സ്( The Ax) എന്ന നോവലിനെ അവലംബിച്ചാണ് പാർക്ക് ചാൻ വൂക് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. ഓൾഡ് ബോയ് (2003) എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകന്‍ നോ അദർ ചോയ്‌സിലൂടെ വീണ്ടും പ്രേക്ഷകരെ പിടിച്ചുലക്കുന്നുണ്ട്. 2025 ലെ വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് സിനിമയുടെ ആദ്യപ്രദർശനം നടത്തിയത്.

ഇരുപത്തിയഞ്ചുകൊല്ലമായി മാൻ സു ഒരു പേപ്പർ ഫാക്ടറി കമ്പനിയിലെ പുരസ്കാരജേതാവായ തൊഴിലാളിയാണ്. അമേരിക്കൻ മുതലാളിമാർ കമ്പനി ഏറ്റെടുത്തപ്പോൾ മാൻ സു ഉൾപ്പെടെ നിരവധി തൊഴിലാളികളെ പുറത്താക്കി. ഇരുപത്തിയഞ്ചു കൊല്ലാത്തെ ജോലിയുടെ വില ഒരു ദിവസത്തിലേക്ക് ഒതുങ്ങിപോയി. പുറത്താക്കുക എന്നാൽ തലവെട്ടുന്നതിനു തുല്യമാണെന്ന് മാൻ സു അമേരിക്കൻ മുതലാളിമാരെ കണ്ട് പറയുമ്പോൾ അവർ പറയുന്നത് വേറെ വഴിയില്ല (No Other Choice) എന്നാണ്. ശേഷം സിനിമയിൽ നായകൻ ജീവവായുപോലെ ഈ വാക്ക് ഉരുവിടുന്നു. വേറെ വഴിയില്ല.... വേറെ വഴിയില്ല.... വേറെ വഴിയില്ല.... ജോലിയിൽ നിന്ന് പുറത്തായ മാൻ സുവിന് ജീവിതത്തിൽ നിന്നുകൂടെ പുറത്തായ അവസ്ഥയാണ്. മധ്യവർഗ കുടുംബത്തിലെ എല്ലാതരം സുഖലോലുപതയും അയാൾക്ക് നഷ്ടമാകുന്നു. സിനിമയുടെ ആദ്യ രംഗം കുടുംബത്തിനുള്ളില്‍ ഒരു പുരുഷൻ എത്രമാത്രം സന്തുഷ്ടനും സന്തോഷവാനുമാണെന്ന് കാണിക്കുന്നതാണ്. സാമ്പത്തല്ല പ്രധാനം സമാധാനമടങ്ങിയ കുടുംബമാണ് എന്നാണയാൾ വിശ്വസിച്ചുപോന്നിരുന്നത്. എന്നാല്‍ ജോലി നഷ്ട്ടമാകുന്നതോടെ തന്‍റെ ചിന്തയും തെറ്റായിരുന്നു എന്ന് മാന്‍ സു മനസിലാക്കുന്നു. സമ്പത്തുണ്ടെങ്കിലെ മനുഷ്യന് കുടുംബത്തിൽ സന്തോഷവും സുരക്ഷിതത്വ ബോധവും നിലനില്‍ക്കുകയുള്ളൂ. തന്‍റെ ബാല്യകാല ഓർമകൾ പേറുന്ന വീട്, ഭാര്യയുടെ സ്പോർട്സ് ക്ലാസുകൾ, കുട്ടികൾ ഓമനിച്ചു വളർത്തിയ നായ്ക്കൾ, നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ ഇങ്ങനെ ബാഹ്യമായതെല്ലാം ആദ്യപടിയായി നഷ്ടപ്പെട്ട് തുടങ്ങുന്നു. ഇത് എല്ലാം “സ്ഥിര വരുമാനം” എന്ന ബലൂണിലായിരുന്നു തൂങ്ങി നിന്നത്. ഒറ്റപ്പെടൽ, കുറ്റപ്പെടുത്തൽ, സംശയം, അനിശ്ചിതത്വം എല്ലാം സാമ്പത്തില്ലാത്ത ജീവിതത്തിലെ മാളത്തിൽ നിന്ന് തലപൊക്കുന്നു. ഒരു മനുഷ്യന് (പുരുഷന്) വേണ്ട ആന്തരികമായത് നഷ്ടപെടുന്നതിനു മുൻപ് അയാൾ വേറെ വഴിയില്ലാതെ മറ്റൊരു പ്രവർത്തി ചെയ്യുകയാണ്. തന്‍റെ ജോലിയിൽ തന്നേക്കാൾ മികച്ചതായി ആരെല്ലാമാണോ ഉള്ളത് അവരെയെല്ലാം വകവരുത്തിയാൽ താൻ ആഗ്രഹിച്ച ജോലി കിട്ടും. തന്നെക്കാൾ കഴിവും യോഗ്യതയുമുള്ള മനുഷ്യരെ കൊല്ലാൻ അയാൾ പദ്ധതിയിടുന്നു. വിയറ്റ്നാം യുദ്ധത്തിലെ സൈനികനായ അച്ഛന്‍റെ തോക്കാണ് അയാളുടെ ആയുധം. ചാപ്ലിന്‍റെ മോഡേൺ ടൈംസ്, ബോങ് ജൂ ഹോയുടെ പാരാസൈറ്റ് മുതലായ സിനിമകൾ ഈ സിനിമ കാണുമ്പോൾ ഓർമയിലേക്ക് വരും.

ഈ ചെറിയ കഥയിൽ ഒതുങ്ങുന്നതല്ല നോ അദർ ചോയ്സ്. മാൻ സുവിന്‍റെ ഭാര്യ, മകൻ, അയാൾ കൊല്ലാൻപോകുന്ന മനുഷ്യർ അങ്ങനെ നിരവധിപടലം സിനിമയിലുണ്ട്. സിനിമ മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾ ഈ മുതലാളിത്ത ലോകത്തിൽ ജീവിക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം എന്നാണ്. നിങ്ങൾക്ക് നേരിൽ പരിചയമില്ലാത്തവർ നിങ്ങളുടെ ശത്രുവാകുന്നു, അയാളെ നിങ്ങൾക്ക് അറിയണമെന്നുപോലുമില്ല. തൊഴിലിൽ മികവില്ലാത്തവരും ഈ ലോകത്തെ അർഹിക്കുന്നവരാണെന്ന് സിനിമയിലെ അവസാന രംഗത്തിൽ മാനേജർ ആയി നിൽക്കുന്ന മാൻ സുവില്‍ നിന്ന് മനസിലാക്കാം. 'മികച്ച'വർക്ക് ചെയ്യാൻ പറ്റുന്നത് അയാളവിടെ ചെയ്യുന്നു. എല്ലാം AI നിർമിക്കുന്ന/ നിയന്ത്രിക്കുന്നകാലത്ത് മാൻ സുവിന്‍റെ ജോലി എല്ലാം നോക്കിക്കൊണ്ടു നടത്തുന്നതാണ്. ജോലികിട്ടുന്ന ഫാക്ടറിയിൽ അയാൾ തനിച്ചാണ്. നിർമിതബുദ്ധിയെല്ലാം ഏറ്റെടുത്തുകഴിഞ്ഞു. ഈ കാലത്തിൽ മധ്യവയസിലെത്തയവർ നേരിടുന്ന പ്രശ്നമാണ് പുതിയ കാലത്തിന്‍റെ രീതികളിലേക്ക് ചേക്കേറുന്നതിനുള്ള പ്രതിസന്ധികൾ. നമ്മുടെ സാമൂഹിക സാഹചര്യത്തിൽ തന്നെ ഇതെല്ലം വ്യക്തമാണ്. യന്ത്രങ്ങളുടെ രൂപവും ഭാവവും മാറുന്നതനുസരിച്ച് മനുഷ്യരും മാറിയില്ലെങ്കിൽ നിലനിൽപ്പ് നഷ്ടമാകും അല്ലെങ്കിൽ ലോകത്തെ വലിയ ഒറ്റപെടലിലേക്ക് നാം പോകും. മുതലാളിത്ത ലോകത്തിൽ മനുഷ്യത്വം പ്രതീക്ഷിക്കരുതെന്ന് പാർക്ക് ചാൻ വൂക് പറയുന്നു. നമ്മൾ ജീവിക്കുന്ന ലോകത്തിന്‍റെ പരിഛേദം ഒരു കഥയിലൂടെ പറയുകയാണ് നോ അദർ ചോയ്‌സിലിൽ. 2025 ലെ പൂതിയ തൊഴിൽ കോഡ് ഇറങ്ങുന്നതിനു മുന്നെയാണ് സിനിമയിറങ്ങിയത്.

സിനിമ അബ്‌സേർഡ്, ബ്ലാക്ക് കോമഡി എന്ന ജനുസ്സിൽ പെടുത്താവുന്നതാണ്. കാണികൾക്ക് നായകൻ ചെയുന്ന പ്രവർത്തി തമാശയായി തോന്നുമ്പോഴും നായകന്‍റെ കണ്ണിലൂടെ നോക്കി കാണുമ്പോൾ അയാൾ അനുഭവിക്കുന്ന വേദനയും, കുടുംബം പഴയതുപോലെ തിരിച്ചുപിടിക്കാനും നടത്തുന്ന കഷ്ടപ്പാടും ഒരിക്കലും കോമഡിയല്ല. അയാൾ സത്യസന്ധമായി ചെയ്യുന്നതാണ് അതെല്ലാം. സാമൂഹിക വ്യവസ്ഥ (capitalism) ഒരാളെ അതിരുവിട്ട കുറ്റവാളിയാക്കുന്നതെങ്ങനെയെന്ന് സിനിമയിൽ കാണാം. ഒരു സാധാരണക്കാരനെ തൊഴിലിനുവേണ്ടി ഒരു പിശാചാക്കാനും നമ്മുടെ വ്യവസ്ഥയ്ക്ക് കഴിയുന്നുണ്ട്. മെഷിനുകൾ വളരുന്നകാലത്ത് അതിനെ നിയന്ത്രിക്കാൻ മറ്റൊരു മെഷിൻ (AI) നിൽക്കുമ്പോൾ മനുഷ്യർ തൊഴിലിനായി എവിടെപ്പോകും. അവസാനമനുഷ്യനെയും കൊല്ലാൻ തയ്യാറാകുമോ? യന്ത്രങ്ങളെ കൊല്ലാൻ പഠിക്കണോ? യന്ത്രങ്ങളുടെ കാലത്തു മനുഷ്യർ യന്ത്രങ്ങളായിമാറാതെ വേറെ വഴിയെന്താണ്?

 

PREV
Read more Articles on
click me!

Recommended Stories

പട്ടടയിലെ മനുഷ്യരും മൃഗങ്ങളും; 'പെണ്ണും പൊറാട്ടും' റിവ്യു
മറാഠിയിലൊരു ക്വിയര്‍ സിനിമ; കാക്‌ടസ് പിയേഴ്‌സ്- റിവ്യൂ